| Sunday, 8th March 2026, 10:25 pm

പെര്‍ഫോമന്‍സ് കൊള്ളാം, പക്ഷേ ഡബ്ബിങ് വേറെ ആരെങ്കിലും ചെയ്താല്‍ മതിയായിരുന്നു, വിത്ത് ലവ് ഒ.ടി.ടി റിലീസിന് ശേഷം അനശ്വരക്ക് അഭിനന്ദനം

അമര്‍നാഥ് എം.

വമ്പന്‍ സിനിമകള്‍ അമ്പേ പരാജയപ്പെട്ടപ്പോള്‍ അധികം ഹൈപ്പില്ലാതെ വന്ന് ചെറിയ സിനിമകള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് തമിഴ് ഇന്‍ഡസ്ട്രിയില്‍. അത്തരത്തില്‍ ഈ വര്‍ഷം വന്‍ വിജയമായ ചിത്രമാണ് വിത്ത് ലവ്. നവാഗതനായ മദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായെത്തിയത് ടൂറിസ്റ്റ് ഫാമിലി ഒരുക്കിയ അബിഷന്‍ ജീവിന്താണ്. മലയാളികളുടെ സ്വന്തം അനശ്വര രാജനാണ് ചിത്രത്തിലെ നായികയായി വേഷമിട്ടത്.

കല്യാണാലോചനയുടെ പേരില്‍ കണ്ടുമുട്ടിയ നായകനും നായികയും അവരുടെ സ്‌കൂള്‍ കാലത്തെ പ്രണയത്തെക്കുറിച്ച് പറയുന്നതും പഴയ ക്രഷിനെ തേടിപ്പോകുന്നതുമാണ് ചിത്രത്തിന്റെ കഥ. അടുത്ത കാലത്ത് വന്നതില്‍ വെച്ച് മികച്ച റോം കോം ചിത്രമാണ് ഇതെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ബോക്‌സ് ഓഫീസില്‍ 40 കോടിയോളം നേടിയ ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നായകനായുള്ള അബിഷന്റെ അരങ്ങേറ്റത്തെ പലരും പ്രശംസിക്കുന്നുണ്ട്. അതോടൊപ്പം അനശ്വരയുടെ പെര്‍ഫോമന്‍സും ഗംഭീരമായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. മോനിഷ എന്ന കഥാപാത്രം മറ്റാര്‍ക്കും ചെയ്ത് ഫലിപ്പിക്കാനാകാത്ത വിധം അനശ്വര ഗംഭീരമാക്കിയെന്നാണ് കമന്റ്.

എന്നാല്‍ പെര്‍ഫോമന്‍സ് ഗംഭീരമായിരുന്നെങ്കിലും അനശ്വരയുടെ ഡബ്ബിങ് അത്ര മികച്ചതല്ലായിരുന്നെന്നും കമന്റുകളുണ്ട്. പെര്‍ഫോമന്‍സില്‍ മികച്ചു നില്‍ക്കുമ്പോഴും സംസാരത്തില്‍ മലയാളം കയറിവന്നത് സീനിന്റെ ഫ്‌ളോ കളഞ്ഞെന്നും ചിലര്‍ കമന്റ് പങ്കുവെച്ചു. തമിഴ്‌നാട്ടില്‍ ജനിച്ചുവളര്‍ന്ന പെണ്‍കുട്ടിയുടെ തമിഴ് പോലെയല്ലായിരുന്നു അനശ്വരയുടെ ഡയലോഗ് ഡെലിവറിയെന്നും കമന്റുകളുണ്ട്.

എന്നാല്‍ ഡയലോഗ് ഡെലിവറി മാറ്റിനിര്‍ത്തിയാല്‍ ബാക്കിയെല്ലാം ഗംഭീരമായിട്ടുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു. വരുംകാലങ്ങളില്‍ ഇതെല്ലാം അനശ്വര മെച്ചപ്പെടുത്തുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അബിഷന്‍- അനശ്വര കെമിസ്ട്രി നല്ല രീതിയില്‍ വര്‍ക്കൗട്ടായെന്നും അതാണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റെന്നും പോസ്റ്റുകളുണ്ട്.

സ്‌കൂള്‍ കാലത്തെ വണ്‍സൈഡ് ലവിനെക്കുറിച്ചുള്ള നൊസ്റ്റാള്‍ജിയ പ്രേക്ഷകരിലും കൊണ്ടുവരാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്. നായകനായുള്ള അരങ്ങേറ്റം ബ്ലോക്ക്ബസ്റ്ററാക്കിയ അബിഷനും തമിഴിലെ ആദ്യ ഹിറ്റ് സ്വന്തമാക്കിയ അനശ്വരയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. വിത്ത് ലവിലെ പല രംഗങ്ങളും വരുംദിവസങ്ങളില്‍ റീല്‍സ് ലോകം ഭരിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Content Highlight: Anaswara Rajan’s performance in With Love movie getting appreciation after the OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more