ഇന്ത്യയില്‍ മറ്റൊരു ഇന്‍ഡസ്ട്രിയും എടുക്കാത്ത വലിയ റിസ്‌കിനാണ് എമ്പുരാനിലൂടെ മോളിവുഡ് ശ്രമിച്ചത്. 150 കോടിയോളം ചെലവഴിച്ച് ഒരുക്കിയ ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത് അണിയറപ്രവര്‍ത്തകര്‍ കാണിച്ച ധൈര്യമായിരുന്നു. ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഗുജറാത്ത് കലാപത്തിന് കാരണമായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് എമ്പുരാന്‍ പറഞ്ഞുവെച്ചു.
എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നുണ്ടെന്നും പറഞ്ഞതോടെ സംഘപരിവാറിന് ഹാലിളകി. സംവിധായകനായ പൃഥ്വിരാജിനെതിരെ വലിയ സൈബര്‍ അറ്റാക്കാണ് സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയത്. പിന്നാലെ ചിത്രം റീ സെന്‍സറിങ്ങിന് അയക്കേണ്ടി വന്നു. എമ്പുരാന് ശേഷം മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രമാണ് അനന്തന്‍ കാട്.
ടിയാന്‍ അണിയിച്ചൊരുക്കിയ ജിയെന്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട ഗ്ലിംപ്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. കോളേജിലെത്തിയ കുട്ടിയുടെ കൈയിലെ ചരട് മുറിച്ച്, നെറ്റിയിലെ കുറി മായ്ച്ച ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്റെ ഓഫീസില്‍ മുരളി ഗോപിയുടെ കഥാപാത്രം സംസാരിക്കാനെത്തുന്നതാണ് സീന്‍.
യൂണിയന്‍ ഓഫീസിലെ നേതാക്കളുടെ ഫോട്ടോ നോക്കി ‘ഈ അമ്മാച്ചന്മാര് ചുവരില്‍ കേറുന്നതിന് മുന്നേ തന്നെ ഇവിടെ കുറെ ആചാരങ്ങളും പരിപാടികളും ഉണ്ടായിരുന്നു. അതും ഒരു സൈഡില്‍ കൂടെ പോകും. ഇതും ഒരു സൈഡില്‍ കൂടെ പോകും. അങ്ങനെയേ പോകാവൂ. കോളേജില്‍ പോകുന്ന ചെറുക്കന് അവന്റെ തള്ള ജപിച്ച് കെട്ടിക്കൊടുത്ത ചരട് പൊട്ടിക്കാനും നെറ്റിയിലെ കുറി മായ്ക്കാനും നീയൊക്കെ ആരെടാ? ഇന്നാ ഈ ചരട് പൊട്ടിച്ച് നോക്ക്, നെറ്റിയിലെ കുറി മായ്ച്ചുനോക്ക്’ എന്ന് ഭീഷണിയുയര്‍ത്തുന്ന ഇടത്താണ് ഗ്ലിംപ്‌സ് അവസാനിക്കുന്നത്.
അനന്തന്‍ കാട് Photo: Screen grab/ Mini Music
കഴിഞ്ഞദിവസം പുറത്തുവിട്ട ഈ ഗ്ലിംപ്‌സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എമ്പുരാനില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിച്ച മുരളി ഗോപി അനന്തന്‍ കാടില്‍ അവരെ സുഖിപ്പിക്കുകയാണോ എന്നാണ് പലരും ചോദിക്കുന്നത്. സംഘപരിവാര്‍ അനുകൂല പേജുകള്‍ ഇതിനോടകം ഈ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
എന്നാല്‍ മുരളി ഗോപി ഒരിക്കലും സംഘപരിവാറിനെ സുഖിപ്പിക്കാന്‍ സാധ്യതയില്ലെന്നും സിനിമയിലുടനീളം സംഘപരിവാറിനെ വിമര്‍ശിക്കാനാണ് സാധ്യതയെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ആര്യ നായകനാകുന്ന അനന്തന്‍ കാടില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങിയ ചിത്രം ജൂണ്‍ 25ന് തിയേറ്ററുകളിലെത്തും.
Content Highlight: Ananthan Kaadu movie glimpse discussing in Social media
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ