| Wednesday, 26th November 2025, 11:02 pm

എന്റെ ന്യൂഡ് രംഗങ്ങള്‍ പിസാസ് 2വിന്റെ സ്‌ക്രിപ്റ്റിലുണ്ടായിരുന്നു, ചെയ്യാന്‍ ഞാന്‍ തയാറായതാണ്, പക്ഷേ... ആന്‍ഡ്രിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിലൊരാളാണ് ആന്‍ഡ്രിയ ജെര്‍മിയ. ഏത് തരം വേഷങ്ങളും വളരെ ഗംഭീരമായി പെര്‍ഫോം ചെയ്യുന്ന ആന്‍ഡ്രിയ തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധ നേടിയത്. അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം തന്റെ സാന്നിധ്യമറിയിച്ചു. വരാനിരിക്കുന്ന തന്റെ സിനിമകളെക്കുറിച്ച് സംസാരിക്കുയാണ് ആന്‍ഡ്രിയ.

Andrea/ screen grab YouTube

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന പിസാസ് 2വാണ് തന്റെ അടുത്ത ചിത്രമെന്ന് ആന്‍ഡ്രിയ പറഞ്ഞു. വളരെക്കാലമായി റിലീസ് ചെയ്യുമെന്ന് വിചാരിച്ചിരിക്കുന്ന ചിത്രമാണ് അതെന്നും പലരും എപ്പോഴും ചോദിക്കുന്ന സിനിമയാണ് പിസാസ് 2വെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ മാസ്‌കിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു ആന്‍ഡ്രിയ.

‘ചില സംവിധായകരുടെ വര്‍ക്ക് ചെയ്യാനായിരുന്നെങ്കില്‍ എന്ന് നമ്മള്‍ വല്ലാതെ ആഗ്രഹിക്കുമല്ലോ. അങ്ങനെയൊരാളാണ് മിഷ്‌കിന്‍ സാര്‍. അദ്ദേഹം സിനിമയെ സമീപിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. അങ്ങനെയൊരു സംവിധായകന്‍ എന്നെ ഒരു സിനിമയിലേക്ക് വിളിക്കുമ്പോള്‍ കഥയൊന്നും നോക്കാറില്ല. പക്ഷേ പിസാസ് 2വിന്റെ കഥ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

ആ സിനിമയെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം ഇത്തരത്തില്‍ ചില രംഗങ്ങളുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. കഥയുമായി ചേര്‍ന്ന് നില്‍ക്കുന്ന സീനാണെങ്കില്‍ എനിക്ക് യാതൊരു മടിയുമില്ല. ചില സംവിധായകരുണ്ട്. നമ്മുടെ സ്‌കര്‍ട്ട് കുറച്ചു താഴ്ത്തിയാല്‍ സിനിമക്ക് കൂടുതല്‍ മൈലേജുണ്ടെന്ന് വിചാരിക്കുന്ന ചിലയാളുകളെ എനിക്കറിയാം. എന്നാല്‍ പിസാസ് 2വില്‍ ഈ സീനിനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്ക് മടി തോന്നിയില്ല.

സ്‌ക്രിപ്റ്റില്‍ നഗ്നരംഗം അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാല്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്നോട് അതിനെക്കുറിച്ച് സംസാരിച്ചു. ‘ഈ സീന്‍ നമ്മള്‍ ചെയ്താല്‍ നിര്‍മാതാവിന് ബുദ്ധിമുട്ടാകും. അതുകൊണ്ട് ഒഴിവാക്കുകയാണ്’ എന്ന് പറഞ്ഞു. ഈ പടത്തില്‍ വേറെയും ഇറോട്ടിക് രംഗങ്ങളുണ്ട്. പക്ഷേ, ആദ്യം കേട്ടതുപോലെ ന്യൂഡിറ്റിയില്ല’ ആന്‍ഡ്രിയ പറഞ്ഞു.

Pisasu 2/ Theatrical poster

2021ല്‍ ആന്‍ഡ്രിയയെ കേന്ദ്രകഥാപാത്രമാക്കി മിഷ്‌കിന്‍ അനൗണ്‍സ് ചെയ്ത ചിത്രമാണ് പിസാസ് 2. കൊവിഡ് കാരണം ഷൂട്ട് നീണ്ടുപോയ ചിത്രത്തിന്റെ ടീസര്‍ മൂന്ന് വര്‍ഷം മുമ്പ് പുറത്തുവിട്ടതായിരുന്നു. ആന്‍ഡ്രിയക്ക് പുറമെ വിജയ് സേതുപതി, പൂര്‍ണ, സന്തോഷ് പ്രതാപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Andrea about the shooting experience with Mysskin in Pisasu 2

We use cookies to give you the best possible experience. Learn more