2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജന്‍. പിന്നീട് 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവില്‍ മലയാളത്തിലെ മുന്‍ നിര നായിക നടിമാരില്‍ ഒരാളാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളിലെ സജീവ സാന്നിധ്യമാണ്. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന് ശേഷം പുറത്തുവന്ന അനശ്വരയുടെ ചിത്രങ്ങളെല്ലാം അന്യഭാഷയിലായിരുന്നു.
സൂപ്പര്‍ ശരണ്യ. Photo: X.com
ബാലതാരമായി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട അനശ്വരയ്ക്ക് നായികയെന്ന നിലയില്‍ വലിയ പൊട്ടന്‍ഷ്യല്‍ സമ്മാനിച്ച സംവിധായകനായിരുന്നു ഗിരീഷ് എ.ഡി. സൂപ്പര്‍ ശരണ്യയിലെ ശരണ്യ എന്ന കഥാപാത്രം താരത്തിന് നായിക നടിയെന്ന നിലയില്‍ വലിയ അവസരമായിരുന്നു തുറന്ന് നല്‍കിയത്. അനശ്വരയ്‌ക്കൊപ്പം നടി മമിത ബൈജുവിന്റെയും തലവര മാറ്റിയ ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. ഗിരീഷ് എ.ഡിയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ സൗത്ത് ഇന്ത്യയിലെ തിരക്കേറിയ അഭിനേത്രിമാരായി ഇരുവരും മാറിയിരുന്നു.
ജന നായകന്‍, വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്, മലയാളത്തില്‍ പുറത്തിറങ്ങിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി തുടര്‍ച്ചയായി മൂന്ന് 200 കോടി ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ട് കരിയറിന്റെ പീക്കിലാണ് മമിത ബൈജു ഇപ്പോള്‍. ഓണത്തിന് റിലീസായ ബെത്‌ലഹേം 250 കോടിയും കടന്ന് വമ്പന്‍ കളക്ഷനിലേക്ക് മുന്നേറുമ്പോള്‍ മമിതയെ അഭിനന്ദിക്കുന്ന അനശ്വരയുടെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
മമിതയും അനശ്വരയും. Photo: X.com
തന്റെ വരാനിരിക്കുന്ന തെലുങ്ക് ചിത്രത്തിന്റെ ഇവന്റിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ദീപികയ്ക്കും ആലിയ ഭട്ടിനും ശേഷം ഇന്ത്യന്‍ സിനിമയില്‍ തുടര്‍ച്ചയായി മൂന്ന് ഇരുനൂറ് കോടി താരമായി മമിത മാറിയല്ലോ ഇതിനെ കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനശ്വര.
മമിതയുടെ കാര്യത്തില്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുവെന്നും നല്ല ടീമിനെയും നല്ല പ്രൊജക്ടുകളും മമിതയ്ക്ക് കിട്ടുന്നുണ്ടെന്നും അനശ്വര പറഞ്ഞു. തങ്ങള്‍ രണ്ട് പേരും പരസ്പരം എപ്പോഴും പിന്തുണക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
Content Highlight: Anaswara Rajan appreciates Mamitha Baiju on her success run