| Friday, 6th February 2026, 2:32 pm

എന്റെ ലവ് ലൈഫിനെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്; ബുദ്ധിയില്ലാത്ത കാലത്ത് ചെയ്ത പടങ്ങളായിരുന്നത്: അനശ്വര രാജൻ

നന്ദന എം.സി

മലയാളികളുടെ പ്രിയപ്പെട്ട യുവ നടിമാരിൽ ഒരാളായ അനശ്വര രാജൻ മലയാള സിനിമയുടെ അതിരുകൾ കടന്ന് മറ്റ് ഭാഷകളിലേക്കും തന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുകയാണ്. ചാംപ്യൻ എന്ന ചിത്രത്തിലൂടെയാണ് അനശ്വര തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ അനശ്വരയുടെ പുതിയ ചിത്രം ‘വിത്ത് ലവ്’ ഇന്ന് (ഫെബ്രുവരി 6) തീയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ടൂറിസ്റ്റ് ഫാമിലി എന്ന ചിത്രത്തിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ആണ് ചിത്രത്തിലെ നായകൻ. നവാഗതനായ മദൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ, സിനിമയെക്കുറിച്ചും തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും അനശ്വര പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

വിത്ത് ലവ്’, Photo: IMDb

‘എന്റെ റൊമാന്റിക് ലൈഫിനെ കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്. പക്ഷേ ആ അനുഭവങ്ങൾ എല്ലാവർക്കും കണക്ട് ചെയ്യാവുന്നതാണ്. സ്കൂൾ ടൈമിൽ നമുക്ക് ഒരു ക്രഷ് ഉണ്ടാകാറുണ്ടല്ലോ. സിനിമകളിൽ സാധാരണയായി കാണുന്നത് നായകന്റെ സൈഡിൽ നിന്നുള്ള പ്രണയമാണ്. എന്നാൽ ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിൽ നിന്ന് പ്രണയം എങ്ങനെയായിരിക്കും എന്നതാണ് ഈ സിനിമയിലെ എന്റെ കഥാപാത്രം. അതിനാലാണ് ഈ ക്യാരക്ടറിനോട് എനിക്ക് ഒരു കണക്ഷൻ തോന്നിയത്,’ അനശ്വര പറഞ്ഞു.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിൽ അനശ്വര–മാത്യു കോംബോ പ്രേക്ഷകർ ഏറ്റെടുത്തതുപോലെ, ‘വിത്ത് ലവ്’ ചിത്രത്തിലെ അനശ്വര–അബിഷൻ ജീവിന്ത് കൂട്ടുകെട്ടും പ്രേക്ഷകർ സ്വീകരിക്കണമെന്ന ആഗ്രഹവും താരം പങ്കുവച്ചു.

വിത്ത് ലവ്’, Photo: IMDb

‘ഈ ചിത്രത്തിൽ സ്കൂൾ പശ്ചാത്തലത്തിലുള്ള മനോഹരമായ റൊമാന്റിക് മുഹൂർത്തങ്ങളുണ്ട്. തണ്ണീർ മത്തൻ ദിനങ്ങൾ പോലെ ഇതും പ്രേക്ഷകർ സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം,’ താരം കൂട്ടിച്ചേർത്തു.

തന്റെ കരിയറിന്റെ തുടക്കത്തിലേ സിനിമാ തിരഞ്ഞെടുപ്പുകളെക്കുറിച്ചും അനശ്വര തുറന്നുപറഞ്ഞു.
‘ഉദാഹരണം സുജാതയ്ക്ക് ശേഷം ഞാൻ ചെയ്ത ആദ്യ തമിഴ് ചിത്രം ‘റാങ്കി’ ആയിരുന്നു. അന്ന് പുതിയ ഭാഷയിൽ അഭിനയിക്കാനുള്ള എക്സൈറ്റ്‌മെന്റിൽ കഥാപാത്രത്തെക്കുറിച്ച് അത്ര ആലോചിച്ചില്ല. ‘തഗ്‌സ്’ സിനിമയും അങ്ങനെ തന്നെയാണ്. ഇപ്പോഴാണ് ഞാൻ കഥാപാത്രം നോക്കി സിനിമ തിരഞ്ഞെടുക്കാൻ തുടങ്ങിയത്. അന്ന് ബുദ്ധിയില്ലാത്ത കാലത്ത് ചെയ്ത ചില സിനിമകളായിരുന്നു അവ,’ അനശ്വര പറഞ്ഞു.
തന്റെ സുഹൃത്തായ മമിത ബൈജുവിനൊപ്പം അവസാനം ചെയ്ത ചിത്രം സൂപ്പർ ശരണ്യയാണെന്നും, സമാനമായ സ്ക്രിപ്റ്റുകൾക്കായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേർത്തു.

‘ഇപ്പോൾ നല്ല കഥാപാത്രങ്ങളും എല്ലാവരിലേക്കും എത്തുമെന്ന് തോന്നുന്ന സിനിമകളുമാണ് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത്. സൂപ്പർ ശരണ്യ പോലൊരു ചിത്രം വീണ്ടും ചെയ്യാൻ ആഗ്രഹമുണ്ട്. നല്ല സ്ക്രിപ്റ്റ് വന്നാൽ തീർച്ചയായും ചെയ്യും.’ അനശ്വര രാജൻ പറഞ്ഞു.

Content Highlight: Anaswara Rajan  talk about the movie With Love

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more