തൃശൂര്‍: വൈറല്‍ കത്തിന് ഉടമയായ നീതുവെന്ന പെണ്‍കുട്ടിയെ കാത്ത് റോഡില്‍ കുത്തിയിരുന്ന് അനില്‍ അക്കര എം.എല്‍.എ. ഇന്ന് രാവിലെ ഒന്‍പത് മണി മുതലാണ് അനില്‍ അക്കര എം.എല്‍.എയും രമ്യാ ഹരിദാസ് എം.പിയും ഐ.എന്‍.ടി.യു.സി നേതാക്കളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും റോഡരികില്‍ നീതുവിനായുള്ള കാത്തിരിപ്പ് തുടങ്ങിയത്.
വീടില്ലാത്ത പ്ലസ്ടു വിദ്യാര്‍ത്ഥിയായ നീതുവിനെ നേരിട്ട് കണ്ട് പരിഹാരം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എം.എല്‍.എയുടെ നടപടി.
ഒരു മാസം മുന്‍പാണ് അനില്‍ അക്കരയ്ക്ക് നീതുവെന്ന കുട്ടിയുടെ പേരില്‍ ഒരു കത്ത് കിട്ടിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ തന്റെ കുടുംബത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും രാഷ്ട്രീയം കളിച്ച് അത് എം.എല്‍.എ തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടുള്ള കത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. നീതു ജോണ്‍സണ്‍, മങ്കര എന്ന പേരിലായിരുന്നു കത്ത്.
ഇതിന് പിന്നാലെ നീതു ജോണ്‍സണെ കണ്ടെത്താന്‍ ശ്രമം നടത്തിയെന്നും എന്നാല്‍ ഇതുവരെ കഴിഞ്ഞില്ലെന്നുമുള്ള വിശദീകരണവുമായി എം.എല്‍.എ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് നീതുവിനെ കാത്ത് വഴിയരികില്‍ ഇരിക്കാന്‍ എം.എല്‍.എ തീരുമാനിച്ചത്.
നീതു എവിടെ ഉണ്ടെങ്കിലും എത്തണമെന്നും സഹായം നല്‍കാമെന്നുമാണ് എം.എല്‍.എ പറയുന്നത്.
‘നീതു വരുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. നീതു ഇന്ന് വന്നില്ലെങ്കിലും അവര്‍ക്കായുള്ള അന്വേഷണം തുടരും. നീതുവിന് വേണ്ടി വടക്കാഞ്ചേരി പൊലീസില്‍ പരാതി കൊടുക്കും. പൊലീസിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. രാഷ്ട്രീയ വിഷയമായ സാഹചര്യത്തില്‍, ഒരുപക്ഷേ ആ കുട്ടി വരാഞ്ഞിട്ടായിരിക്കാം. അല്ലെങ്കില്‍ ഐഡന്റിന്റി വെളിപ്പെടുത്താന്‍ മടിയുണ്ടായിരിക്കാം. മങ്കര എന്ന് എഴുതിയതും നീതു എന്ന് പേരിട്ടതും ഒരുപക്ഷേ മനപൂര്‍വമായിരിക്കാം. അങ്ങനെയാരു കുട്ടി എവിടെയെങ്കിലും ഉണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.
ഐ.എന്‍.ടി.യു.സി നേതാവ് മങ്കരയില്‍ മൂന്ന് സെന്റ് സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അതല്ല അവരുടെ പഞ്ചായത്തിലാണെങ്കില്‍ അതിനുള്ള സൗകര്യം ചെയ്യും. എന്റെ വീടിനോട് ചേര്‍ന്ന് സ്ഥലം അനുവദിക്കും.7 അല്ലെങ്കില്‍ അടാട്ട് എന്ന സ്ഥലത്ത് എന്റെ ഭാര്യയ്ക്ക് ഭാഗം കിട്ടിയ അഞ്ച് സെന്റ് സ്ഥലമുണ്ട്. അവിടെ വീട് വെച്ച് കൊടുക്കാനും തയ്യാറാണ്. ഒന്‍പത് മാസത്തിനകം തന്നെ നീതുവിന് വീട് വെച്ചുകൊടുക്കും.
ഇതൊരു അനോണിമസ് പോസ്റ്റായി കരുതുന്നില്ല. നീതു ജോണ്‍സണ്‍ എന്ന കുട്ടി ഉണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. തമാശയായി പോലും അങ്ങനെയാരു കാര്യം കേരളീയ സമൂഹത്തില്‍ ഉയര്‍ത്തേണ്ട കാര്യമുണ്ടൈന്ന് തോന്നുന്നില്ല. നീതു ജോണ്‍സണ്‍ എന്ന പേരിലും മങ്കര എന്ന സ്ഥലത്തിലും വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ പോലും വടക്കാഞ്ചേരി മണ്ഡലത്തില്‍ അങ്ങനെയാരു കുട്ടിയുണ്ടാകാന്‍ സാധ്യതയുണ്ട്. ആ കുട്ടിയെ പ്രതീക്ഷിച്ച് ഞാന്‍ ഇരിക്കുകയാണ്. ‘, അനില്‍ അക്കരെ പറഞ്ഞു.
നീതുവിനായി തന്റെ രണ്ട് മാസത്തെ ശമ്പളം നീക്കിവെക്കാന്‍ തയ്യാറാണെന്നും വീടില്ലാത്ത ഒരു പെണ്‍കുട്ടിയുടെ വിഷമം മനസിലാക്കാന്‍ പറ്റുന്ന ആളാണ് താനെന്നുമായിരുന്നു രമ്യാ ഹരിദാസ് എം.പി പ്രതികരിച്ചത്.
‘എത്രയോ കാലം ഓലമേഞ്ഞ വീട്ടില്‍ താമസിച്ച ആളാണ് ഞാന്‍. ആ കുട്ടിയുടെ വിഷമം കൃത്യമായി അറിയാന്‍ പറ്റും. വീടെന്ന സ്വപ്‌നം ഒരു പെണ്‍കുട്ടിക്ക് എത്രത്തോളം വലുതായിരിക്കുമെന്ന് എനിക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് എം.എല്‍.എയും ഈ വാര്‍ഡിന്റെ കൗണ്‍സിലര്‍ സൈറ ബാനു ടീച്ചറും ഞാനും ആ കുട്ടിയെ കാത്തിരിക്കുന്നത്. ഇവരെല്ലാവരും നീതുവിന് വീട് വെച്ചുകൊടുക്കാന്‍ തയ്യാറാണ്. എനിക്കും പറയാനുള്ളത് ആ കുട്ടി കടന്നുവരികയാണെങ്കില്‍ എന്റെ രണ്ട് മാസത്തെ ശമ്പളം അവള്‍ക്ക് വേണ്ടി നീക്കിവെക്കാന്‍ തയ്യാറാണെന്നാണ്. ഒരു കുട്ടിപോലും വീട് കിട്ടാതെ ഇത്തരത്തില്‍ വിഷമിക്കരുത് ‘, രമ്യാ ഹരിദാസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച കുറിപ്പ്.
‘സാറിനു കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടേത് ആയിരുന്നു. അടച്ചുറപ്പുള്ള ഒരു വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭാ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷന്‍ പട്ടികയില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അതു തകര്‍ക്കരുത്, പ്ലീസ് നീതു ജോണ്‍സണ്‍ മങ്കര.
Content Highlight: Anil Akkara waiting Neethu Johnson