| Sunday, 25th October 2026, 12:55 pm

Dool In-Depth: ബി.ജെ.പി ഭരിക്കുന്ന ബംഗാള്‍ ഒന്നാമത്; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതികളായ ജന പ്രതിനിധികളുടെ എണ്ണത്തില്‍

റെന്വര്‍ പി

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസുകള്‍ നിലവിലുള്ള ജനപ്രതിനിധികള്‍ ഏറ്റവും കൂടുതലുള്ളത് ബി.ജെ.പി ഭരിക്കുന്ന പശ്ചിമ ബംഗാളിലെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍.ഇ.ഡബ്ല്യു) എന്നീ സംഘടനകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. ബംഗാളില്‍ 63 എം.എല്‍.എമാര്‍ക്കും നാല് ലോക്സഭാ എം.പിമാര്‍ക്കും രണ്ട് രാജ്യസഭാ എം.പിമാര്‍ക്കും എതിരെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസ് നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്ധ്രാപ്രദേശും ഒഡീഷയുമാണ് ബംഗാളിന് തൊട്ടുപിന്നില്‍. ആന്ധ്രാപ്രദേശില്‍ 22 എം.എല്‍.എമാര്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികളാണ്. ഒഡീഷയില്‍ 17 എം.എല്‍.എമാര്‍ക്കെതിരെ ഇത്തരം കേസുകള്‍ നിലവിലുണ്ട്.

State Wise List

മഹാരാഷ്ട്രയാണ് ഈ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള സംസ്ഥാനം. പത്ത് എം.എല്‍.എമാരും ഒരു രാജ്യ സഭാ എം.പിയും അടക്കം 11 ജനപ്രതിനിധികള്‍ സംസ്ഥാനത്ത് ഇത്തരം കേസുകളില്‍ പ്രതികളാണ്. ബിഹാറില്‍ ഒമ്പത് എം.എല്‍.എമാരും ഒരു ലോക്‌സഭാ എം.പിയും, കര്‍ണാടകയില്‍ ഏഴ് എം.എല്‍.എമാരും, ഝാര്‍ഘണ്ഡില്‍ അഞ്ച് എം.എല്‍.എമാരും ഒരു ലോക്‌സഭാ എം.പിയും ഇത്തരം കേസുകളില്‍ പ്രതികളാണ്. കേരളത്തില്‍ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെയും രണ്ട് ലോക്‌സഭാ എം.പിമാര്‍ക്കെതിരെയും ഇത്തരം കേസുകള്‍ നിലനില്‍ക്കുന്നു.

രാജ്യത്താകെ 168 എം.എല്‍.എമാര്‍ക്കെതിരെ കേസുകള്‍

രാജ്യത്ത് ആകെ 168 എം.എല്‍.എമാര്‍ക്കെതിരെ സത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ നിലവിലുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 19 സിറ്റിങ് എം.പിമാര്‍ക്കെതിരെയും ഇത്തരം കേസുകള്‍ നിലനില്‍ക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഈ കണക്കുകള്‍. 772 എം.പിമാരുടെയും 4,109 എം.എല്‍.എമാരുടെയും സത്യവാങ്മൂലങ്ങള്‍ ഇതിനായി പരിശോധിച്ചതായി എ.ഡി.ആര്‍, എന്‍.ഇ.ഡബ്ല്യു സംഘടനകള്‍ അറിയിച്ചു.

‘അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന്‍ വാച്ച് എന്നിവ ചേര്‍ന്ന്, നിലവിലുള്ള എം.പിമാരുടെയും എം.എല്‍.എമാരുടെയും 4899 തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ 4881 എണ്ണം വിശകലനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും സമര്‍പ്പിച്ച എം.പിമാരുടെ 776 സത്യവാങ്മൂലങ്ങളില്‍ 772 എണ്ണവും, എം.എല്‍.എമാരുടെ 4123 സത്യവാങ്മൂലങ്ങളില്‍ 4109 എണ്ണവുമാണ് ഈ റിപ്പോര്‍ട്ടില്‍ വിശകലനം ചെയ്തിരിക്കുന്നത്.

രാജിവെക്കുകയോ, മരണപ്പെടുകയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണത്താല്‍ സ്ഥാനം ഒഴിയുകയോ ചെയ്തതിനെത്തുടര്‍ന്ന് ഈ അഞ്ച് വര്‍ഷ കാലയളവില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

2022 മുതല്‍ 2026 വരെയുള്ള വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍, സ്ഥാനാര്‍ത്ഥികളായ എം.പിമാരും എം.എല്‍.എമാരും തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച സത്യവാങ്മൂലങ്ങളില്‍ നിന്നാണ് ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഈ സത്യവാങ്മൂലങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ക്രിമിനല്‍ കേസുകളുടെ നിലവിലെ അവസ്ഥ ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഓരോ കേസിലും ഇതിന്റെ സ്ഥിതി വ്യത്യസ്തമായിരിക്കാം,’ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍

ബലാത്സംഗം, ആസിഡ് ആക്രമണം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാതിക്രമം, വിവാഹത്തിന് നിര്‍ബന്ധിക്കുന്നതിനായി സ്ത്രീയെ തട്ടിക്കൊണ്ടുപോകുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യല്‍, പിന്തുടര്‍ന്ന് ശല്യപ്പെടുത്തല്‍ (സ്റ്റോക്കിങ്) തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ കണക്കാണ് എ.ഡി.ആര്‍, എന്‍.ഇ.ഡബ്ല്യു എന്നിവര്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.

ഇതില്‍ ബലാത്സംഗക്കേസുകള്‍ നിലവിലുള്ളത് 12 എം.എല്‍.എമാര്‍ക്കും രണ്ട് എം.പിമാര്‍ക്കും എതിരെയാണ്. ബലാത്സംഗക്കേസ് പ്രതികളില്‍ ബംഗാളിലെ രണ്ട് എം.എല്‍.എമാരും ഒരു എം.പിയും ഉള്‍പ്പെടുന്നു. മധ്യ പ്രദേശില്‍ നിന്നുള്ള രണ്ട് ജനപ്രതിനിധികള്‍ക്കെതിരെയും, ആന്ധ്ര, ഒഡീഷ, മഹാരാഷ്ട്ര, കര്‍ണാടക, ഝാര്‍ഘണ്ഡ്, കേരളം, തെലങ്കാന, ഗോവ, മേഖാലയ എന്നിവിടങ്ങളിലെ ഓരോ ജനപ്രതിനിധികള്‍ക്കെതിരെയും ബലാത്സംഗക്കേസുകള്‍ നിലവിലുണ്ട്.

ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നാല് വീതം ജനപ്രതിനിധികള്‍ക്കും ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി, എന്‍.പി.പി, ഭാരത് ആദിവാസി പാര്‍ട്ടി, ഓള്‍ ഇന്ത്യ സെക്കുലര്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളുടെ ഓരോ ജനപ്രതിനിധികള്‍ക്കെതിരെയും ബലാത്സംഗ കേസ് നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഏറ്റവും കൂടുതല്‍ ബി.ജെ.പിയില്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആകെ പരിഗണിക്കുമ്പോള്‍ രാജ്യത്ത് ബി.ജെ.പിയിലാണ് അത്തരം കേസുകളില്‍ പ്രതികളായ ജനപ്രതിനിധികള്‍ ഏറ്റവും കൂടുതലുള്ളത്. ബി.ജെ.പിയുടെ 95 എം.എല്‍.എമാരും, 10 ലോക്സഭാ എം.പിമാരും, ഒരു രാജ്യസഭാ എം.പി.യും ഇത്തരം കേസുകളില്‍ പ്രതികളാണ്.

കോണ്‍ഗ്രസില്‍ 19 എം.എല്‍.എമാര്‍ക്കും ഒരു ലോക്സഭാ എം.പിക്കും എതിരെ ഇത്തരം കേസുകള്‍ നിലനില്‍ക്കുന്നു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ടി.ഡി.പിയിയുടെ 17 എം.എല്‍.എമാര്‍ക്കെതിരെയും ഒരു രാജ്യസഭാ അംഗത്തിനെതിരെയും ഇത്തരം കേസുകള്‍ നിലനില്‍ക്കുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഞ്ച് സ്വതന്ത്ര എം.എല്‍.എമാര്‍ക്കെതിരെയും ഇത്തരം കേസുകള്‍ നിലനില്‍ക്കുന്നു. ആര്‍.ജെ.ഡി, തൃണമൂലില്‍ നിന്ന് തെറ്റിപ്പിരിഞ്ഞവരുടെ പാര്‍ട്ടിയായ ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്, എ.എ.പി എന്നീ പാര്‍ട്ടികളുടെ മൂന്ന് വീതം എം.എല്‍.എമാര്‍ക്കും ശിവസേന (യു.ബി.ടി), ജെ.ഡി.യു, വൈ.എസ്.ആര്‍.സി, ജനസേന, ശിവസേന, തമിഴക വെട്രി കഴകം, എന്നീ പാര്‍ട്ടികളിലെ രണ്ട് വീതം എം.എല്‍.എമാര്‍ക്കും എതിരെ ഇത്തരം കേസുകളുണ്ട്.

List of Political Parties

എസ്.പി, ബി.ജെ.ഡി, എന്‍.പി.പി, എ.ഐ.യു.ഡി.എഫ്, ലോക് ജന ശക്തി പാര്‍ട്ടി (റാം വിലാസ്), ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്, ജെ.എം.എം, ഭാരത് ആദിവാസി പാര്‍ട്ടി, എന്‍.സി.പി, ഡി.എം.കെ, ഓള്‍ ഇന്ത്യ സെക്കുലര്‍ ഫ്രണ്ട് എന്നീ പാര്‍ട്ടികളുടെ ഓരോ എം.എല്‍.എമാര്‍ക്കെതിരെയും വിടുതലൈ ചിരുത്തൈകള്‍ കച്ചിയുടെ ഒരു ലോക്‌സഭാ എം.പിക്കും, ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (യു.ബി.ടി) പാര്‍ട്ടികളുടെ ഒരു രാജ്യസഭാ എം.പിക്കും ഇതിരെയും ഇത്തരം കേസുകള്‍ നിലനില്‍ക്കുന്നതായി എ.ഡി.ആര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളായി നിര്‍ത്തുമ്പോള്‍, അതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തണമെന്ന് 2020 ഫെബ്രുവരിയില്‍ സുപ്രീം കോടതി രാഷ്ട്രീയ പാര്‍ട്ടികളോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പരസ്യപ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടര്‍ന്നും അവഗണിക്കുകയാണെന്ന് എ.ഡി.ആര്‍ തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

Content Highlight: Analysis of sitting MPs/MLAs with Declared Cases Related to Crimes against Women: Bengal tops list, Andhra Pradesh is second

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more