എറണാകുളം: കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാര്‍ത്ത ചെയ്യാന്‍ പോയ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്കും ക്യാമറാമാനും നേരെ കയ്യേറ്റ ശ്രമത്തിനെതിരെ പ്രതിഷേധവുമായി കെ.യു.ഡബ്ല്യൂ.ജെ അധ്യക്ഷന്‍ കെ.പി റെജി.
കൊടി ഏതായാലും അധികാരത്തിന്റെ ഹുങ്കിന് ഒരേ നിറവും ഗുണവുമാണെന്നും തങ്ങളെ എതിര്‍ക്കുന്നു എന്ന തോന്നലില്‍ പോലും കത്തിക്കയറുന്ന ആഗ്‌നേയ സ്വഭാവമാണെന്നും കെ.പി റെജി അഭിപ്രായപ്പെട്ടു.
അപ്രിയകരമായ സത്യം പറയുന്നതിന്റെ പേരില്‍ അധികാര രാഷ്ട്രീയം മാധ്യമ പ്രവര്‍ത്തകര്‍ക്കുമേല്‍ ആക്രമണം അഴിച്ചുവിടുന്നതിന്റെ നിറഭേദമില്ലാത്ത ഉദാഹരണങ്ങള്‍ക്കാണു കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ബദലായി വികസന രാഷ്ട്രീയം മുന്നോട്ടുവെച്ച് ഒരു പഞ്ചായത്ത് ഭരണം തൂത്തുവാരിയ ട്വന്റി 20 ആണ് ഇക്കുറി അധികാരത്തിന്റെ ആക്രോശവുമായി മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൈയൂക്ക് രാഷ്ട്രീയത്തിന്റെ പുതിയ ഏട് കുറിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വന്നിരിക്കുന്നതു സ്വാഭാവികമായും തങ്ങള്‍ക്കെതിരെ എന്തോ കഥ ചമയ്ക്കാനാണ് എന്ന ചിന്തയിലായിരുന്നു ആക്രമണമെന്നും കെ.പി റെജി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അധികാരത്തിന്റെ ക്രിമിനല്‍ സ്വഭാവത്തോട് പൊതുവെ പുലര്‍ത്തുന്ന അയവുള്ള സമീപനം വെടിഞ്ഞ് പൊലീസ് കര്‍ക്കശ നിലപാട് സ്വീകരിക്കുകയും പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും അടക്കമുള്ള അക്രമികളെ അറസ്റ്റ് ചെയ്യുകയും വേണം. ട്വന്റി 20 ഉദ്‌ഘോഷിക്കുന്ന ആദര്‍ശങ്ങള്‍ ആത്മാര്‍ഥമാണെങ്കില്‍ ഇത്തരം ക്രിമിനല്‍ സ്വഭാവം പിന്തുടരുന്ന ആളുകളെ പഞ്ചായത്ത് ഭരണത്തില്‍നിന്നു പുറത്താക്കാന്‍ സ്ഥാപകന്‍ സാബു എം. ജേക്കബ് മുന്‍കൈ എടുക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എഷ്യാവില്‍ മള്‍ട്ടിമീഡിയ പ്രൊഡ്യൂസര്‍ റിയ മാത്യൂസ്, ക്യാമറാമാന്‍ രാഹില്‍ ഹരി എന്നിവര്‍ക്ക് നേരെയായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നേതൃത്വത്തില്‍ ഇന്ന് കയ്യേറ്റവും അസഭ്യവര്‍ഷവും നടന്നത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് പ്രത്യേക സ്റ്റോറി തയ്യാറാക്കുന്നതിനായിരുന്നു ഏഷ്യാവില്‍ മാധ്യമ സംഘം പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച മുന്‍ ട്വന്റി 20 പഞ്ചായത്ത് അംഗം കെവി ജേക്കബ്, മറ്റ് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനിടയിലാണ് ട്വന്റി 20 അംഗങ്ങള്‍ കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയായ റിയമാത്യൂസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video