അർജന്റൈൻ ഇതിഹാസം എയ്ഞ്ചൽ ഡി മരിയ വ്യത്യസ്ത ക്ലബ്ബുകളിൽ വ്യത്യസ്ത പരിശീലകർക്ക് കീഴിൽ കളിച്ച അനുഭവ സമ്പത്തുള്ള താരമാണ്. തന്റെ ഫുട്‌ബോൾ കരിയറിൽ തന്നെ പരിശീലിപ്പിച്ചവരിൽ ഏറ്റവും പ്രിയപ്പെട്ട പരിശീലകൻ ആരാണെന്ന് ഡി മരിയ ഒരിക്കൽ തുറന്നുപറഞ്ഞിരുന്നു.
ഇതിഹാസ താരമായ ഡീഗോ മറഡോണയെയാണ് ഡി മരിയ പ്രിയപ്പെട്ട പരിശീലകനായി തെരഞ്ഞെടുത്തത്. വിമർശനങ്ങൾ ഏറ്റുവാങ്ങിയ പല സമയങ്ങളിലും മറഡോണ തന്നെ പിന്തുണച്ചുവെന്നാണ് ഇ.എസ്.പി.എൻ അർജന്റീനയുമായുള്ള അഭിമുഖത്തിലായിരുന്നു ഡി മരിയ മറഡോണയെക്കുറിച്ച് സംസാരിച്ചത്.
‘ഞാൻ ഡീഗോയെ ഒരു മാനേജരായി കണക്കാക്കില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞാനെപ്പോഴും അദ്ദേഹവുമായി സംസാരിക്കുന്ന ഒരാളായിരുന്നു. എനിക്ക് അദ്ദേഹം ഒരു മാനേജരായി തോന്നിയിട്ടില്ല. മറിച്ച് ഒരു സുഹൃത്ത്, സഹോദരൻ, പിതാവ് എന്നൊക്കെ പോലെയാണ്. ഞാൻ കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സമയങ്ങളിൽ അദ്ദേഹം എന്നെ പിന്തുണച്ചു,’ എയ്ഞ്ചൽ ഡി മരിയ പറഞ്ഞു.
2008ലാണ് മറഡോണ അർജന്റീനയുടെ പരിശീലകനായി ചുമതലയേറ്റത്. 2010ൽ നടന്ന ലോകകപ്പിൽ അർജന്റീന മറഡോണയുടെ കീഴിലാണ് കളിച്ചത്. ഈ ടൂർണമെന്റിൽ മറഡോണയുടെ കീഴിൽ ഡി മരിയ അർജന്റീനക്കായി ബൂട്ട് കെട്ടി.
എന്നാൽ മറഡോണയുടെ നേതൃത്വത്തിൽ ആ ലോകകപ്പിൽ അർജന്റീനക്ക് ക്വാർട്ടർ ഫൈനൽ വരെ മുന്നേറാനെ സാധിച്ചുള്ളൂ. ക്വാർട്ടറിൽ ജോക്കിം ലോയുടെ ജർമൻ സംഘം എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു അർജന്റീനയെ വീഴ്ത്തിയത്.
ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും ഡി മരിയ രണ്ട് വർഷം മുമ്പ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2024 കോപ്പ അമേരിക്കയിൽ അർജന്റീന ചാമ്പ്യന്മാരായതിന് പിന്നാലെയായിരുന്നു നീണ്ട വർഷക്കാലത്തെ അർജന്റീനക്കൊപ്പമുള്ള പോരാട്ടം അവസാനിപ്പിച്ചുകൊണ്ട് ഡി മരിയ പടിയിറങ്ങിയത്.
കോപ്പ അമേരിക്കയുടെ ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയായിരുന്നു അർജന്റീന കിരീടം ചൂടിയിരുന്നു. കോപ്പ അമേരിക്കയിലെ അർജന്റീനയുടെ തുടർച്ചയായ രണ്ടാം കിരീടനേട്ടവും പതിനാറാം കിരീവുമായിരുന്നു ഇത്.
അർജന്റീനൻ ജനതയുടെ 28 വർഷത്തെ കിരീടത്തിന്റെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ഡി മരിയ ആയിരുന്നു. 2021ൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് അർജന്റീന തങ്ങളുടെ കിരീടവരൾച്ച അവസാനിപ്പിച്ചത്. മത്സരത്തിലെ വിജയഗോൾ നേടിയത് ഡി മരിയ ആയിരുന്നു.
പിന്നീട് ഒരു വർഷത്തിന് ശേഷം നടന്ന ഫൈനൽസീമയിൽ യൂറോ ചാമ്പ്യന്മാരായ ഇറ്റലിയെയും വീഴ്ത്തി അർജന്റീന കിരീടം നേടിയിരുന്നു. ഈ മത്സരത്തിലും അര്ജന്റീനക്കായി താരം ഗോൾ നേടിയിരുന്നു.
2022 ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെയും അർജന്റീനയുടെ സ്‌കോർ ഷീറ്റിൽ തന്റെ പേര് എഴുതി ചേർക്കാൻ ഡി മരിയക്ക് സാധിച്ചിരുന്നു. ഫൈനലിൽ പെനാൽട്ടി ഷൂട്ട് ഔട്ടിലായിരുന്നു അർജന്റീനയുടെ വിജയം.
Content Highlight: Angel D Maria talks about Diego Maradona