| Friday, 14th March 2025, 6:44 pm

കസിൻസ് തമ്മിലുള്ള പ്രണയവും ലൈംഗികതയും; ചർച്ചയായി നാരായണീൻ്റെ മൂന്നാണ്മക്കൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ ഒ.ടി.ടിയിൽ ഇറങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ വിവിധതരത്തിലുള്ള ചർച്ചകളുയരുകയാണ്.

അതിലൊരു പ്രധാന ചർച്ചയാണ് കസിൻസ് തമ്മിലുള്ള റിലേഷൻഷിപ്പും ലൈംഗികതയും. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്.

lncestuous relationsന് മലയാളികൾക്ക് ഇടയിൽ ഇത്രയും പോസിറ്റീവ് ആസ്വാദനം ഉണ്ടെന്നത് പുതുമയുള്ള വാർത്തയാണെന്നും സ്വന്തം വീട്ടിൽ കൂടി സ്വൈരം ഇല്ലാതാക്കണമെന്നുമുള്ള പോസ്റ്റുകൾ ഈ സിനിമയെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നതാണ്. എന്നാൽ അതേസമയം സഹോദരങ്ങളല്ലായെന്നും മറിച്ച് കസിൻസ് മാത്രമാണെന്നുള്ള വാദവും ഉയർത്തുന്നുണ്ട്.

മുറപ്പെണ്ണും മുറച്ചെറുക്കനും എന്ന ബന്ധവും കസിൻസ് തമ്മിലുള്ള കല്യാണവും ഇതിന് മുമ്പ് ഇവിടെ നടന്നിട്ടുണ്ടെന്നും എന്നാൽ അതേസമയം തന്നെ അതിൻ്റെ ആരോഗ്യകരമായ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും സിനിമയെ ചിലയാളുകൾ വിമർശിക്കുന്നുണ്ട്.

അവരൊരിക്കലും സഹോദരങ്ങൾ അല്ലെന്നും മറിച്ച് കസിൻസ് തന്നെയാണെന്നുമാണ് അനുകൂലികളുടെ വാദങ്ങൾ. അതിലുമുപരി അവർ ഇതിന് മുമ്പ് കണ്ടിട്ടേയില്ലാത്ത രണ്ടുപേരാണെന്നും രണ്ടു വ്യക്തികളാണെന്നും അവർ ആദ്യമായി കാണുന്നത് ആശുപത്രിയിൽ വെച്ചാണെന്നും കാണിക്കുന്നുണ്ട് ചിത്രത്തിൽ. അവർക്കിടയിൽ ഒരിക്കലും സഹോദരബന്ധം എന്ന ചിന്ത പോലും വന്നിട്ടുണ്ടാകില്ലെന്നുമാണ് ഇവർ പറയുന്നത്. രണ്ടുപേരും പരസ്പരം സപ്പോർട്ട് ചെയ്യുന്നത് കൊണ്ടും, ഉഭയസമ്മതപ്രകാരവുമാണ് അവർക്കിടയിൽ ഇത്തരമൊരു ബന്ധം ഉണ്ടാകുന്നതെന്നും ഇവർ പറയുന്നുണ്ട്.

ബയോളജിക്കലി ബ്ലഡ് റിലേഷൻ ആയിട്ടുള്ളവർ തമ്മിലുള്ള ബന്ധവും കല്യാണവും നടക്കരുത് എന്ന് പറയുന്നത് അതിനു പിന്നിൽ ശാസ്ത്രീയമായിട്ടുള്ള കാരണങ്ങൾ ഉള്ളതുകൊണ്ടാണ്. അവർക്കുണ്ടാകുന്ന കുട്ടികൾക്ക് ജനിറ്റിക്കൽ ഡിസോർഡറുണ്ടാകാം എന്നുള്ളത്കൊണ്ടുമാണ് ഇത്തരം കല്യാണം നടക്കരുത് എന്ന് പറയുന്നതെന്നും ചർച്ച ചെയ്യപ്പെടുന്നു.

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി കേസുകള്‍ സമീപകാലത്ത് കേരളത്തില്‍ കാണുന്നുണ്ടെന്നും രക്തബന്ധത്തിലുള്ളവരുടെ കുട്ടികള്‍ക്ക് ഈ രോഗ സാധ്യത കൂടുതലുണ്ട് എന്നും ആരോഗ്യമേഖലാ സംവിധാനങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ടെന്നും വാദങ്ങളുയരുന്നു. എന്നാൽ നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമയിൽ അവർക്കിടയിൽ ഉണ്ടാകുന്ന റിലേഷൻഷിപ്പ് ഒരിക്കലുമൊരു കല്യാണത്തിന് വേണ്ടിയായിരുന്നില്ല എന്ന വാദവും ഇവിടെ ഉയരുന്നുണ്ട്.

ഇതിൽ കസിൻസായ നിഖിൽ, ആതിര എന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് തോമസ് മാത്യു, ഗാർഗി അനന്തൻ എന്നിവരാണ്. ഇവരെ നിരവധി ഒഡീഷനുകളിലൂടെയാണ് കണ്ടെത്തിയതെന്ന് സംവിധായകൻ വ്യക്തമാക്കിയിരുന്നു. തിയേറ്ററിൽ വിജയം കണ്ടില്ലെങ്കിലും ഒ.ടി.ടിയിൽ ചർച്ചയായിരിക്കുകയാണ് നാരായണീന്‍റെ മൂന്നാണ്മക്കള്‍.

Content Highlight: Analysis of Narayaneente Moonnaanmakkal

We use cookies to give you the best possible experience. Learn more