| Saturday, 26th September 2026, 12:16 pm

ആന്ധ്ര തദ്ദേശ തെരഞ്ഞെടുപ്പ്: വൈ.എസ്.ആർ.സി.പി ഇടതുപക്ഷവുമായി സഖ്യത്തിനൊരുങ്ങുന്നു; ചർച്ചകൾക്ക് തുടക്കമിട്ട് ജഗൻ-സി.പി.ഐ കൂടിക്കാഴ്ച

ശ്രീലക്ഷ്മി പി.പി

അമരാവതി: ആന്ധ്രാപ്രദേശിൽ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ടി.ഡി.പി-എൻ.ഡി.എ സഖ്യത്തെ നേരിടാൻ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയും ഇടതുപക്ഷ പാർട്ടികളും തമ്മിൽ രാഷ്ട്രീയ സഖ്യത്തിന് ഒരുങ്ങുന്നു. ആന്ധ്രപ്രദേശിലെ പുതിയ രാഷ്ട്രീയ നീക്കം സംബന്ധിച്ച വിവരങ്ങൾ ദ ഇന്ത്യൻ എക്സ്പ്രസ് ആണ് റിപ്പോർട്ട് ചെയ്തത്.

മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി വ്യാഴാഴ്ച മുതിർന്ന സി.പി.ഐ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കരുത്തുപകർന്നത്.

തെരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്കുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയ്ക്കിടെ വിവിധ ജനകീയ വിഷയങ്ങളിൽ ഇരുവിഭാഗവും ആശയവിനിമയം നടത്തി.

സംസ്ഥാനത്തെ വരൾച്ചാ ദുരിതങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച വിജയവാഡയിൽ സി.പി.ഐ സംഘടിപ്പിക്കുന്ന വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം ജഗൻ മോഹൻ റെഡ്ഡി സ്വീകരിച്ചു. കർഷക സംഘടനകളുമായി സഹകരിച്ച് നടത്തുന്ന ഈ ക്യാമ്പയിനിലും ജനകീയ പോരാട്ടങ്ങളിലും പങ്കാളിയാകാൻ ജഗൻ സന്നദ്ധത അറിയിച്ചതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ജി. ഈശ്വരയ്യ വ്യക്തമാക്കി.

അതേസമയം, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഉടൻ തുടങ്ങണമെന്നും കരുത്തരും ജനപിന്തുണയുള്ളവരുമായ മികച്ച സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കണമെന്നും ജഗൻ പാർട്ടി ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ യാതൊരുവിധ വിവാദങ്ങളും ഉണ്ടാകരുതെന്ന് ജഗൻ മോഹൻ റെഡ്ഡി പാർട്ടി നേതൃത്വത്തിന് കർശന മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടിൽ പറയുന്നു. ആഭ്യന്തര തർക്കങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കണം. ഭാവി തെരഞ്ഞെടുപ്പുകളിൽ കൂടി പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്ന തരത്തിലാകണം സ്ഥാനാർത്ഥി നിർണയമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റീജിയണൽ കോർഡിനേറ്റർമാർ താഴെത്തട്ടിലുള്ള നേതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്തി പൊതുവികാരം ഉൾക്കൊള്ളണം. പല ഘട്ടങ്ങളിലായുള്ള വിശദമായ കൂടിയാലോചനകൾക്ക് ശേഷമേ സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാവൂ. പ്രാദേശിക ഘടകങ്ങളുടെ പ്രവർത്തനം കൃത്യമായി നിരീക്ഷിക്കാനും, ബൂത്ത്-ഗ്രാസ്റൂട്ട് തലങ്ങളിൽ സംഘടനയെ സജ്ജമാക്കാനും കോർഡിനേറ്റർമാർക്ക് അദ്ദേഹം നിർദേശം നൽകി.

മുൻ വൈ.എസ്.ആർ.സി.പി സർക്കാരിന്റെ കാലത്തെ ക്ഷേമ-വികസന നേട്ടങ്ങൾ ഓരോ വീടുകളിലുമെത്തി വിശദീകരിക്കാനും, നിലവിലെ സർക്കാരിന്റെ വീഴ്ചകൾ ജനങ്ങളിലേക്ക് തുറന്നുകാട്ടാനും നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ജഗൻ നിർദ്ദേശിച്ചു.

Content Highlight:Andhra Local Body Elections: YSRCP Set to Forge Alliance with Left Parties; Jagan Meets CPI to Initiate Talks.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more