മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ശ്രദ്ധേയയായ നടിയാണ് അനന്യ. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നടിക്ക് പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചു. സിനിമയില്‍ നിന്ന് അനന്യ പലപ്പോഴായി ഇടവേളകള്‍ എടുത്തിരുന്നു. ഒരു ഇടവേളക്ക് ശേഷം അവര്‍ സ്വര്‍ഗം എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു.
അനന്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് ഇപ്പോള്‍ റിലീസിനൊരുങ്ങുന്നത്. ഡീസല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷണ്‍മുഖം മുത്തു സ്വാമിയാണ്. ഇപ്പോള്‍ സിനിമയുടെ വിശേഷം പങ്കുവെക്കുകയാണ് നടി.
‘ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. കരിയറിലെ പ്രധാന ചിത്രങ്ങളിലൊന്നാണ് ഡീസല്‍. ഞാന്‍ ഭാഗമായ ഏറ്റവും വലിയ സിനിമകളിലൊന്ന് എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. അത്ര വലിയ സിനിമായായിട്ടല്ല ‘ഡീസല്‍’ തുടങ്ങിയത്. ഇപ്പോള്‍ അതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായി മാറി. രണ്ട് വര്‍ഷത്തോളം ഈ സിനിമയ്‌ക്കൊപ്പം യാത്ര ചെയ്തു. കുറേ നാളായി റിലീസിനായി ഞാനും കാത്തിരിക്കുകയായിരുന്നു,’ അനന്യ പറയുന്നു.
ഡീസലിന്റെ സംവിധായകന്‍ ഷണ്‍മുഖം മുത്തുസ്വാമിയാണ് തന്നെ ചിത്രത്തിലേക്ക് ക്ഷണിക്കുന്നതെന്നും കഥ കേട്ടപ്പോള്‍ ഇന്ററസ്റ്റിങ് ആയി തോന്നിയെന്നും അനന്യ പറഞ്ഞു. ത്രില്ലര്‍ സിനിമയാണ് ഡീസല്‍ എന്നും സിനിമയില്‍ ശക്തമായ റോളാണ് തന്റേതെന്നും നടി പറഞ്ഞു. വിനയ് റായിയുടെ പെയര്‍ ആയിട്ടാണ് അഭിനയിക്കുന്നതെന്നും ഹരീഷ് കല്യാണ്‍, അതുല്യാ രവി അടക്കമുള്ളവര്‍ ചിത്രത്തിലുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘എക്‌സൈറ്റ്മെന്റുണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടെങ്കിലേ ഞാന്‍ സിനിമ തെരഞ്ഞെടുക്കാറുള്ളൂ. ആ കഥാപാത്രം ചെയ്യാന്‍ സ്വയം മോട്ടിവേഷന്‍ വേണമല്ലോ. ഇടയ്ക്ക് സിനിമകള്‍ ചെയ്യുന്നത് കുറച്ചിരുന്നു അന്നേരം പലതരം വാര്‍ത്തകള്‍ വന്നു. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി എന്നതായിരുന്നു അതില്‍ കൂടുതലും. അതെന്നെ നെഗറ്റീവായി ബാധിച്ചു,’ അനന്യ പറഞ്ഞു.
Content highlight: Ananya shares details about the movie Diesel