ഫുട്ബോളിൽ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലർത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും. ഇരുതാരങ്ങളിൽ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചർച്ചകളും എപ്പോഴും സജീവമായി നിലനിൽക്കുന്ന ഒന്നാണ്. ഗോട്ട് ഡിബേറ്റിൽ പല താരങ്ങൾക്കും പരിശീലകർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.
ഇവരിൽ മികച്ച താരം ആരാണെന്ന ചോദ്യം എല്ലാ താരങ്ങളും പരിശീലകരും കരിയറിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകും. ഈ വിഷയത്തിൽ ഇറ്റാലിയൻ ഇതിഹാസം ആന്ദ്രേ പിർലോയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2015ൽ ദി സണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു പിർലോ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. റൊണാൾഡോയെ മറികടന്ന് മികച്ച താരമായി മെസിയെ ആണ് പിർലോ തെരഞ്ഞെടുത്തത്.
‘അവൻ ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എനിക്കുറപ്പാണ് അവൻ ഇനിയും ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കും. അവനെ കൊണ്ട് എന്തെല്ലാം സാധിക്കും എന്നതിനെ കുറിച്ച് ഞാൻ വിശദമായി പറയേണ്ട ഒരു ആവശ്യവുമില്ല. അവനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് എല്ലാവർക്കും ഇതിനോടകം തന്നെ അറിയാം,’ പിർലോ പറഞ്ഞു.
അടുത്തിടെ ഇന്റർനാഷണൽ ഫുട്‌ബോളിൽ നിന്നും മെസി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു മെസിയുടെ വിരമിക്കൽ പ്രഖ്യാപനം. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി
മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.
ക്ലബ് തലത്തിൽ ബാഴ്‌സലോണയിൽ ഒരു അവിസ്മരണീയമായ ഫുട്ബോൾ കരിയറായിരുന്നു മെസി സൃഷ്ടിച്ചെടുത്തത്. പിന്നീട് ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്‌ന് വേണ്ടിയും മെസി പന്തുതട്ടി. നിലവിൽ മെസി മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.
Content Highlight: Andrea Pirlo talks about Lionel Messi