| Saturday, 15th June 2019, 8:33 pm

'ഇന്ന് പുലര്‍ച്ചെ തോന്നിയ ആവേശത്തിന്റെ പേരില്‍ സിനിമയെടുക്കാന്‍ ഇറങ്ങിയതല്ലല്ലോ ഞാന്‍'; ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസിന് മുന്‍പ് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. അനു സിത്താരയാണ് നായിക. മാധ്യമ പ്രവര്‍ത്തകയുടെ റോളിലാണ് അനു സിതാര എത്തുന്നത്.

സിനിമാമോഹിയായ ഇസഹാക് ഇബ്രാഹിമിന്റെ സ്വപ്നങ്ങളും സിനിമാ യാത്രകളുമാണ് ട്രെയിലറില്‍ കാണുന്നത്. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു.

സിദ്ദീഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി ശരത് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കേരളത്തിലും കാനഡയിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. മധു അമ്പാട്ടാണ് ക്യാമറ. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ സംവിധാനം. ബിജിബാലാണ് സംഗീത സംവിധായകന്‍.

കാനഡ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ സിനിമ നേടിയിരുന്നു. ടൊവിനോ തോമസ് മികച്ച നടനായും സലിം അഹമ്മദ് സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു.

Latest Stories

We use cookies to give you the best possible experience. Learn more