2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജന്‍. പിന്നീട് 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവില്‍ മലയാളത്തിലെ മുന്‍ നിര നായിക നടിമാരില്‍ ഒരാളാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളിലെ സജീവ സാന്നിധ്യമാണ്. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന് ശേഷം പുറത്തുവന്ന അനശ്വരയുടെ ചിത്രങ്ങളെല്ലാം അന്യഭാഷയിലായിരുന്നു.
റോഷന്‍ മെക്കയ്‌ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം ചാമ്പ്യന്‍, അബിഷാന്‍ ജീവിന്തിനൊപ്പം തമിഴില്‍ വിത്ത് ലവ്, ജി.വി പ്രകാശ് കുമാര്‍ നായകനായ മറ്റൊരു തമിഴ് ചിത്രം ലക്കി ദ സൂപ്പര്‍സ്റ്റാര്‍ തുടങ്ങി താരം കോളിവുഡിലും ടോളിവുഡിലും കഴിവ് തെളിയിച്ചിരുന്നു. ഇപ്പോഴിതാ തെലുങ്ക് സിനിമയുടെ തലതൊട്ടപ്പന്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനാകുന്ന ചിത്രത്തില്‍ അനശ്വരയും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.
അനശ്വര രാജന്‍.. Photo: X.com
മെഗാസ്റ്റാര്‍158 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജയ്ക്കായി അനശ്വര എത്തുന്ന വീഡിയോസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ പൂജയ്ക്ക് വിശിഷ്ടാതിഥിയായി എത്തിയത് തെലുങ്ക് സൂപ്പര്‍ താരവും ആന്ധ്രാപ്രേദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്ല്യാണായിരുന്നു. പവന്‍ കല്ല്യാണും ചിരഞ്ജീവിയും ചേര്‍ന്ന് അനശ്വരയെ വേദിയിലേക്ക് സ്വീകരിക്കുന്ന വീഡിയോസും ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഡാകു മഹാരാജ് സമ്മാനിച്ച ബോബി കൊല്ലിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ് കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ഭീമന്മാരായ കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാലനറിലാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്കില്‍ കെ.വി.എന്നിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് മെഗാസ്റ്റാര്‍ 158 എന്ന പ്രത്യേകതയുമുണ്ട്. ജനനായകന്‍, ടോക്‌സിക്ക് തുടങ്ങി പുറത്തിറങ്ങാനിരിക്കുന്ന വമ്പന്‍ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് കെ.വി.എന്‍.
മെഗാസ്റ്റാര്‍158 പൂജയില്‍ നിന്നും. Photo: Bobby/ X.com
തെലുങ്കിലടക്കം വമ്പന്‍ ചിത്രങ്ങള്‍ താരത്തെ തേടിയെത്തിയതോടെ മലയാളത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനില്‍ക്കുകയാണോ താരം എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത നേരിലൂടെ തന്റെ പൊട്ടന്‍ഷ്യല്‍ തെളിയിച്ച താരത്തിന് മലയാള സിനിമയില്‍ ഇനിയും ഒരുപാട് നല്ല വേഷങ്ങള്‍ ചെയ്യാനുണ്ടെന്നും പ്രേക്ഷകര്‍ ഓര്‍മിപ്പിക്കുന്നു.
Content Highlight: Anaswara Rajan being part of new Telugu movie starring Chiranjeevi