നിലവില്‍ മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത് മെയ് 21ന് പുറത്തിറങ്ങാനിരിക്കുന്ന ദൃശ്യം 3. 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി പുറത്തിറക്കിയ ദൃശ്യം ഇന്ത്യന്‍ സിനിമ കണ്ടതില്‍ വെച്ച് തന്നെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലൊന്നായിരുന്നു. 2021 ല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയപ്പോഴും ആദ്യഭാഗത്തോട് നീതി പുലര്‍ത്തും വിധം സസ്‌പെന്‍സുകള്‍ നിറച്ചായിരുന്നു സംവിധായകന്‍ ദൃശ്യം 2 ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന് മൂന്നാം ഭാഗവുമായെത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ലെന്ന് കാണാം.
എങ്കിലും മോഹന്‍ലാല്‍ ആരാധകരെ പലപ്പോഴും അലട്ടുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജീത്തു ജോസഫ് എന്ന സംവിധായകന്റെ കരിയറിലുണ്ടായ ഫ്‌ളോപ്പ് ചിത്രങ്ങളാണ്. ആസിഫ് അലി നായകനായ കൂമന്‍, ബേസില്‍ നായകനായ നുണക്കുഴി, ആസിഫിന്റെ തന്നെ മിറാഷ്, ജോജു ജോര്‍ജും ബിജു മോനോനും പ്രധാനവേഷത്തിലെത്തിയ വലതുവശത്തെ കള്ളന്‍ തുടങ്ങി പരാജയത്തിന്റെ നീണ്ട പരമ്പരയാണ് ജീത്തുവിന്റെ ലിസ്റ്റിലുള്ളത്. ഇതിന് പിന്നാലെ ദൃശ്യം എത്തുമ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കുള്ളത് ന്യായമായ ഭയമാണെന്നും കാണാം.
ജീത്തു ജോസഫും മോഹന്‍ലാലും. Photo: Gulte
എന്നാല്‍ പരാജയത്തെ കുറിച്ച് ഭയക്കേണ്ടതില്ലെന്ന് കാണിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ പലര്‍ക്കും ആശ്വാസമായി സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജീത്തു ജോസഫ് എന്ന സംവിധായകന് കരിയറില്‍ ഒരുപാട് പരാജയങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍ എന്ന നടനൊപ്പം നൂറുശതമാനമാണ് സംവിധായകന്റെ വിജയമെന്ന് കാണാന്‍ സാധിക്കും. ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളും ‘നേരും’ ഒ.ടി.ടിയില്‍ പുറത്തിറങ്ങിയ 12ത് മാനുമാണ് ഇരുവരും ഒന്നിച്ച് ചെയ്ത നാല് ചിത്രങ്ങള്‍.
ദൃശ്യം 2 ഒ.ടി.ടിയിലൂടെ തിയേറ്ററുകളിലെത്തുന്നതിന് മുമ്പ് മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത് സ്ട്രീമിങ് ആരംഭിച്ച ചിത്രമായിരുന്നു 12ത് മാന്‍. മിസ്റ്ററി ത്രില്ലര്‍ ഴോണറിലൊരുക്കിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നതെങ്കിലും ചിത്രം സെറ്റ് ചെയ്ത രീതിയും കഥ പറയുന്ന രീതിയും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇതിന് പിന്നാലെ ദൃശ്യം 2 റിലീസിനെത്തുകയും ഇരുവരും ചേര്‍ന്ന് ദൃശ്യം ഫ്രാഞ്ചൈസിന്റെ ഹൈപ്പ് രണ്ടിരട്ടിയാക്കി മാറ്റുകയും ചെയ്തിരുന്നു.
തൊട്ടടുത്ത വര്‍ഷം ജീത്തു-ലാല്‍ കോമ്പിനേഷന്‍ വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു നേര്. തിയേറ്ററുകളില്‍ നിന്നും തുടര്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്നിരുന്ന മോഹന്‍ലാലിന്റെ ഹിറ്റ് വരള്‍ച്ച അവസാനിപ്പിച്ച് കൊണ്ടായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. താരത്തിനൊപ്പം അനശ്വര രാജനും കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ആഗോളതലത്തില്‍ 86 കോടിയിലധികം നേടിയായിരുന്നു തിയേറ്റര്‍ വിട്ടത്. പിന്നാലെ എമ്പുരാനും തുടരുമും അടക്കം ഹിറ്റുകളുടെ ഹാട് ട്രിക്ക് അടിക്കാനും താരത്തിന് സാധിച്ചു.
12ത് മാന്‍. Photo: Jio Hotstar
മറ്റ് നടന്മാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പരാജയമെങ്കിലും ലാലേട്ടനൊപ്പമുള്ള ചിത്രങ്ങളില്‍ ജീത്തു ജോസഫ് വിട്ടു വീഴ്ച്ച ചെയ്യില്ലെന്നതും ദൃശ്യം പോലൊരു ഫ്രാഞ്ചൈസില്‍ നിന്നും വരുന്ന ചിത്രം ആദ്യഭാഗങ്ങളോട് നീതി പുലര്‍ത്തി കൊണ്ട് മാത്രമേ സംവിധായകന്‍ ചെയ്യൂള്ളൂ എന്ന വിശ്വാസവും പ്രേക്ഷകര്‍ക്ക് ദൃശ്യം 3ക്കായി ടിക്കറ്റെടുക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നു.
Content Highlight: Analysis of Films of Jeethu Joseph and Mohanlal in view of Drishyam 3