| Friday, 23rd May 2025, 4:53 pm

വിരാടിനും രോഹിത്തിനും പുറകെ വിരമിക്കല്‍ പ്രഖ്യാപിച്ച് മറ്റൊരു സൂപ്പര്‍ താരം!

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സൂപ്പര്‍ താരം ഏഞ്ചലോ മാത്യൂസ്. തന്റെ എക്‌സ് അക്കൗണ്ടിലൂടെയായിരുന്നു താരം വിരമിക്കല്‍ അറിയിച്ചത്. അടുത്ത മാസം ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലാകും മാത്യൂസ് കളം വിടുന്നത്. ബംഗ്ലാദേശിനെതിരെ ജൂണ്‍ 17ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളിലെ ആദ്യ മത്സരത്തിലാണ് മാത്യൂസ് അവസാനമായി കളിക്കുക.

മാത്യൂസ് സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പറഞ്ഞത്

‘അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റായ ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഫോര്‍മാറ്റിനോട് വിട പറയാന്‍ സമയമായി! കഴിഞ്ഞ 17 വര്‍ഷത്തെ ശ്രീലങ്കന്‍ ക്രിക്കറ്റില്‍ എന്റെ ഏറ്റവും വലിയ ബഹുമതിയും അഭിമാനവുമാണ്. ദേശീയ ജേഴ്സി ധരിക്കുമ്പോള്‍ തോന്നുന്ന വികാരത്തിന് തുല്യമായി മറ്റൊന്നില്ല, ഞാന്‍ എന്റെ എല്ലാം ക്രിക്കറ്റിനായി സമര്‍പ്പിച്ചു, ക്രിക്കറ്റ് എനിക്ക് എല്ലാം തിരികെ നല്‍കി, എന്നെ ഇന്നത്തെ ഈ വ്യക്തിയാക്കി മാറ്റി. കളിയോടും എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ സാഹചര്യങ്ങളില്‍ എന്നോടൊപ്പം നിന്ന ആയിരക്കണക്കിന് ശ്രീലങ്കന്‍ ക്രിക്കറ്റ് ആരാധകരോടും ഞാന്‍ നന്ദിയുള്ളവനാണ്.

ജൂണില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം എന്റെ രാജ്യത്തിനായുള്ള എന്റെ അവസാന റെഡ് ബോള്‍ പ്രകടനമായിരിക്കും. ഞാന്‍ ടെസ്റ്റ് ഫോര്‍മാറ്റിനോട് വിട പറയുന്നു, സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതുപോലെ, എന്റെ രാജ്യത്തിന് എന്നെ ആവശ്യമുള്ളപ്പോള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലേക്കുള്ള സെലക്ഷന് ഞാന്‍ ലഭ്യമാകും.

ടെസ്റ്റ് ടീം കഴിവുള്ള ഒരു ടീമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഭാവിയിലെയും ഇപ്പോഴത്തെയും നിരവധി മഹാന്മാര്‍ ഈ ഫോര്‍മാറ്റില്‍ കളിക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിനായി തിളങ്ങാന്‍ ഒരു യുവ കളിക്കാരന് വഴിയൊരുക്കാന്‍ ഇപ്പോള്‍ ഏറ്റവും നല്ല സമയമാണിതെന്ന് തോന്നുന്നു,’ മാത്യൂസ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

2009ല്‍ ലങ്കയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മാത്യൂസ് 118 ടെസ്റ്റില്‍ ടീമിന് വേണ്ടി കളിച്ചു. അതില്‍ 210 ഇന്നിങ്‌സില്‍ നിന്ന് 8167 റണ്‍സാണ് താരം നേടിയത്. 200* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 44.6 എന്ന ആവറേജിലാണ് താരത്തിന്റെ സ്‌കോറിങ്. ഫോര്‍മാറ്റില്‍ 16 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. 86 ഇന്നിങ്‌സില്‍ നിന്ന് 161 മെയ്ഡന്‍ ഉള്‍പ്പെടെ 33 വിക്കറ്റ് നേടാനും ഈ ഓള്‍ റൗണ്ടര്‍ക്ക് സാധിച്ചു.

Content Highlight: Angelo Matthews Announce Retired In Test Cricket

We use cookies to give you the best possible experience. Learn more