| Sunday, 16th November 2025, 7:52 pm

ഇതുപോലൊരു പിച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല; ഇന്ത്യയുടെ പരാജയത്തില്‍ പ്രതികരിച്ച് മുന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. മത്സര ശേഷം മുന്‍ ഇന്ത്യ സ്പിന്നര്‍ അനില്‍ കുംബ്ലെയും മുന്‍ പ്രോട്ടിയാസ് പേസര്‍ ഡെയ്ല്‍ സ്റ്റെയ്നും കൊല്‍ക്കത്തയിലെ പിച്ചിനെക്കുറിച്ച് സംസാരിച്ചിരുന്നു.

പിച്ച് വളരെ മോശമായിരുന്നു എന്നായിരുന്നു ഇരുവരുടേയും അഭിപ്രായം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതുപോലൊരു പിച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് അനില്‍ കുംബ്ലെ അഭിപ്രായപ്പെട്ടത്.

‘ഞാന്‍ കൊല്‍ക്കത്തയിലേക്ക് വന്നിട്ട് ഒരുപാട് കാലമായി, ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇതുപോലൊരു പിച്ച് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല,’ ജിയോസ്റ്റാറില്‍ നടന്ന ചര്‍ച്ചയില്‍ അനില്‍ കുംബ്ലെ പറഞ്ഞു.

കുംബ്ലെയെ അനുകൂലിച്ചുകൊണ്ട് സ്റ്റെയ്നും സംസാരിച്ചു. പിച്ച് മോശമാണെന്നും ബാറ്റര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും മുന്‍ പ്രോട്ടിയാസ് പേസര്‍ പറഞ്ഞു.

‘തീര്‍ച്ചയായും മോശം പിച്ചാണിത്. ബാറ്റര്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞില്ല, അവര്‍ക്ക് എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. തെംബ ബാവുമ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ ബാറ്റര്‍മാര്‍ പോലും അടുത്ത പന്തില്‍ പുറത്താകുമെന്ന് ചിന്തിച്ചാണ് കളിച്ചത്,’ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കൊല്‍ക്കത്ത പിച്ചിന് ഒരു പ്രശ്‌നവുമില്ലായിരുന്നു എന്നാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ മത്സര ശേഷം പറഞ്ഞത്.

മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറാണ് ഇന്ത്യക്കായി പിടിച്ച് നിന്നത്. 92 പന്തില്‍ 31 റണ്‍സെടുത്താണ് സുന്ദര്‍ മടങ്ങിയത്. രവീന്ദ്ര ജഡേജ 26 പന്തില്‍ 18 റണ്‍സും അക്‌സര്‍ പട്ടേല്‍ 17 പന്തില്‍ 26 റണ്‍സും എടുത്ത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ സൗത്ത് ആഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു.

പ്രോട്ടീയാസിനായി സൈമണ്‍ ഹാര്‍മാര്‍ നാല് വിക്കറ്റ് വീഴ്ത്തി മികവ് പുലര്‍ത്തി. മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Anil Kumble And Dale Steyn Criticize Edan Garden Pitch

Latest Stories

We use cookies to give you the best possible experience. Learn more