| Saturday, 23rd May 2026, 4:05 pm

സൂപ്പർതാരം പുറത്ത്; കൊൽക്കത്തയുടെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടി

Sudev A

2026 ഐ.പി.എല്‍ പ്ലേ ഓഫിലെ നിര്‍ണായക മത്സരത്തിനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അംക്രിഷ് രഘുവംശിക്ക് പരിക്കേറ്റിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ രഘുവംശിയുടെ ഇടത് കൈകളിലെ വിരലിന് ഒടിവ് സംഭവിക്കുകയായിരുന്നു.

ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുമായി കൂട്ടിയിടിക്കുകയായിരുന്നു രഘുവംശി. ഇതിന് പിന്നാലെ താരം കണ്‍കഷന്‍ സബായി മടങ്ങുകയായിരുന്നു. താരത്തിന് അടുത്ത മത്സരം നഷ്ടമാവുമെന്ന് ഉറപ്പാണ്. കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് കടക്കുകയാണെകില്‍ രഘുവംശിയുടെ അഭാവം ടീമിന് കനത്ത തിരിച്ചടിയായിരിക്കും നല്‍കുക.

ഈ സീസണിലെ കൊല്‍ക്കത്തയുടെ വിജയക്കുതിപ്പിലെ ഏറ്റവും നിര്‍ണായകമായ താരമാണ് രഘുവംശി. ഈ സീസണില്‍ 12 ഇന്നിങ്സുകളില്‍ നിന്നും 422 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ച് ഫിഫ്റ്റികളും താരം ഈ സീസണില്‍ കൊല്‍ക്കത്തക്കായി നേടിയിട്ടുണ്ട്. ബാറ്റിങ് നിരയിലെ വിശ്വസനീയ താരമായ രഘുവംശിയുടെ അഭാവം ടീമിനും കടുത്ത വെല്ലുവിളിയാണ് നല്‍കുന്നത്.

ആംഗ്രിഷ് രഘുവംശി. Photo: indianPremierLeague/x.com

അതേസമയം പ്ലേ ഓഫ് പ്രതീക്ഷകളുമായി മെയ് നാളെയാണ് അജിന്‍ക്യ രഹാനെയും സംഘവും കളത്തിലിറങ്ങുന്നത്. ദല്‍ഹി ക്യാപിറ്റല്‍സാണ് എതിരാളികള്‍. നിലവില്‍ 13 മത്സരങ്ങളില്‍ നിന്നും ആറ് വീതം തോല്‍വിയുമായി 13 പോയിന്റോടെ ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത.

പഞ്ചാബ് കിങ്‌സിനെതിരെയുള്ള കൊല്‍ക്കത്തയുടെ ഒരു മത്സരം മഴമൂലം ഉപേക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. സീസണിന്റെ തുടക്കത്തില്‍ നിരാശപ്പെടുത്തിയ കൊല്‍ക്കത്ത അവസാന ആറ് മത്സരവും വിജയിച്ചുകൊണ്ടാണ് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവന്നത്.

നാളെ ദല്‍ഹിയെ വീഴ്ത്തിയാലും കൊല്‍ക്കത്തയ്ക്ക് പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കില്ല. മറ്റ് ടീമുകളുടെ ഫലവും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് യോഗ്യതയില്‍ നിര്‍ണായകമാകും. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളാണ് നാലാം സ്ഥാനത്തിനായി കൊല്‍കത്തക്കൊപ്പം മത്സരിക്കുന്നത്.

പഞ്ചാബ് ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ പരാജയപ്പെടുകയും രാജസ്ഥാന്‍ റോയല്‍സ് അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍ക്കുകയും ചെയ്താല്‍ ദല്‍ഹിക്കെതിരെ കൊല്‍ക്കത്തയ്ക്ക് വിജയം മാത്രം മതിയാവും പ്ലേ ഓഫിലേക്ക് മുന്നേറാന്‍.

Content Highlight: Angrish Raghuvanshi injury and Kolkata Knight Riders big setback in ipl

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more