തന്റെ കരിയറിന്റെ തുടക്കകാല അനുഭവങ്ങൾ തുറന്നുപറഞ്ഞതോടെ മലയാള സിനിമയിലെ ശ്രദ്ധേയ നടിമാരിലൊരാളായ അനന്യ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്.
‘പോസിറ്റീവ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അനന്യ, തുടർന്ന് ‘നാടോടികൾ’ എന്ന തമിഴ് ചിത്രത്തിലൂടെ കൂടുതൽ ശ്രദ്ധ നേടുകയും നിരവധി അവസരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
വ്യത്യസ്‌തമായ കഥാപാത്രങ്ങളെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്ന നടിയെന്ന നിലയിൽ അനന്യ ഇതിനകം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുമുണ്ട്.
അനന്യ, Photo: Ananyaa/ Facebook
താരം ഒരു അഭിമുഖത്തിൽ പങ്കുവച്ച ചില അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സിനിമയ്ക്കായി മൂർഖൻ പാമ്പിനെ ശരീരത്തിലിട്ട് അഭിനയിക്കേണ്ടി വന്നതും, പച്ച മാംസം കഴിക്കേണ്ടി വന്നതുമായ വെല്ലുവിളി നിറഞ്ഞ അനുഭവങ്ങൾ അനന്യ വെളിപ്പെടുത്തി.
ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
‘പാമ്പുകളെ ദേഹത്തിട്ട് ഞാൻ ഒരു പടം ചെയ്തിട്ടുണ്ട്. അത് മേൽക്കൂടി ഇഴയണം. അത് തലയ്ക്ക് മുകളിൽ വരെ വന്ന് ‘ഷൂ ഷൂ’ എന്ന ശബ്‌ദം വരെ ഉണ്ടാക്കിയിട്ടുണ്ട്.
അതിന്റെ പല ടെയ്ക്കുകൾ എടുത്തിട്ടുണ്ട്. ഇവർക്ക് ആ പാമ്പ് എന്റെ ദേഹത്തുകൂടി ഇഴയണം. എന്നാൽ ഈ പാമ്പ് ആണെങ്കിൽ ഇഴയുന്നുമില്ല. അങ്ങനെ ഇരുപത്, ഇരുപത്തൊന്ന് ഷോട്ടുകൾ പോയിട്ടുണ്ട്.
അനന്യ, Photo: Ananyaa/ Facebook
മൂന്ന് വലിയ മൂർഖൻ പാമ്പുകളായിരുന്നു. ആ പടത്തിന് വേണ്ടി എനിക്ക് റിസ്ക് എടുക്കേണ്ടി വന്നത് പാമ്പുകളെ ദേഹത്തിടണം, പച്ച മാംസം കഴിക്കണം ഇതൊക്കെ ചെയ്തിട്ടുണ്ട്.
അതെല്ലാം ആ ഒരു സ്പിരിറ്റിൽ തന്നെയാണ് എടുത്തത്. പാമ്പ് ദേഹത്തുകൂടി ഇഴയണം എന്ന് പറഞ്ഞപ്പോൾ ‘അമ്മ’ ഭയങ്കര പ്രശ്നം ഉണ്ടാക്കി. പാമ്പിന്റെ സ്‌കിൻ വളരെ സോഫ്റ്റാണ്, എന്നാൽ അത് ചീറ്റുമ്പോൾ നമ്മൾ പാനിക്ക് ആവും. ഇതെല്ലാം ചെയ്തിട്ടുണ്ട്, എന്നാൽ ഇന്ന് അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ചാൽ ഞാൻ ചെയ്യില്ല എന്നാണ് പറയുക,’ അനന്യ പറഞ്ഞു.
കരിയറിൽ വലിയൊരു ഇടവേള എടുത്ത ശേഷമാണ് അനന്യ വീണ്ടും അഭിനയരംഗത്ത് സജീവമായത്. ഇടയ്ക്ക് കവർ സോങ്ങുകളുമായും അനന്യ പ്രേക്ഷകരിലേക്ക് എത്താറുണ്ട്. 2011ൽ പുറത്തിറങ്ങിയ ‘എങ്കെയും എപ്പോതും’ തമിഴിൽ വൻ വിജയമായിരുന്നു.
2025ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായ ‘ഡീസൽ’ ആണ് അനന്യയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
Content Highlight: Ananya talks about her cinema experiences