ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന നടിയാണ് അനിഖ സുരേന്ദ്രൻ. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടി ഇന്ന് മലയാളത്തിന് പുറമേ മറ്റുഭാഷകളിലും സജീവമാണ്. 2010ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖ ചലച്ചിത്രലോകത്തിലേക്ക് കടന്നുവന്നത്.
തമിഴ് ചിത്രങ്ങളായ എന്നൈ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിൽ അജിത്തിന്റെ മകളായി അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ബുട്ട ബൊമ്മ എന്ന സിനിമയിലാണ് ആദ്യമായി അനിഖ നായികയായി അഭിനയിച്ചത് പിന്നീട് തമിഴിൽ ക്വീൻ എന്ന സീരീസിലും അഭിനയിച്ചു. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടിയുടെ കഥാപാത്രത്തെയും അനിഖ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി.
‘അഞ്ച് സുന്ദരികളുടെ ഭാഗമാകുമ്പോൾ എനിക്ക് ഒമ്പത് വയസാണ് പ്രായം. അഭിനയിക്കുമ്പോൾ എന്താണ് കഥയെന്നൊന്നും അറിയില്ല. ത്രെഡ് ചെറുതായി അറിയാമെന്നുമാത്രം. ഇത്രയും വലിയൊരു പ്രമേയമാണെന്ന് തിരിച്ചറിഞ്ഞത് ഒരുപാട് കാലത്തിന് ശേഷമാണ്. അതിൽ സേതുലക്ഷ്മിയുടെ പേടി അഭിനയിച്ച് ഫലിപ്പിക്കേണ്ട ചില രംഗങ്ങൾ ഉണ്ടായിരുന്നു.
അതിനായി എന്നെ തയ്യാറെടുപ്പിച്ചത് ഇപ്പോഴും ഓർമയിലുണ്ട്. ‘ഒരു പാമ്പ് മോളെ കടിക്കാൻ വരുന്നുണ്ട്, അപ്പോൾ എങ്ങനെയാവും മോളുടെ പേടി. അത് അഭിനയിച്ച് കാണിക്ക്’ എന്ന് പറഞ്ഞായിരുന്നു ഒരു പ്രത്യേക സീനിൽ എന്നെ അഭിനയിപ്പിച്ചത്. എന്റെയും ചേതന്റെയും നിഷ്‌കളങ്കമായ ഭാവങ്ങളൊക്കെ നന്നായി എടുത്തു. ഇപ്പോൾ സേതുലക്ഷ്മി എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ്,’ അനിഖ പറയുന്നു.
മറ്റ് ഭാഷകളിൽ അഭിനയിക്കുമ്പോൾ തുടക്കത്തിൽ ഭാഷയായിരുന്നു പ്രശ്‌നമെന്നും തെലുങ്ക് ഭാഷയിൽ കാണാതെ പഠിച്ചായിരുന്നു ഡയലോഗ് പറഞ്ഞിരുന്നതെന്നും അനിഖ പറഞ്ഞു. അവസാന സമയം ഡയലോഗിൽ എന്തെങ്കിലും മാറ്റം വന്നാൽ പ്രശ്നമാകാറുണ്ടായിരുന്നെന്നും തമിഴ് തനിക്ക് പ്രശ്‌നമില്ലായിരുന്നെന്നും പറഞ്ഞ അനിഖ, ഭാഷ പഠിച്ചെടുത്തുവെന്നും കൂട്ടിച്ചേർത്തു. സ്വന്തമായിട്ടാണ് തമിഴിൽ ഡബ്ബ് ചെയ്തതെന്നും താരം പറഞ്ഞു.
കഥാപാത്രം ആവശ്യപ്പെടുന്ന എന്തുമാറ്റത്തിനും തയ്യാറാണ്. ഹോം വർക്ക് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ അത് ചെയ്യും. സ്‌ക്രിപ്റ്റ് നന്നായി മനസിലാക്കും. ഡയലോഗ് റിഹേഴ്‌സൽ നടത്തുമെന്നും അനിഖ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Content Highlight: Anika Surendran Remember Anchu Sundarikal Cinema