| Sunday, 16th November 2025, 12:36 pm

ആനന്ദിന്റെ ആത്മഹത്യ; മാനസിക വിഭ്രാന്തിയാണ് ഇതിനെല്ലാം കാരണം; അധിക്ഷേപിച്ച് ബി. ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ആര്‍.എസ്.എസ് നേതാവ് ആനന്ദ് തമ്പിയെ അധിക്ഷേപിച്ച് ബി.ജെ.പി മുതിര്‍ന്ന നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍.

ആനന്ദിന്റെ ആത്മഹത്യ വ്യക്തിപരമായ ചില മാനസിക വിഭ്രാന്തികള്‍ മൂലമുണ്ടായതാണെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആനന്ദിന്റെ മരണത്തില്‍ അന്വേഷണം നടക്കേണ്ടതുണ്ട്. ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന സ്ഥലമാണ് കേരളമെന്നും ഗോപലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ആരോപണങ്ങളെ തുടര്‍ന്നാണ് ആനന്ദ് മരിച്ചതെങ്കില്‍, താനൊക്കെ 12 തവണ ആത്മഹത്യ ചെയ്യേണ്ട സമയം കഴിഞ്ഞു. ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തെ കൈയടിച്ചാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ഏറ്റെടുത്തത്.

അതേസമയം ആനന്ദിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പൂജപ്പുര പൊലീസാണ് കേസെടുത്തത്. ആത്മഹത്യ കുറിപ്പില്‍ പേരുള്ള ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞെന്നാരോപിച്ചാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ജീവനൊടുക്കിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ആനന്ദ് ആത്മഹത്യ ചെയ്തത്.

ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യ കുറിപ്പിലുള്ളത്.

ആര്‍.എസ്.എസ്, ബി.ജെ.പി നേതാക്കള്‍ക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നും തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വിനോദ് കുമാര്‍ മണ്ണുമാഫിയയുടെ നോമിനിയാണെന്നും ആനന്ദ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

പതിനാറാം വയസുമുതല്‍ താന്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നെന്നും തന്റെ ഭൗതിക ശരീരം എവിടെ കുഴിച്ചിട്ടാലും ബി.ജെ.പിയുടെയും ആര്‍.എസ്എസിന്റെയും പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

Content Highlight: Anand’s suicide; Mental disorder is the reason for all this; B. Gopalakrishnan insults

We use cookies to give you the best possible experience. Learn more