| Wednesday, 13th May 2026, 11:04 pm

ബെംഗളൂരുവിനെതിരെ വെടിക്കെട്ടുമായി കൊല്‍ക്കത്തയുടെ പടക്കുതിര; പിന്നിട്ടത് സ്വന്തം റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ബെംഗളൂരുവിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് (റായ്പൂര്‍) മത്സരം.

മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ്ങായിരുന്നു തെരഞ്ഞെടുത്തത്. നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

ടീമിന് വേണ്ടി കിടിലന്‍ ബാറ്റിങ് പ്രകടനം നടത്തിയത് അങ്കൃഷ് രഘുവംശിയാണ്. 46 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം നേടിയത്. താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐ.പി.എല്‍ സ്‌കോറാണിത്. സീസണില്‍ നാലാമത്തെ അര്‍ധസെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്.

ഇതോടെ ഒരു മിന്നും നേട്ടവും അങ്കൃഷ് രഘുവംശി സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ഐ.പി.എല്‍ സീസണില്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറിലേക്കെത്താനും ഈ വെടിക്കെട്ട് ഇന്നിങ്‌സ് തുണയായി. 2024ല്‍ ഐ.പി.എല്ലില്‍ അരങ്ങേറ്റം നടത്തിയ താരം 10 മത്സരത്തില്‍ നിന്ന് 163 റണ്‍സ് മാത്രമായിരുന്നു നേടിയത്. എന്നാല്‍ 2025ല്‍ 12 ഇന്നിങ്‌സില്‍ നിന്ന് 300 റണ്‍സ് നേടാന്‍ താരത്തിന് കഴിഞ്ഞു. 2026ല്‍ 11 മത്സരങ്ങളില്‍ നിന്ന് 340 റണ്‍സാണ് താരം അടിച്ചെടുത്തത്.

ഇന്നിങ്‌സിലെ അവസാന പന്തില്‍ റണ്‍ഔട്ട് ആകുകയായിരുന്നു താരം. രഘുവംശിക്ക് പുറമെ മിന്നും പ്രകടനം നടത്തിയത് റിങ്കു സിങ്ങാണ്. 29 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു.

കാമറൂണ്‍ ഗ്രീന് രഘുവംശിക്കൊപ്പം 32 റണ്‍സ് നേടി ടീം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ബെംഗളൂരുവിനായി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, റാസിക് സലാം എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

പവര്‍പ്ലേയില്‍ ഫിന്‍ അലനെ 18 റണ്‍സിന് ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനെയെ 19 റണ്‍സിന് ഹേസല്‍വുഡ്ഡും കൂടാരം കയറ്റി. കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം സ്വന്തമാക്കി നിലവില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിനെയും മറികടന്ന് ടേബിള്‍ ടോപ്പര്‍ ആകുക എന്ന ലക്ഷ്യവുമായാണ് ബെംഗളൂരു മറുപടി ബാറ്റിങ്ങിനിറങ്ങിയത്.

Content Highlight: Angkrish Raghuvanshi In Record Achievement In IPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more