| Friday, 6th March 2026, 9:00 am

എന്റെ കരിയറിനെ ആ സിനിമയ്ക്ക് മുമ്പും ശേഷവും എന്നിങ്ങനെ രണ്ടായി തിരിക്കാം; സാറക്ക് മനസില്‍ പ്രത്യേക സ്ഥാനമുണ്ട്: അനശ്വര രാജന്‍

ഐറിന്‍ മരിയ ആന്റണി

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്ത നടിയാണ് അനശ്വര. 2016ല്‍ സിനിമാജീവിതം ആരംഭിച്ച അനശ്വര വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഇടം നേടി.

സൂപ്പര്‍ ശരണ്യ, നേര്, രേഖാചിത്രം തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ താരം തമിഴ്, തെലുങ്ക് ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അനശ്വരയുടെ കരിയറില്‍ വഴിത്തിരവായി തീര്‍ന്ന ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ നേര്.

സിനിമയില്‍ സാറ മുഹമ്മദ് എന്ന കഥാപാത്രമായാണ് നടി എത്തിയത്.  ഇപ്പോഴിതാ മഹിളാരത്‌നം മാഗസിനുമായുള്ള അഭിമുഖത്തില്‍ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് അനശ്വര.

‘എന്റെ കരിയറിനെ ‘നേര്’ എന്ന സിനിമയ്ക്ക് മുമ്പ് ശേഷം എന്നിങ്ങനെ രണ്ടായി പിരിക്കാം. ഞാന്‍ എവിടെച്ചെന്നാലും ‘നേര്’എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചാണ് അധികമാളുകളും സംസാരിക്കാറ്. അതില്‍ ലാല്‍ സാറിനൊപ്പമാണല്ലോ അഭിനയിച്ചത്.

അഭിനയിക്കുന്ന വേളയില്‍ അദ്ദേഹം യഥാര്‍ത്ഥ കഥാപാത്രമായിത്തന്നെ മാറും എന്ന് കേട്ടിരുന്നു. എന്നാലത് നേരില്‍ കണ്ടത് വലിയ അനുഭവം തന്നെയായിരുന്നു. നേരിലെ സാറാ എന്ന കഥാപാത്രത്തിന് എന്റെ മനസില്‍ എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്,’ അനശ്വര പറയുന്നു.

Photo: അനശ്വര രാജന്‍,നേര് സിനിമയിലെ രംഗത്തില്‍ നിന്ന്

ടൈറ്റില്‍ കഥാപാത്രങ്ങളില്‍ അഭിനയിക്കുക എന്നത് തനിക്ക് വളരെയധികം ഇഷ്ടമുള്ള കാര്യമാണെന്നും അങ്ങനെ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ഫ്രീയാണ്, ഒരു ഭാരം തോന്നാറില്ലെന്നും നടി പറയുന്നു. പ്രധാനമായും ടെന്‍ഷനില്ലാതെ ജോലി ചെയ്യാന്‍ ആദ്യം വേണ്ടത് നല്ലൊരു ടീമാണെന്നും രേഖാ ചിത്രം, സൂപ്പര്‍ ശരണ്യ ഈ രണ്ട് സിനിമകള്‍ക്കും തനിക്ക് നല്ലൊരു ടീമിനെ കിട്ടിയിട്ടുണ്ടെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

അതുകൊണ്ട് ഉത്സാഹപൂര്‍വ്വം അഭിനയിച്ചുവെന്നും നടി പറഞ്ഞു. അന്യ ഭാഷ സിനിമകളില്‍ ഇനിയും അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും മണിരത്‌നം സിനിമയില്‍ ഒരു ഫ്രെയ്മിലെങ്കിലും വരണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അനശ്വര പറഞ്ഞു.

വിത്ത് ലവാണ് താരത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നവാഗതനായ മദന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ അബിഷന്‍ ജീവിന്താണ് നായക വേഷത്തിലെത്തിയത്. റോം കോം ഴോണറിലൊരുങ്ങിയ ഈ സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ബോക്‌സ് ഓഫീസില്‍ തിളങ്ങുകയും ചെയ്തിരുന്നു.

Content Highlight: Anaswara rajan  says her career can be divided into two parts: before and after the film ‘Neru’

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more