| Thursday, 30th October 2025, 3:54 pm

ടൈറ്റില്‍ പ്രഖ്യാപിക്കുന്നതിന് മുമ്പേ അനശ്വരയുടെ തമിഴ് ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്, ക്യാമറക്ക് പിന്നില്‍ മാത്രം നിന്നയാള്‍ നായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് മികച്ച സിനിമകളുടെ ഭാഗമായ അനശ്വര രാജന്‍ തമിഴിലും സ്ഥിരം സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. മുമ്പ് രണ്ട് തമിഴ് സിനിമകളുടെ ഭാഗമായ താരം ഇപ്പോള്‍ ഒരേ സമയം മൂന്ന് തമിഴ് ചിത്രങ്ങളുടെ തിരക്കിലാണ്. തമിഴില്‍ അനശ്വരയുടെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിലെ നായകന്‍ പുതുമുഖമാണ്. ക്യാമറക്ക് പിന്നില്‍ നിന്നുകൊണ്ട് ഈ വര്‍ഷം ഞെട്ടിച്ച അഭിഷന്‍ ജീവിന്താണ് അനശ്വരയുടെ നായകനാകുന്നത്.

ടൂറിസ്റ്റ് ഫാമിലി എന്ന ഒരൊറ്റ ചിത്രം കൊണ്ടുതന്നെ സിനിമാലോകത്ത് തന്റേതായ സ്ഥാനം നേടാന്‍ അഭിഷന് സാധിച്ചിരുന്നു. ക്യാമറക്ക് മുന്നില്‍ ആദ്യമായി നായകവേഷം ചെയ്യുമ്പോള്‍ അഭിഷന് ഇരട്ടി സന്തോഷമാണ്. സൗന്ദര്യ രജിനികാന്തും മഗേഷ് രാജും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്.

ടൈറ്റില്‍ പോലും പുറത്തുവരുന്നതിന് മുമ്പ് നെറ്റ്ഫ്‌ളിക്‌സിനെപ്പോലെ വലിയൊരു പ്ലാറ്റ്‌ഫോം ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കിയതാണ് സിനിമാലോകത്തെ ഏറ്റവും പുതിയ വാര്‍ത്ത. താരബാഹുല്യത്തിനപ്പുറം കണ്ടന്റുകള്‍ വിജയിക്കുന്ന കാലമാണിതെന്ന് തമിഴ് സിനിമയെ വീണ്ടും ഓര്‍മപ്പെടുത്തുന്ന സംഭവമാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നു.

ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ അവസാനിച്ചിരുന്നു. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുകയാണ്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. നവാഗതനായ മദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൂറിസ്റ്റ് ഫാമിലിക്ക് സംഗീതമൊരുക്കിയ ഷോണ്‍ റോള്‍ഡന്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം.

അഭിനേതാവെന്ന നിലയില്‍ അഭിഷന്‍ ടൂറിസ്റ്റ് ഫാമിലിയില്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. വെറും പത്ത് മിനിറ്റ് മാത്രമുള്ള കഥാപാത്രമായി വന്ന് പ്രേക്ഷകരുടെ കണ്ണ് നിറക്കാന്‍ അഭിഷന് സാധിച്ചു. മുഴുനീള വേഷത്തില്‍ എന്തായാലും അഭിഷന്‍ ഞെട്ടിക്കുമെന്നും ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കുമെന്നും പലരും കരുതുന്നു.

ടൂറിസ്റ്റ് ഫാമിലിയുടെ വമ്പന്‍ വിജയത്തിന്റെ സന്തോഷ സൂചകമായി ചിത്രത്തിന്റെ നിര്‍മാതാവ് അഭിഷന് ബി.എം.ഡബ്ല്യൂ കാര്‍ കഴിഞ്ഞദിവസം സമ്മാനിച്ചിരുന്നു. അഭിഷന്റെ വിവാഹത്തോടനുബന്ധിച്ചാണ് നിര്‍മാതാവ് കാര്‍ സമ്മാനിച്ചത്. ടൂറിസ്റ്റ് ഫാമിലിയുടെ പ്രൊമോഷനിടയിലായിരുന്നു തന്റെ ബാല്യകാലസുഹൃത്തായ അഖിലയെ പ്രൊപ്പോസ് ചെയ്തത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എല്ലാം കൊണ്ടും അഭിഷന്റെ ജീവിതത്തിലെ മികച്ച വര്‍ഷങ്ങളിലൊന്നായി 2025 മാറിയിരിക്കുകയാണ്.

Content Highlight: Anawara Rajan’s new Tamil movie’s rights bagged by Netflix

We use cookies to give you the best possible experience. Learn more