| Saturday, 25th July 2026, 4:51 pm

അദ്ദേഹത്തിന് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കാന്‍ സാധിക്കും: ഡി മരിയ

സുദേവ് എ

2026 ഫിഫ ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ടീമിനൊപ്പമുള്ള ഇതിഹാസ താരം ലയണല്‍ മെസിയുടെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം എയ്ഞ്ചല്‍ ഡി മരിയ.

മെസിക്ക് ഇനിയും നിരവധി വര്‍ഷങ്ങള്‍ അര്‍ജന്റീനക്കായി കളിക്കാന്‍ സാധിക്കുമെന്നാണ് ഡി മരിയ പറഞ്ഞത്. 39ാം വയസിലും മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും ഡി മരിയ പ്രശംസിച്ചു. ടി.എന്‍.ടി സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡി മരിയ.

‘ലിയോ ആഗ്രഹിക്കുന്ന കാലം വരെ കളിക്കട്ടെ. അദ്ദേഹത്തിന് ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 39ാം വയസിലും അദ്ദേഹം ലോകത്തിലെ ഏറ്റവും താരങ്ങളില്‍ ഒരാളാണ്. ഇപ്പോഴും മികച്ച പ്രകടനം തുടരാമെന്നും തെളിയിച്ചു,’ എയ്ഞ്ചല്‍ ഡി മരിയ പറഞ്ഞു.

2026 ലോകകപ്പില്‍ കിരീടം നഷ്ടമായെങ്കിലും മിന്നും ഫോമിലാണ് മെസി കളിച്ചത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി മടങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളുമായാണ് മെസി തന്റെ പോരാട്ടം അവസാനിപ്പിച്ചത്. ഫൈനലിലെ തോല്‍വിക്ക് ശേഷം മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇനിയും എത്രകാലം മെസി അര്‍ജന്റീനക്കായി കളിക്കുമെന്നും കണ്ടുതന്നെ അറിയണം.

അതേസമയം ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പടയോട് പരാജയപ്പെട്ടത്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ കിരീടം നിലനിര്‍ത്തുകയെന്ന സ്വപ്നവുമായെത്തിയ അര്‍ജന്റീനക്ക് പിഴക്കുകയായിരുന്നു.

മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു സ്‌പെയ്‌നിന്റെ ഗോള്‍ പിറന്നത്. ഫെറാന്‍ ടോറസിന്റെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു സ്പാനിഷ് പട കിരീടം കൈപ്പിടിലാക്കിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ടീമിന് തിരിച്ചടിയായി.

മത്സരത്തില്‍ 90 മിനിട്ടില്‍ അര്‍ജന്റീനക്ക് ഒറ്റ ഷോട്ട് പോലും സ്‌പെയ്‌നിന്റെ പോസ്റ്റിലേക്ക് ഉതിര്‍ക്കാന്‍ സാധിച്ചില്ല. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ ഒറ്റയാള്‍ പോരാട്ടം മാത്രമാണ് ഈ മത്സരത്തില്‍ അര്‍ജന്റീനക്ക് എടുത്തു പറയാനുള്ളത്. സ്‌പെയ്‌നിന്റെ മികച്ച നീക്കങ്ങളെ തകര്‍പ്പന്‍ സേവുകളിലൂടെ തടഞ്ഞുനിര്‍ത്തിയെങ്കിലും ടോറസിന് മുന്നില്‍ മാര്‍ട്ടിനസ് കീഴടങ്ങുകയായിരുന്നു.

Content Highlight: Angel D Maria talks about the future of Lionel Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more