| Monday, 1st June 2026, 5:44 pm

ഇംഗ്ലണ്ട്, മുള്‍ട്ടാന്‍, ബെംഗളൂരു! ചരിത്ര കിരീടങ്ങളുടെ പിന്നിലെ മാസ്റ്റര്‍ ബ്രെയ്ന്‍ ഒറ്റപ്പേര് 'ഫ്ലവർ'

Sudev A

2026 ഐ.പി.എല്‍ ആവേശകരമായി അവസാനിച്ചിരിക്കുകയാണ്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം വീണ്ടും സ്വന്തമാക്കി. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗുജറാത്തിനെ വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ കിരീട നേട്ടം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമാണ് ബെംഗളൂരു. ഇത് രണ്ടാം തവണയാണ് രജത് പാടിദാറിന്റെ നേതൃത്വത്തില്‍ ബെംഗളൂരു കിരീടനേട്ടത്തിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ കിരീട നേട്ടം.

ആ.സി.ബിയുടെ ഇരട്ട കിരീട നേട്ടത്തില്‍ എടുത്തുപറയേണ്ടത് പരിശീലകന്‍ ആന്‍ഡി ‘ഫ്ലവവറുടെ പേരാണ്. 2023ല്‍ ബെംഗളൂരുവിന്റെ പരിശീലകനായി ചുമതലയേറ്റ മുന്‍ സിംബാബ്വേ താരം വെറും നാല് സീസണുകൾ കൊണ്ടാണ് ടീമിനായി രണ്ട് കിരീടങ്ങള്‍ നേടികൊടുത്തിരിക്കുന്നത്.

പരിശീലകനായുള്ള ഫ്ലവവറുടെ നേട്ടങ്ങള്‍ ബെംഗളൂരുവിനൊപ്പം മാത്രം ഒതുങ്ങുന്നതല്ല. ഇതിന് മുമ്പ് രണ്ട് ടീമുകളുടെ ചരിത്രത്തിലെ ആദ്യ കിരീടമെന്ന കാത്തിരിപ്പ് നിറവേറ്റികൊടുക്കാന്‍ ഫ്ലവറിന് സാധിച്ചിരുന്നു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

ഇംഗ്ലണ്ട് ചരിത്രത്തിലെ ആദ്യ കിരീടം നേടിയപ്പോള്‍ ടീമിന്റെ പരിശീലകന്‍ ഫ്ലവര്‍ ആയിരുന്നു. 2022ലായിരുന്നു ഇംഗ്ലീഷ് ടീം ആദ്യമായി ടി-20 കിരീടം സ്വന്തമാക്കിയത്. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റുകള്‍ക്ക് കീഴടക്കിയായിരുന്നു ഫ്ലവറുടെ ഇംഗ്ലണ്ട് ചരിത്രം സൃഷ്ടിച്ചത്.

ഫ്ലവറുടെ കീഴില്‍ ചരിത്രത്തിലെ ആദ്യ കിരീടം നേടിയ മറ്റൊരു ടീം പാകിസ്ഥാനില്‍ നിന്നുള്ളതാണ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ആദ്യ കിരീടം നേടിയപ്പോഴും ടീമിന്റെ ഡഗ്ഔട്ടില്‍ പരിശീലകനായി ഫ്ലവര്‍ ഉണ്ടായിരുന്നു.

മുൾട്ടാൻ സുൽത്താൻസ്

2021ലായിരുന്നു മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയത്. പെഷവാര്‍ സാല്‍മിയെ വീഴ്ത്തിയായിരുന്നു ടീമിന്റെ നേട്ടം. ഇപ്പോള്‍ ഇന്ത്യയില്‍ ആര്‍.സി.ബിയുടെ സുവര്‍ണ കാലഘട്ടവും ഫ്ലവറുടെ കീഴില്‍ അടയാളപ്പെടുകയാണ്.

അതേസമയം ഫൈനലില്‍ ബെംഗളൂരുവിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് വിരാടാണ്. 42 പന്തില്‍ പുറത്താകാതെ 75 റണ്‍സ് നേടിയ വിരാട് മൂന്ന് സിക്സും ഒമ്പത് ഫോറുമാണ് അടിച്ചെടുത്തത്. മത്സരത്തിലെ താരവും വിരാടായിരുന്നു. ഇംപാക്ടായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ 16 പന്തില്‍ രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടെ 32 റണ്‍സ് നേടി മിന്നും പ്രകടനം നടത്തിയാണ് മടങ്ങിയത്. ടിം ഡേവിഡ് 24 റണ്‍സും നേടിയിരുന്നു.

ആര്‍.സി.ബിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകളും ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റും സ്വന്തമാക്കി. ഒരു വിക്കറ്റാണ് സ്വന്തമാക്കിയതെങ്കിലും മിന്നും റെക്കോഡ് സ്വന്തമാക്കാന്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

Content Highlight: Andy Flower histiorical records as a coach

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more