മലയാളികൾ ആവേശത്തോടെ ഏറ്റെടുത്ത ചിത്രമായി മാറിയിരിക്കുകയാണ് സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഇൻസ്റ്റഗ്രാം റീൽസിലൂടെ വൈറലായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ഈ ചിത്രത്തിൽ ബിജുക്കുട്ടൻ, അശ്വതി ചന്ദ്, സുധീഷ് എന്നിവരും പ്രധാന വേഷങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
വാഴ2, Photo: IMDb
200 കോടി ക്ലബ്ബിലേക്ക് കുതിച്ചുകയറിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രവും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ, ഹാഷിറിന്റെ നായികയായി എത്തിയ എയ്ഞ്ചൽ മരിയ സിനിമയിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് തുറന്നുപറയുകയാണ്.
സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും അത് തുറന്ന് പറയാൻ തനിക്ക് നാണക്കേടായിരുന്നു എന്നാണ് താരം പറയുന്നത്.
മറ്റുള്ളവർ പരിഹസിക്കുമോ എന്ന ഭയം തന്നെയായിരുന്നു അതിന് പിന്നിലെ കാരണം എന്നും എയ്ഞ്ചൽ വ്യക്തമാക്കി. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
‘ഏഴാം ക്ലാസ് മുതൽ സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ അതിൽ എങ്ങനെ എത്തണം എന്നുള്ള ഒരു ഐഡിയ ഒന്നും ഉണ്ടായിരുന്നില്ല.
വാഴ2, Photo: Angel Maria/ Instagram
പിന്നെ ഏഴാം ക്ലാസ് കഴിഞ്ഞ് സ്കൂൾ മാറിയപ്പോളാണെനിക്ക് അത് എക്‌സ്‌പ്ലോർ ചെയ്യാൻ കഴിഞ്ഞത്. പിന്നെ അവിടെ നാടകം കാണുന്നു സെലക്റ്റ് ആവുന്നു പക്ഷെ പോകാൻ കഴിയുമായിരുന്നില്ല കാരണം വീട്ടിൽ എല്ലാവരും പഠിക്ക് പഠിക്ക് എന്ന് പറയുമായിരുന്നു. കലോത്സവത്തിന് ഒന്നും പോകണ്ട പഠിപ്പ് മതി എന്നുള്ള ഒരു ഇതായിരുന്നു. അവർക്കറിയാം ഞാൻ അതിന് പുറകെ പോയാൽ പിന്നെ പഠിത്തത്തിൽ ശ്രദ്ധിക്കില്ല എന്ന്.
അങ്ങനെ പിന്നെ നാടകത്തിനെല്ലാം പോയി എല്ലാവരും നല്ല അഭിപ്രായം പറയാൻ തുടങ്ങിയപ്പോൾ അതിനോട് നല്ല താത്പര്യമായി. പിന്നെ അഭിനയിക്കണം എന്ന് പറയാൻ ഭയങ്കര നാണക്കേടായിരുന്നു അങ്ങനെ പറഞ്ഞാൽ എല്ലാവരും കളിയാക്കാൻ തുടങ്ങും. പിന്നീട് മെല്ലെ മെല്ലെ മോഡലിങ്ങിലേക്ക് കടന്ന് ക്യാമറ ഫിയർ മാറ്റിയെടുത്തു,’ എയ്ഞ്ചൽ മരിയ പറഞ്ഞു.
വാഴ2, Photo: YouTube/ Screengrab
റിലീസ് ചെയ്ത് വെറും എട്ട് ദിവസത്തിനുള്ളിൽ തന്നെ ചിത്രം ആഗോളതലത്തിൽ 117 കോടി രൂപയ്ക്ക് മുകളിൽ ഗ്രോസ് കളക്ഷൻ നേടി. ആദ്യ ഭാഗത്തെക്കാൾ വലിയ സ്വീകാര്യതയാണ് രണ്ടാം ഭാഗത്തിന് തിയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഹിറ്റ് മേക്കർ വിപിൻ ദാസാണ്
Content Highlight: Angel Maria says she was embarrassed to say she wanted to act in a movie