ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് അനഘ മായ രവി. ന്യൂ നോര്‍മല്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ അനഘ മമ്മൂട്ടി- ജിയോ ബേബി കൂട്ടുകെട്ടിലൊരുങ്ങിയ കാതലിലൂടെ ബിഗ് സ്‌ക്രീനിലും തന്റെ സാന്നിധ്യമറിയിച്ചു. അന്വേഷിപ്പിന്‍ കണ്ടെത്തും, ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളിലും മികച്ച വേഷം അനഘയെ തേടിയെത്തിയിരുന്നു.
സൂര്യയെ നായകനാക്കി ആര്‍.ജെ ബാലാജി ഒരുക്കിയ കറുപ്പിലൂടെ തമിഴിലേക്കും അനഘ എന്‍ട്രി നടത്തി. തമിഴില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ കറുപ്പില്‍ ബിനു എന്ന കഥാപാത്രത്തെയാണ് അനഘ അവതരിപ്പിച്ചത്. ഇന്ദ്രന്‍സിനെ മകളായാണ് താരം വേഷമിട്ടത്. ചിത്രത്തില്‍ പലരും എടുത്തുപറയുന്നത് അനഘയുടെ പ്രകടനമാണ്.
അനഘ മായ രവി Photo: Screen grab/ Vanitha
ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇന്ദ്രന്‍സുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് അനഘ. കറുപ്പിലെ പ്രകടനത്തിന് ഇന്ദ്രന്‍സിന് ദേശീയ അവാര്‍ഡ് ലഭിച്ചാലും അതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്ന് അനഘ പറഞ്ഞു. ഓരോ കഥാപാത്രത്തെയും അദ്ദേഹം സമീപിക്കുന്ന രീതി മികച്ചതാണെന്നും താരം പറയുന്നു. റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു അനഘ മായ രവി.
‘സൂര്യ സാറൊക്കെ ഇന്ദ്രന്‍സേട്ടനെക്കുറിച്ച് പറഞ്ഞത് സത്യമാണ്. ഈ സിനിമ ഇത്രയും നന്നായി എടുക്കാന്‍ ബാലാജി സാറിന് സാധിച്ചത് ഇന്ദ്രന്‍സേട്ടന്‍ ഉള്ളതുകൊണ്ടാണ് അദ്ദേഹം പറഞ്ഞിട്ടുണ്ട്. കാരണം, ആ കഥാപാത്രത്തെ കറക്ടായി പ്രസന്റ് ചെയ്യാന്‍ സാധിച്ചാല്‍ പിന്നെ അധികം കാര്യങ്ങള്‍ ആലോചിച്ച് തലപുണ്ണാക്കണ്ടെന്നാണ് ബാലാജി സാര്‍ പറഞ്ഞത്.
കറുപ്പ് Photo: Think Music India
ലൊക്കേഷനില്‍ എനിക്ക് ഏറ്റവും കൂടുതല്‍ കോമ്പിനേഷനുണ്ടായിരുന്നത് ഇന്ദ്രന്‍സേട്ടനുമായിട്ടാണ്. പല സമയത്തും ഇത് എന്റെ അച്ഛനാണോ എന്ന് തോന്നിപ്പോയി. നമ്മളുടെ കൂടെ നില്‍ക്കുമ്പോള്‍ അത്രക്ക് കംഫര്‍ട്ട് ഫീല്‍ ചെയ്യും. അതുപോലെ വേറൊരു കാര്യമുണ്ട്. സിനിമയിലേക്കെത്തുന്ന സമയത്ത് പലരും പറയാറുണ്ട് ‘സിനിമയില്‍ കേറിയാല്‍ പിന്നെ ജാഡ തനിയെ വന്നോളും’ എന്ന്. പക്ഷേ ആ ഒരു ചിന്ത തകര്‍ത്ത ആളാണ് ഇന്ദ്രന്‍സേട്ടന്‍,’ അനഘ പറയുന്നു.
തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ആദ്യ 100, 200 കോടി ചിത്രമായി കറുപ്പ് മാറിയിരിക്കുകയാണ്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടുന്ന സൂര്യയുടെ ആദ്യ ചിത്രം കൂടിയാണ് കറുപ്പ്.
Content Highlight: Anagha Ravi shares her shooting experience with Indrans in Karuppu movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ