ടെല്‍ അവീവ്: സൈനിക സേവനം നിര്‍ബന്ധമാക്കുന്നതിനെതിരെ ജെറുസലേമില്‍ പടുകൂറ്റന്‍ റാലി സംഘടിപ്പിച്ച് യാഥാസ്ഥിതിക ജൂതവിഭാഗം. യാഥാസ്ഥിതിക ജൂതവിഭാഗമായ ഹരേദികള്‍ സംഘടിപ്പിച്ച റാലിയില്‍ രണ്ട് ലക്ഷം യുവാക്കള്‍ അണിനിരന്നതായാണ് റിപ്പോര്‍ട്ട്.
പരമ്പരാഗതമായ കറുത്ത സ്യൂട്ടും തൊപ്പിയും ധരിച്ചുകൊണ്ടാണ് യുവാക്കള്‍ പ്രതിഷേധം നടത്തിയത്. നിര്‍ബന്ധിത സൈനിക സേവനത്തെ അപലപിക്കുന്ന പ്ലക്കാര്‍ഡുകളുയര്‍ത്തിയും ഇവര്‍ പ്രതിഷേധിച്ചു. തെരുവ് കീഴടക്കിയ പ്രതിഷേധക്കാര്‍ ചെറിയ തോതിലുള്ള അക്രമസംഭവങ്ങള്‍ക്കും വഴിയൊരുക്കി.
സെെനിക സേവനത്തിനെതിരായ പോസ്റ്ററുകളുമായി പ്രതിഷേധക്കാർ
നിര്‍ബന്ധിത സൈനിക സേവനത്തില്‍ നിന്നും ഒഴിവാകാനുള്ള അവകാശം ഉറപ്പുനല്‍കുന്ന നിയമനിര്‍മാണമുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഭരണസഖ്യത്തിന്റെ ഭാഗമായ രണ്ട് തീവ്ര ഓര്‍ത്തഡോക്സ് പാര്‍ട്ടികളുടെ റാലി.
ഈ നിയമനിര്‍മാണമുണ്ടാകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ അതുണ്ടായില്ല. മതപഠനം നടത്തുന്നവര്‍ക്ക് ഇളവ് നല്‍കുകയും ചെയ്തിരുന്നു.
2023 ഒക്ടോബറില്‍ ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചശേഷം, ഈ ഇളവ് റദ്ദാക്കി നിരവധി പേരെ സൈന്യത്തില്‍ ചേരാനായി നിര്‍ബന്ധിച്ചിരുന്നു. മുഴുവന്‍സമയ മതപഠനം നടത്താത്തവരെ സൈന്യത്തില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.
‘ഇപ്പോള്‍ സൈന്യത്തില്‍ ചേരാന്‍ വിസമ്മതിക്കുന്നവരെ ജയിലിലടയ്ക്കുകയാണ്. നമ്മള്‍ ഒരു ജൂതരാജ്യത്താണ് കഴിയുന്നത്. നിങ്ങള്‍ക്ക് ഒരിക്കിലും ഒരു ജൂതരാജ്യത്ത് നിന്നുകൊണ്ട് ജൂതമതത്തിമനെതിരെ പോരാടാന്‍ സാധിക്കില്ല. ഇതൊരിക്കലും സംഭവിക്കില്ല,’ പ്രതിഷേധക്കാരിലൊരാളായ സാമുവല്‍ ഓര്‍ബാഷ് പറഞ്ഞു.
പ്രതിഷേധത്തിന്‍റെ ഡ്രോൺ ദൃശ്യം
പലയിടത്തും റാലി ആക്രമാസക്തമായി. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. ഒരു യുവാവ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണുമരിച്ചു. ഇത് ആത്മഹത്യയാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റവും ആക്രമണവുമുണ്ടായി.
അടുത്ത വര്‍ഷം ഇസ്രഈലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നെതന്യാഹു ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്നതും ശ്രദ്ധേയമാണ്. തീവ്ര-യാഥാസ്ഥിതിക ജൂത വിഭാഗവും പാര്‍ട്ടിയുമാണ് സര്‍ക്കാരിനെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ നെതന്യാഹുവിനെ എന്നും തുണച്ചിരുന്നത്. ഇവരെ പൂര്‍ണമായും സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കുന്ന നിയമം പാസാക്കുന്നത് മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള എതിര്‍പ്പിനും കാരണമായേക്കും.
ഇസ്രഈല്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം, അതായത് 1.3 മില്യണ്‍ യാഥാസ്ഥിതിക വിഭാഗക്കാര്‍ മതപഠനം നടത്തുന്നതാണ് തങ്ങളുടെ പ്രധാന കടമയെന്ന് വിശ്വസിക്കുന്നവരാണ്. ഇക്കാരണം കൊണ്ട് തന്നെയാണ് ഇവര്‍ നിര്‍ബന്ധിത സൈനിക സേവനത്തെ എതിര്‍ക്കുന്നതും.
Content Highlight: An ultra-Orthodox Jewish group organized a massive rally in Jerusalem against mandatory military service.