| Sunday, 20th July 2025, 1:16 pm

തിരുവണ്ണാമലയില്‍ ബി.സി നാലാം നൂറ്റാണ്ടിലെ പുരാതന ശിലാലിഖിതം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയ്ക്ക് അടുത്ത് പുരാതന ശിലാലിഖിതം കണ്ടെത്തി. ബി.സി നാലാം നൂറ്റാണ്ടിലേതാണ് ഇതെന്നാണ് കണക്കാക്കുന്നത്. നാടുകല്‍ എന്ന ശിലയാണ് കണ്ടെത്തിയിരിക്കുന്നത്.

നാട്ടിലെ വീരന്‍മാര്‍ മരിച്ചാല്‍ അവരുടെ ഓര്‍മക്കായി സ്ഥാപിക്കുന്ന ശിലയാണ് നാടുകല്‍. മല്ലികപുരം എന്ന ഗ്രാമത്തിലെ കേന്ദ്ര ശിലാ സമുച്ചയങ്ങളുടെ സ്ഥലത്തിനടുത്തുള്ള കൃഷിയിടത്തില്‍ നിന്നാണ് ശിലാലിഖിതം കണ്ടെത്തിയത്.

വിണ്ണന്‍ എന്ന നാട്ടുവീരന്റെ പേരിലുള്ള ശിലാലിഖിതമാണ് ഇത്. പശുക്കളെ കടത്തി കൊണ്ടുപോകാന്‍ വന്ന സംഘത്തെ നേരിട്ട വീരനായിരുന്നു വിണ്ണന്‍ എന്നാണ് രേഖകളില്‍ പറയുന്നത്.

ഏകദേശം ഒരു അടി ഉയരവും വീതിയുമുള്ള കല്ലില്‍ അഞ്ച് വരികളിലായിട്ടാണ് വിണ്ണനെ കുറിച്ച് എഴുതിയിരിക്കുന്നത്. വെച്ചി യുദ്ധത്തില്‍ കരുങ്ങാലി നല്ലൂരില്‍ നിന്നുള്ള കണ്ണന്തൈകന്റെ മകന്‍ വിണ്ണന്റെ വീരമൃത്യു സ്മരണക്കായി സ്മാരക ശില സ്ഥാപിച്ചുവെന്നാണ് ഇതില്‍ എഴുതിയത്.

എന്നാല്‍ വിണ്ണന്റെ ചിത്രം ഈ ശിലാലിഖിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ജില്ലാ ചരിത്ര ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരായ എസ്. ബാലമുരുഗന്‍, സി. പളനിസ്വാമി, എം. രാജ എന്നിവര്‍ ചേര്‍ന്നാണ് ഈ ചരിത്രശേഖരം കണ്ടെത്തിയത്.

വട്ടെഴുത്തില്‍ നിന്നും ബ്രാഹ്‌മ തമിഴിലേക്കും അവിടെ നിന്ന് തമിഴിലേക്കുമുള്ള ഭാഷയുടെ പരിണാമം വെളിവാകുന്നതാണ് ഇതിലെ ഭാഷ. തമിഴില്‍ ഇന്നുവരെ കണ്ടെത്തിയ പില്‍ക്കാല തമിഴ് ലിപി ലിഖിതങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

തമിഴ് ചരിത്രത്തില്‍ ഈ കാലഘട്ടത്തിലെ ലിഖിതങ്ങള്‍ വളരെ കുറവാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. തമിഴ് വീര പാരമ്പര്യത്തെയും പുരാതന എഴുത്ത് പാരമ്പര്യത്തെയും കുറിച്ചുള്ള വിവരങ്ങളുടെ പ്രധാന ഉറവിടമാണ് ഇതെന്നും അവര്‍ പറയുന്നു.

തിരുവണ്ണാമലൈ ജില്ലയില്‍ നിന്നും ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമുള്ളതാണ് ഈ ശിലയെന്നാണ് ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്.

Content Highlight: Ancient stone inscription from the 4th century BC discovered in Tiruvannamalai

We use cookies to give you the best possible experience. Learn more