| Saturday, 7th June 2025, 9:53 pm

തൊഴില്‍ സമയം 10 മണിക്കൂറാക്കാന്‍ ആന്ധ്രാപ്രദേശ്; തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമരാവതി: തൊഴില്‍ സമയം നീട്ടാന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഏറ്റവും കുറഞ്ഞ തൊഴില്‍ സമയം 10 മണിക്കൂറാക്കി ഉയര്‍ത്താനാണ് ആന്ധ്രാ സര്‍ക്കാരിന്റെ തീരുമാനം. ഒമ്പത് മണിക്കൂര്‍ വരെ ജോലി സമയം എന്ന നിയമം ഭേദഗതി ചെയ്യാനാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ ഒരുങ്ങുന്നത്.

നേരത്തെ എട്ട് മണിക്കൂറായിരുന്നു സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ തൊഴില്‍ സമയം. പിന്നീട് ഇത് ഒമ്പത് മണിക്കൂറായി ഉയര്‍ത്തുകയായിരുന്നു.

പുതിയ തീരുമാനം അനുസരിച്ച് ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ സമയത്തേക്ക് വിശ്രമിക്കാവുന്നത്. മുമ്പ് അഞ്ച് മണിക്കൂര്‍ ജോലി ചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം എന്നായിരുന്നു നിയമം.

മാറ്റം നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഈസ് ഓഫ് ഡൂയിങ് ബിസിനസിനും വേണ്ടിയാണെന്നാണ് സര്‍ക്കാരിന്റെ വാദം.

കൂടുതല്‍ സമയം ജോലി ചെയ്താല്‍ കൂടുതല്‍ സമ്പാദിക്കാമെന്നായിരുന്നു മന്ത്രി കെ. പാര്‍ത്ഥസാരഥിയുടെ പ്രതികരണം. നേരത്തെ ഓവര്‍ടൈം 75 മണിക്കൂര്‍ വരെ മാത്രമേ അനുവദിച്ചിരുന്നുള്ളു. ഇന്ന് അത് 144 മണിക്കൂറായി നീട്ടിയിട്ടുണ്ടെന്നും കെ. പാര്‍ത്ഥസാരഥി വിശദീകരിച്ചു.

നിലവില്‍ നിയമ ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ ചട്ടം സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഫാക്ടറികള്‍ക്കും ബാധകമായിരിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ രാത്രികാല ഷിഫ്റ്റുകളില്‍ ഇളവ് നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സ്ത്രീകളുടെ യാത്രയിലുള്‍പ്പെടെ സുരക്ഷയൊരുക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി പാര്‍ത്ഥസാരഥി പറഞ്ഞു.

അതേസമയം സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തെ ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി.

തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ജൂലൈ ഒമ്പതിന് സമ്പൂര്‍ണ പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. സര്‍ക്കാരിന്റേത് തൊഴിലാളികളെ അടിമകളാക്കുന്ന തീരുമാനമാണെന്നും യൂണിയനുകള്‍ പ്രതികരിച്ചു.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണയും എന്‍.ഡി.എ സഖ്യ സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളികളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Content Highlight: Andhra Pradesh Govt to raises working hours to 10 hours

We use cookies to give you the best possible experience. Learn more