| Thursday, 18th September 2025, 1:18 pm

സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്, നല്ലൊരു വാക്ക് പറയാമായിരുന്നു; സഹായം ചോദിച്ചതിന് പരിഹാസം കേള്‍ക്കേണ്ടി വന്ന ആനന്ദവല്ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി പരിഹസിച്ചതില്‍ സങ്കടം ഉണ്ടെന്ന് ആനന്ദവല്ലി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാന്‍ സഹായം തേടിയാണ് ആനന്ദവല്ലി കേന്ദ്രമന്ത്രിയെ സമീപിച്ചത്.

സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണെന്നും നല്ലൊരു വാക്ക് തന്നോട് പറയാത്തതില്‍ വിഷമം ഉണ്ടെന്നും ആനന്ദവല്ലി പറഞ്ഞു.

‘സുരേഷ് ഗോപിയെ കണ്ട സന്തോഷത്തില്‍ ചെന്നതാണ്. കരുവന്നൂര്‍ കോര്‍പ്പറേറ്റിലെ പണം കിട്ടുമോയെന്ന് സുരേഷ് ഗോപിയോട് ചോദിച്ചതാ… അപ്പോള്‍ സുരേഷ് ഗോപി പറഞ്ഞു മന്ത്രിയുടെ അടുത്ത് ചെല്ലൂ എന്ന്. നല്ലൊരു വാക്ക് എന്നോട് പറഞ്ഞില്ല. പൈസ കിട്ടുമെന്നോ, കിട്ടില്ലെന്നോ ഒന്നും പറഞ്ഞില്ല. അതിലൊരു വിഷമം എനിക്കുണ്ട്. നല്ല വാക്ക് എന്നോട് പറയാമായിരുന്നു,’ ആനന്ദവല്ലി പറയുന്നു

താന്‍ വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കി ബാങ്കില്‍ ഇട്ട പണമാണെന്നും അടുക്കളപ്പണിക്ക് പോയിട്ടാണ് താന്‍ പണം സ്വരൂപിച്ചതെന്നും ആനന്ദവല്ലി പറഞ്ഞു. കോര്‍പ്പറേറ്റ് ബാങ്കില്‍ ചെന്ന് ചോദിക്കുമ്പോള്‍ അവര്‍ കാശില്ലെന്നും പിന്നെ വരൂവെന്നും പറയുമെന്നും ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപി ജയിച്ചാല്‍ പണം കിട്ടുമെന്ന് എല്ലാവരും പറഞ്ഞുവെന്നും അതുകൊണ്ടാണ് താന്‍ സുരേഷ് ഗോപിയോട് സഹായം ചോദിച്ചതെന്നും ആനന്ദവല്ലി പറഞ്ഞു. തനിക്ക് ഈ കാര്യത്തില്‍ വിഷമം ഉണ്ടെന്നും ആനന്ദവല്ലി കൂട്ടിച്ചേര്‍ത്തു.

ഇരിങ്ങാലക്കുടയിലെ കലുങ്ക് സംവാദത്തിനിടെയാണ് സുരേഷ് ഗോപി ആനനന്ദവല്ലിയെ പരിഹസിച്ചത്. കരുവന്നൂര്‍ ബാങ്കില്‍ താന്‍ നിക്ഷേപിച്ച പണം തിരികെ തരാന്‍ സഹായിക്കുമോ എന്ന് ചോദിച്ച ആനന്ദവല്ലിയോട് മുഖ്യമന്ത്രിയെ സമീപിക്കൂ എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞ മറുപടി.

മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാന്‍ പറ്റുമോയെന്ന് ചോദിച്ചപ്പോള്‍ എന്നാല്‍ എന്റെ ‘നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു പരിഹാസത്തോടെയുള്ള സുരേഷ് ഗോപിയുടെ മറുപടി.

കൂടാതെ നിങ്ങളുടെ തൊട്ടടുത്തല്ലേ മന്ത്രി താമസിക്കുന്നത് അവരോട് ചോദിക്കൂ എന്നും സുരേഷ് ഗോപി പറഞ്ഞു. ഈ സമയം നിങ്ങളും ഞങ്ങളുടെ മന്ത്രിയല്ലേ എന്ന് ചോദിച്ച വയോധികയോട് ഞാന്‍ നിങ്ങളുടെ മന്ത്രിയല്ലെന്നും രാജ്യത്തിന്റെ മന്ത്രിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദത്തിനിടയില്‍ നിവേദനം നല്‍കാനെത്തിയ വയോധികനെയും സുരേഷ് ഗോപി അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സഹായം ചോദിച്ചെത്തിയ കൊച്ചുവേലായുധന്‍ എന്ന വയോധികനെയാണ് നിവേദനം നിരസിച്ച് കൊണ്ട് സുരേഷ് ഗോപി അപമാനിച്ചത്. അപമാനിതനായ കൊച്ചുവേലായുധന് സി.പി.ഐ.എം വീട് നിര്‍മിച്ചു നല്‍കുമെന്ന് ജില്ല സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Anandavalli Replying on Union Minister Suresh Gopi

We use cookies to give you the best possible experience. Learn more