മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന അഭിനേത്രികളാണ് മമിത ബൈജുവും അനശ്വര രാജനും. 2022 ല്‍ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പര്‍ ശരണ്യയില്‍ ഒന്നിച്ചഭിനയിച്ച ഇരുവരും ഇന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നായികമാരാണ്. കീര്‍ത്തീശ്വരന്‍ സംവിധാനം ചെയ്ത ഡ്യൂഡില്‍ തിളങ്ങിയ മമിത, വിജയ്‌യുടെ അവസാന ചിത്രമായി പുറത്തിറങ്ങാനിരിക്കുന്ന ജന നായകനില്‍ താരത്തിന്റെ സഹോദരിയായി വേഷമിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മദന്‍ സംവിധാനം ചെയ്ത വിത്ത് ലവ് ആണ് അനശ്വരയുടെ പുതിയ തമിഴ് ചിത്രം.
അനശ്വര രജിനിക്കൊപ്പം. Photo: Anaswara Rajan/ Facebook.com
ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ തലൈവനായ രജിനികാന്തിനൊപ്പം അനശ്വര പങ്കുവെച്ച ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ലീഡര്‍ വിത്ത് ലവ് എന്ന അടിക്കുറിപ്പോടെ അനശ്വര തന്റെ ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും പങ്കുവെച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. അനശ്വരയുടെ പുതിയ ചിത്രം വിത്ത് ലവ് സംവിധാനം ചെയ്തിരിക്കുന്നത് രജിനികാന്തിന്റെ മകളായ സൗന്ദര്യ രജിനികാന്ത് ആയിരുന്നു.
എന്നാല്‍ ചിത്രം പുറത്ത് വന്നതിന് പിന്നാലെ അനശ്വരയും മമിതയും തമ്മിലുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഏകദേശം കരിയര്‍ ഒരേ സമയം ആരംഭിച്ച് സമാനമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ഇരുവരും തമിഴ് സിനിമയിലെ അതികായരായ ദളപതിക്കും തലൈവര്‍ക്കുമൊപ്പമെത്തിയതാണ് ഈ കൗതുകത്തിന് കാരണം.
പ്രേമലുവിലെ പ്രകടനത്തിലൂടെ സൗത്ത് ഇന്ത്യയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട മമിത പിന്നീട് ചെയ്തതും വരാനിരിക്കുന്നതുമായ ചിത്രങ്ങള്‍ തമിഴിലാണ് എന്ന പ്രത്യേകതയുണ്ട്. ഇതില്‍ ഏറ്റവും വലിയ ചിത്രമാണ് വിജയ്‌യുടെ ജന നായകന്‍. ചിത്രത്തില്‍ വിജയ്‌യുടെ സഹോദരിയായി താരം വേഷമിടുന്നെന്ന വാര്‍ത്ത വലിയ ആവേശത്തോടെയായിരുന്നു സിനിമാ ലോകം സ്വീകരിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച സമയത്ത് വിജയ്‌ക്കൊപ്പമുള്ള മമിതയുടെ ഫോട്ടോയും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ നടി പാടിയ ഗാനവും വലിയ രീതിയില്‍ വൈറലായിരുന്നു.
മമിത വിജയ്‌ക്കൊപ്പം. Photo: Ott play
മറുവശത്ത് മലയാളത്തില്‍ നേര്, ഗുരുവായൂരമ്പല നടയില്‍, അബ്രഹാം ഓസ്ലര്‍, പൈങ്കിളി തുടങ്ങിയ ചിത്രങ്ങളുടെ ഭാഗമായതിന് ശേഷം അനശ്വര തെലുങ്കില്‍ വേഷമിട്ട റോഷന്‍ മെക്ക നായകനായ ചാമ്പ്യന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ അനശ്വരയുടെ ഡബ്ബിങ്ങും ‘ഗിര ഗിര’ ഗാനരംഗവും വലിയ രീതിയില്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ചിത്രത്തിന് തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് ടൂറിസ്റ്റ് ഫാമിലി ഫെയിം അബിഷാന്‍ ജീവിന്ത് നായകനായ റോം-കോം വിത്ത് ലവിലേക്ക് അനശ്വരയെത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Content Highlight: Anaswara Rajan’s new photo with Rajinikanth goes viral on social media