| Wednesday, 24th December 2025, 10:29 pm

അവതാറുമായി മുട്ടാന്‍ അനാക്കോണ്ട വളര്‍ന്നിട്ടില്ല, പ്രിവ്യൂവിന് പിന്നാലെ ചരിത്രത്തിലെ ഏറ്റവും മോശം റേറ്റിങ് സ്വന്തമാക്കി അനാക്കോണ്ട

അമര്‍നാഥ് എം.

90’s കിഡ്‌സിന്റെ നൊസ്റ്റാള്‍ജിക് ഹോളിവുഡ് സിനിമകളിലൊന്നാണ് അനാക്കോണ്ട. 1997ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ഇന്നും ആരാധകരേറെയാണ്. ആദ്യഭാഗത്തിന് ശേഷം രണ്ടാം ഭാഗം പുറത്തിറങ്ങിയെങ്കിലും വലിയ വിജയം സ്വന്തമാക്കാനായില്ല. 21 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു അനാക്കോണ്ട ചിത്രം തിയേറ്ററുകളിലെത്തുകയാണ്.

അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകര്‍ക്ക് ഈ പ്രൊജക്ടില്‍ അത്ര താത്പര്യമുണ്ടായിരുന്നില്ല. സര്‍വൈവല്‍ ത്രില്ലര്‍ പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് സ്പൂഫ് മോഡല്‍ ട്രെയ്‌ലറാണ് സോണി പിക്‌ചേഴ്‌സ് പുറത്തുവിട്ടത്. പോള്‍ റുഡ്ഡ്, ജാക്ക് ബ്ലാക്ക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ പ്രീവ്യൂ കഴിഞ്ഞദിവസം നടന്നിരുന്നു.

അനാക്കോണ്ട സീരീസിലെ ഏറ്റവും മോശം റേറ്റിങ്ങാണ് പുതിയ ചിത്രം സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ റേറ്റിങ് പ്ലാറ്റ്‌ഫോമായ റോട്ടന്‍ ടൊമാറ്റോസ് 46 പോയിന്റ് മാത്രമാണ് ചിത്രത്തിന് നല്‍കിയത്. ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ അത്രകണ്ട് തിളങ്ങാന്‍ സാധിക്കില്ലെന്നാണ് പലരും വിലയിരുത്തുന്നത്. അവതാര്‍ 3യുമായുള്ള ക്ലാഷും ചിത്രത്തിന് തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടല്‍.

ഐമാക്‌സ് അടക്കമുള്ള പ്രീമിയം സ്‌ക്രീനുകളെല്ലാം അവതാറിന് വേണ്ടി പലരും മാറ്റിവെച്ചിരിക്കുകയാണ്. നോര്‍മല്‍ സ്‌ക്രീനുകളില്‍ മാത്രമാണ് അനാക്കോണ്ട പ്രദര്‍ശനത്തിനെത്തുക. ചിത്രത്തിന്റെ കളക്ഷനെ ഇത് സാരമായി ബാധിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ക്രിസ്മസ് ദിനത്തിലാണ് അനാക്കോണ്ട തിയേറ്ററുകളിലെത്തുക.

കുട്ടിക്കാലം മനോഹരമാക്കിയ അനാക്കോണ്ട ഫ്രാഞ്ചൈസിന് ട്രിബ്യൂട്ടെന്ന നിലയില്‍ ഒരു സിനിമയൊരുക്കാന്‍ ശ്രമിക്കുന്ന ഗ്രിഫ്, ഡോ മക്ക് അലിസ്റ്റര്‍ എന്നീ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. കഥയുടെ ഒരു ഘട്ടത്തില്‍ യഥാര്‍ത്ഥ അനാക്കോണ്ട ഇവരെ ആക്രമിക്കുകയും അതില്‍ നിന്ന് രക്ഷപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

റോട്ടന്‍ ടൊമാറ്റോസിന്റെ റിവ്യൂ മറികടന്ന് പല സിനിമകളും ഹിറ്റായിട്ടുണ്ട്. മാര്‍വലിന്റെ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍, ടോപ് ഗണ്‍ മാവറിക് തുടങ്ങിയ സിനിമകള്‍ക്ക് മോശം റേറ്റിങ്ങായിരുന്നു ഇവര്‍ നല്‍കിയത്. അനാക്കോണ്ടക്ക്  ഈ ചരിത്രം ആവര്‍ത്തിക്കാന്‍ സാധിക്കുമോ എന്നതാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രം ഹിറ്റാവുകയാണെങ്കില്‍ ചരിത്രമാകുമെന്നാണ് വിലയിരുത്തല്‍.

Content Highlight: Anaconda movie gets lowest rating after preview

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more