| Tuesday, 25th August 2026, 12:03 pm

റിവ്യൂവിന്റെ പേരില്‍ വ്യക്തിഹത്യ ചെയ്യാന്‍ അവന് ആരാണ് അധികാരം കൊടുത്തത്: അശ്വന്ത് കോക്കിനെതിരെ അനീഷ് ഗോപാല്‍

അമര്‍നാഥ് എം.

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് അനീഷ് ഗോപാല്‍. അഭിനയത്തോടൊപ്പം പോസ്റ്റര്‍ ഡിസൈനിങ്ങിലും ശ്രദ്ധ നേടാന്‍ അനീഷിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ അനീഷ് ഭാഗമായ വിവാഃ എന്ന ചിത്രത്തിന് യൂട്യൂബര്‍ അശ്വന്ത് കോക്ക് നല്‍കിയ റിവ്യൂ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. റിവ്യൂവിനെതിരെ അനീഷ് ഗോപാലന്‍ രംഗത്തെത്തിയിരിക്കുകയാണ്.

സിനിമ മോശമാണെങ്കില്‍ അതിനെ കുറ്റപ്പെടുത്താമെന്നും എന്നാല്‍ വ്യക്തിഹത്യ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും അനീഷ് പറയുന്നു. ഒരു നടനെ ഇഷ്ടമല്ലെങ്കില്‍ അത് തെറ്റല്ലെന്നും എന്നാല്‍ അയാളെ പബ്ലിക് പ്ലാറ്റ്‌ഫോമില്‍ വന്നിരുന്ന് വ്യക്തിഹത്യ ചെയ്യാനും അധിക്ഷേപിക്കാനും പാടില്ലെന്ന് താരം കൂട്ടിച്ചേര്‍ത്തു.

വിവാഃ എന്ന ചിത്രത്തില്‍ തന്നെയും ധ്രുവനെയും മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചിട്ടുണ്ടായിരുന്നെന്നും അതൊന്നും റിവ്യൂ എന്ന് പരിഗണിക്കാന്‍ പറ്റില്ലെന്നും അനീഷ് പറഞ്ഞു. അശ്വന്ത് കോക്ക് തന്നെ എന്തൊക്കെ പറഞ്ഞാലും തന്റെ കുടുംബത്തിന് താന്‍ ഹീറോയാണെന്നും താരം പറയുന്നു. സൂര്യ മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അനീഷ് ഗോപാല്‍.

‘എന്നെ ഊച്ചാളി എന്നും ധ്രുവനെ മൊണ്ണയെന്നുമാണ് അയാള്‍ വിളിച്ചത്. അയാള്‍ക്ക് എന്നെ അങ്ങനെ തോന്നിയേക്കാം. പക്ഷേ, എന്റെ ഭാര്യക്കും മക്കള്‍ക്കും ഞാന്‍ ഹീറോയാണ്. എന്റെ അച്ഛനും അമ്മക്കും ഞാന്‍ തന്നെയാണ് ഹീറോ. അവരൊക്കെ ഇയാളുടെ വീഡിയോ കാണുമ്പോള്‍ എന്ത് വിചാരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.

ഭാര്യയുടെ കൂടെയിരുന്നാണ് ഞാന്‍ ആ വീഡിയോ കണ്ടത്. ഞാന്‍ അത് ചിരിച്ച് തള്ളി. പക്ഷേ, ഭാര്യ അതൊക്കെ കേട്ട് ഗ്ലൂമിയായി. എന്നെക്കുറിച്ച് അത്ര മോശം വാക്കുകള്‍ കേട്ടത് അവള്‍ക്ക് സങ്കടമായി. മകന്‍ അവളോട് ‘അമ്മേ, അച്ഛന്‍ ‘A’ പടത്തില്‍ അഭിനയിച്ചിട്ടുണ്ടോ’ എന്ന് ചോദിച്ചു. ഇവന് ഇങ്ങനെ വ്യക്തിഹത്യ നടത്താനുള്ള അധികാരം ആരാണ് കൊടുത്തത്. അശ്വന്ത് കോക്കിനെ ഞാന്‍ വിളിച്ച് സംസാരിച്ചപ്പോള്‍ ‘രണ്ടെണ്ണം അടിച്ചതിന്റെ ഫ്‌ളോയില്‍ പറഞ്ഞതാണ്’ എന്നായിരുന്നു മറുപടി,’ അനീഷ് ഗോപാലന്‍ പറയുന്നു.

നവാഗതനായ ബ്ലെസണ്‍ എല്‍സ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് വിവാഃ. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന നാല് സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ധ്രുവന്‍, അനീഷ് ഗോപാലന്‍, നയന എല്‍സ തുടങ്ങിയവരാണ് വിവാഃയിലെ പ്രധാന താരങ്ങള്‍. ചിത്രം സാമ്പത്തികമായി വിജയിച്ചിട്ടില്ല.

Content Highlight: Aneesh Gopal reacts to Aswanth Kok’s review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more