| Thursday, 18th December 2014, 10:41 pm

ആന്‍ജൈനാ പെക്‌റ്റോറിസ് (നെഞ്ചുവേദന)

ഡൂള്‍ന്യൂസ് ഡെസ്‌ക്


കവിത | നസിം ഹിക്‌മെത്

മൊഴിമാറ്റം | സ്വാതി ജോര്‍ജ്

വര | മജ്‌നി


ന്റെ ഹൃദയത്തിന്റെ ഒരു പാതി ഇവിടെയുണ്ടെങ്കില്‍,
ഡോക്ടര്‍,
അതിന്റെ മറുപാതി
മഞ്ഞ നദിയിലേക്കൊഴുകുന്ന സൈന്യത്തോടൊപ്പം
ചൈനയിലാണു.
എന്നിട്ട്, ഓരോ ദിവസവും
സൂര്യോദയത്തിനു, എന്റെ ഹൃദയം
ഗ്രീസില്‍ വെച്ച് വെടിയേറ്റ് മുറിയുന്നു

പിന്നെ, എല്ലാ രാത്രിയിലും
ശുശ്രൂഷാലയം വിജനമാകുമ്പോള്‍, തടവുകാര്‍ ഉറങ്ങിക്കഴിയുമ്പോള്‍,
എന്റെ ഹൃദയം, ഡോക്ടര്‍,
ഇസ്താംബുളിലെ
നോട്ടമില്ലാതെ പഴകിയ ഒരു കെട്ടിടത്തിനരികെ ചെന്നു നില്‍ക്കുന്നു.

പത്ത് വര്‍ഷത്തിനു ശേഷം
എന്റെ പാവപ്പെട്ട ജനതയ്ക്ക് കൊടുക്കാന്‍ എന്റെകയ്യില്‍
ആകെയുണ്ടാവുക ഈ ആപ്പിളായിരിക്കും ഡോക്ടര്‍,
ഒരു ചുവന്ന ആപ്പിള്‍
എന്റെ ഹൃദയം.
ഡോക്ടര്‍, ഈ നെഞ്ചുവേദനയ്ക്ക് കാരണം
നിക്കോട്ടിനല്ല, തടവറയല്ല, ധമനിസംബന്ധമായ ഹൃദ്രോഗവുമല്ല
അതാണു കരണം,
ഈ അഴികള്‍ക്കിടയിലൂടെ ഞാന്‍ രാവിനെ നോക്കുന്നു;
എന്റെ നെഞ്ചിലെ ഭാരത്തിനപ്പുറം
എന്റെ ഹൃദയം ഇപ്പോഴും ഏറ്റവും വിദൂരമായ നക്ഷത്രങ്ങള്‍ക്കൊപ്പം മിടിക്കുന്നു.


നസീം ഹിക്മത്ത്

ഒരു ടര്‍ക്കിഷ് കവി. നസിം ഹിക്മത് റാന്‍ എന്ന് പൂര്‍ണനാമം. നാടകകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍, ജീവചരിത്രകാരി എന്നീ നിലകളില്‍ പ്രശസ്ഥന്‍. തന്റെ പ്രസ്താവനകളുടെ ഗാനാത്മകമായ ഒഴിക്കിലൂടെ അദ്ദേഹം അറിയപ്പെട്ടു. കാല്‍പ്പനിക കമ്മ്യൂണിസ്റ്റെന്നും കാല്‍പനിക വിപ്ലവകാരിയെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നു. തന്റെ രാഷ്ട്രീയ നിലപാടുകളില്‍ ഇദ്ദേഹം പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. തടവിലാണ് ഇദ്ദേഹം തന്റെ യൗവ്വനകാലത്തിന്റെ വലിയൊരു ഭാഗം ചിലവഴിച്ചത്. അമ്പത് ഭാഷകളിലധികം വിവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തിന്റെ കൃതികള്‍ക്കുണ്ടായിട്ടുണ്ട്.


സ്വാതി ജോര്‍ജ്

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശി. Bahrain panorama contracting and engineering services പദ്ധതി ആസൂത്രണ സാങ്കേതിക വിദഗ്ദ്ധന്‍. സോഷ്യല്‍ മീഡിയ രംഗത്ത് സജീവം. നിരവധി കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.


മജ്‌നി തിരുവങ്ങൂര്‍

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ സ്വദേശി. ജെ.ഡി.ടി ഇസ്‌ലാം സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് ടു വിഭാഗം ചരിത്രാധ്യാപിക. ഡൂള്‍ ന്യൂസില്‍ ചിത്രകാരി. നിരവധി ആനുകാലികങ്ങളില്‍ വരക്കുന്നു.

We use cookies to give you the best possible experience. Learn more