| Friday, 6th February 2026, 6:50 pm

രജിനി സാറിനെ കണ്ടപ്പോള്‍ അച്ഛന്‍ ഒരു കുട്ടിയെ പോലെ എക്‌സൈറ്റഡായി:അനശ്വര രാജന്‍

ഐറിന്‍ മരിയ ആന്റണി

ടൂറിസ്റ്റ് ഫാമിലിയുടെ സംവിധായകന്‍ അബിഷന്‍ ജീവിന്തും അനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തിയ വിത്ത് ലവ് ഇന്നാണ് (ഫെബ്രുവരി 6) തിയേറ്ററുകളിലെത്തിയത്. നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം റോം കോം ഴോണറിലാണ് ഒരുങ്ങിയത്.സൗന്ദര്യ രജിനികാന്താണ് ചിത്രം നിര്‍മിച്ചത്.

ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പ്രീമിയര്‍ നടന്നിരുന്നു. തന്റെ കുടുംബത്തിനൊപ്പം രജിനികാന്തിന്റെ കൂടെ നില്‍ക്കുന്ന ഒരു ചിത്രം അനശ്വര സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ റെഡ് എഫ്.എമ്മുമായുള്ള അഭിമുഖത്തില്‍ രജിനികാന്തുമായി നേരില്‍ കണ്ട് സംസാരിച്ചയനുഭവം പങ്കുവെക്കുകയാണ് അനശ്വര.

‘സൗന്ദര്യ രജിനികാന്ത് മാം ആണ് ഞങ്ങളുടെ സിനിമയുടെ പ്രൊഡ്യൂസര്‍, അപ്പോള്‍ സിനിമയുടെ പ്രീമിയറിന് രജിനി സാറും വന്നിരുന്നു. എന്റെ അച്ഛന്‍ വലിയ രജിനികാന്ത് ഫാനാണ്. രജിനികാന്തിന്റെ സിനിമകള്‍ വന്നാല്‍ അച്ചന്‍ ഒരിക്കലും മിസാക്കാറില്ല, അച്ഛന്‍ കാണുന്നത് കണ്ടാണ് ഞാനും അങ്ങനെ തമിഴ് സിനിമകള്‍ കാണാന്‍ തുടങ്ങിയത്.

പടയപ്പ സിനിമയൊക്കെ ഞാന്‍ ഒരു നൂറ് വട്ടം കണ്ടിട്ടുണ്ടാകും. ടിവിയില്‍ വന്നാല്‍ അച്ഛന്‍ എപ്പോഴും അത് കാണുമായിരുന്നു. രജിനികാന്ത് സാറിന്റെ മകള്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുകയാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ എക്‌സൈറ്റഡായിരുന്നു. സൗന്ദര്യ മാംമിനോട് അച്ഛന്‍ രജിനികാന്ത് സാറിന്റെ വലിയ ഫാനാണെന്ന് ഞാന്‍ പറഞ്ഞിരുന്നു അപ്പോള്‍ മാമാണ് അദ്ദേഹത്തെ പ്രീമിയര്‍ ഷോയ്ക്ക് കൊണ്ടുവന്നത്,’ അനശ്വര പറയുന്നു.

പ്രീമിയറിന് അച്ഛനുമുണ്ടായിരുന്നുവെന്നും പിന്നെ രജിനികാന്തിന്റെ കൂടെ പോയി ഫോട്ടോയെടുക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും നടി പറഞ്ഞു. അച്ഛന്‍ രജിനികാന്തിനെ കണ്ടപ്പോള്‍ ഒരു കുട്ടിയെ പോലെയാണ് പെരുമാറിയതെന്നും അത്ര എക്‌സൈറ്റ്‌മെന്റായിരുന്നുവെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു. സിനിമയുടെ സെക്കന്‍ഡ് ഹാഫ് എത്തിയപ്പോള്‍ അച്ഛന്‍ അവിടെയൊന്നുമുണ്ടായിരുന്നില്ലെന്നും അനശ്വര പറഞ്ഞു.

സീന്‍ റോള്‍ഡന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന വിത്ത് ലവില്‍ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Anaswara Rajan shares the experience of meeting Rajinikanth with her family

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more