| Saturday, 28th March 2026, 1:27 pm

ധുരന്ധറിനെയും കേരള സ്റ്റോറിയെയും വിമര്‍ശിച്ചാല്‍ തീവ്രവാദി പട്ടം ഉറപ്പാ, അവസാന ഇരയായി ബോളിവുഡ് താരം അനീത് പദ്ദയും സഹോദരിയും

അമര്‍നാഥ് എം.

സൈയ്യാര എന്ന ആദ്യ ചിത്രത്തിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം സ്വന്തമാക്കിയ താരമാണ് അനീത് പദ്ദ. അരങ്ങേറ്റ താരത്തിന്റെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു സൈയ്യാര. എന്നാല്‍ ഇപ്പോള്‍ അനീത് വാര്‍ത്തകളില്‍ നിറയുന്നത് മറ്റൊരു കാരണം കൊണ്ടാണ്. അനീതിന്റെ സഹോദരി റീത് പദ്ദ കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയായിരിക്കുന്നത്.

അനീത് പദ്ദ, റീത് പദ്ദ Photo: Cinema Bazaar/ X.com

തിയേറ്ററില്‍ വന്‍ വിജയമായ ധുരന്ധറിനെക്കുറിച്ചും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച കേരള സ്റ്റോറിയെക്കുറിച്ചും റീത് പങ്കുവെച്ച കമന്റ് സംഘപരിവാര്‍ അനുകൂലികളെ ചൊടിപ്പിച്ചു. ധുരന്ധറുംകേരള സ്റ്റോറിയും കശ്മീര്‍ ഫയല്‍സുമെല്ലാം പ്രൊപ്പഗണ്ട സിനിമയാണെന്ന അനീതിന്റെ ഒരു കമന്റ് വൈറലായിരിക്കുകയാണ്. താന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ തന്റെ നിലപാട് കമന്റ് രൂപത്തില്‍ വ്യക്തമാക്കുകയാണ് റീത് പദ്ദ.

‘സോഷ്യല്‍ മീഡിയയിലെ ഒരു കമന്റിന് പ്രതികരിക്കാന്‍ പോയതാണ്. ഇപ്പോള്‍ അത് വലിയ വിഷയമായിരിക്കുകയാണ്. സത്യം പറഞ്ഞാല്‍ ഇതൊന്നും എന്നെ ബാധിക്കാറില്ല. നമ്മളുടെ വിലപ്പെട്ട സമയം കളഞ്ഞ് ഇതുപോലുള്ളവരെ കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. എല്ലാ കാലത്തും ഞാന്‍ എന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പാണ്.

റീത് പദ്ദയുടെ കമന്റ്‌ Photo: Being Political/ X.com

കശ്മീര്‍ ഫയല്‍സ്, കേരള സ്റ്റോറി, ധുരന്ധര്‍ പോലുള്ള സിനിമകള്‍ പ്രൊപ്പഗണ്ട തന്നെയാണ്. ധുരന്ധറിന്റെ കാര്യത്തില്‍ അത് ഗവണ്മെന്റിനെ വെള്ളപൂശാനുള്ള ശ്രമമാണ്. നോട്ട് നിരോധനത്തിനെ വളരെ പോസിറ്റീവായാണ് ചിത്രത്തില്‍ കാണിച്ചത്. ഇതിനെ പ്രൊപ്പഗണ്ട എന്നല്ലാതെ എന്ത് വിളിക്കും? നിങ്ങളുടെ കാഴ്ചപ്പാടില്‍ പ്രൊപ്പഗണ്ടയുടെ അര്‍ത്ഥം വേറെയായിരിക്കും.

അതുപോലെ കേരള സ്‌റ്റോറി, കശ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകള്‍. 32000 സ്ത്രീകള്‍ ഇസ്‌ലാമിലേക്ക് മതംമാറിയെന്നാണ് അവര്‍ പറയുന്നത്. നൂറിനടുത്ത് മാത്രമുള്ള സംഖ്യയെ അവര്‍ വലുതാക്കി കാണിച്ച് ഒരു സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇത് പ്രൊപ്പഗണ്ടയല്ലാതെ മറ്റെന്താണ്,’ റീത് കമന്റില്‍ ചോദിച്ചു.

കേരള സ്‌റ്റോറിയെയും ധുരന്ധറിനെയും വിമര്‍ശിച്ചതോടെ ഇന്ത്യയെയും ഈ രാജ്യത്തെ സൈനികരെയും റീത് അപമാനിച്ചെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. റീതിന് കമന്റ് ബോക്‌സില്‍ പിന്തുണ നല്‍കിയ ചിലര്‍ പാകിസ്ഥാന്‍ ഐ.ഡിയാണെന്നും റീത് തീവ്രവാദികളുടെ ആളാണെന്നും ഇക്കൂട്ടര്‍ ആരോപിക്കുന്നു. ഇതിലൊന്നും പെടാത്ത റീതിന്റെ സഹോദരി അനീത് പദ്ദയെയും സംഘപരിവാര്‍ വെറുതെ വിടുന്നില്ല.

അനീത് ഫോളോ ചെയ്യുന്നവരുടെ ലിസ്റ്റില്‍ തുര്‍ക്കിഷ് ജേര്‍ണലിസ്റ്റ് ഹസന്‍ പൈക്കര്‍ ഉണ്ടെന്നും അയാള്‍ ഇന്ത്യാവിരുദ്ധനാണെന്നും ചിലര്‍ കണ്ടുപിടിച്ചു. ബോളിവുഡ് ഇന്‍ഡസ്ട്രി അനീതിനെ ബാന്‍ ചെയ്യണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. എന്നാല്‍ ഹസന്‍ പൈക്കറെ ഫോളോ ചെയ്യുന്നവരില്‍ ഇന്ത്യന്‍ റാപ്പര്‍ ഹനുമാന്‍ കൈന്‍ഡുമുണ്ടെന്നും നരേന്ദ്ര മോദി അഭിനന്ദിച്ച ഹനുമാന്‍ കൈന്‍ഡിനെ ബഹിഷ്‌കരിക്കണ്ടേ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ബി.ജെ.പി ഗവണ്മെന്റിനെയും നരേന്ദ്ര മോദിയെയും വെള്ളപൂശുന്ന രംഗങ്ങളാല്‍ സമ്പന്നമാണ് ധുരന്ധര്‍ 2. കോണ്‍ഗ്രസ് സര്‍ക്കാര്‍ പാകിസ്ഥാന്റെ ആളുകളാണെന്ന് പറയുന്ന ഡയലോഗുകള്‍ ഉള്‍പ്പെടുത്തിയതെല്ലാം വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ധുരന്ധറിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കിയിരിക്കുകയാണ് സംഘപരിവാര്‍.

Content Highlight: Aneet Padda and her sister getting cyber attack for criticizing Dhurandhar 2 and Kerala Story

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more