ഹവാന: അമേരിക്കയുടെ ഉപരോധത്തില്‍ പ്രതിസന്ധി അനുഭവിക്കുന്ന ക്യൂബന്‍ ജനതയുടെ യാഥാര്‍ത്ഥ്യം വരച്ചുകാട്ടുന്ന പേര് വെളിപ്പെടുത്താത്ത ഒരു സാധാരണക്കാരി എഴുതിയ തുറന്നകത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ക്യൂബയിലെ ജനത അനുഭവിക്കുന്നത് യഥാര്‍ത്ഥത്തില്‍ പ്രതിസന്ധിയല്ലെന്നും വളരെ കൃത്യമായി ആസൂത്രണം ചെയ്ത് യു.എസ് നടപ്പാക്കുന്ന സാവധാനത്തിലുള്ള ഒരു കൊലപാതകമാണെന്നും കത്തില്‍ പറയുന്നു.
ഹൃദ്രോഗങ്ങള്‍ക്കുള്ള മരുന്നും രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനുമുള്ള ഔഷധങ്ങളും ഉപരോധം കാരണം കിട്ടാനില്ലാത്തതുകൊണ്ട് ക്യൂബയില്‍ പ്രായം ചെന്ന ജനങ്ങള്‍ സമയമെത്തും മുമ്പേ മരണമടയുകയാണ്. ഇന്ധനമില്ലാത്തതു കൊണ്ട് ക്യൂബയില്‍ ഇന്‍ക്യുബേറ്ററുകള്‍ നിര്‍ത്തിയിടേണ്ടി വരുന്നതോടെ നവജാത ശിശുക്കള്‍ ജീവന്‍ നിലനിര്‍ത്താന്‍ പൊരുതുകയാണ്.
അമേരിക്ക ഉപരോധങ്ങള്‍ കൊണ്ട് ക്യൂബന്‍ ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നും കോവിഡ് മഹാമാരിയുടെ കാലത്ത് ലോകത്തെ സഹായിച്ച, അഞ്ച് വാക്‌സിനുകള്‍ സ്വന്തമായി കണ്ടെത്തിയ ക്യൂബയിലെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിസ്സഹായരാണെന്നും ലോകത്തെ അമ്മമാരെയും സര്‍ക്കാരുകളേയും മാധ്യമപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും അഭിസംബോധന ചെയ്യുന്ന കത്തില്‍ വിശദീകരിക്കുന്നു.
മറ്റുനാടുകളിലെ അപ്പൂപ്പന്മാരറിയണം, ഇവിടെ അമേരിക്ക സമ്മതിക്കാത്തതു കാരണം പ്രായം ചെന്നവര്‍ മരുന്നിന് വേണ്ടി കാത്തിരുന്ന് മരണമടയുകയാണെന്ന്. ഇന്ധനമില്ലാതെ ഓഫാക്കുന്ന ഇന്‍ക്യുബേറ്ററുകളില്‍ നവജാത ശിശുക്കള്‍ ജീവന് വേണ്ടി പൊരുതുന്നത് ലോകത്തെ അമ്മമാരറിയണം. നിസംഗത പാലിക്കുന്ന സര്‍ക്കാരുകള്‍ക്ക് നാണം തോന്നട്ടെയെന്നും കള്ളം പറയുന്ന മാധ്യമങ്ങള്‍ക്ക് രക്ഷയില്ലാതാവട്ടെയെന്നും ഞങ്ങളെ നിശബ്ദരാക്കാന്‍ ആരാച്ചാരന്മാര്‍ക്കാവില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.
ലോകമെമ്പാടും പങ്കുവെയ്ക്കപ്പെടണമെന്ന് അഹ്വാനം ചെയ്യുന്ന കുറിപ്പില്‍ ഒരാള്‍ ഇത് ഷെയര്‍ ചെയ്യുന്നതോടെ ലോകം മാറില്ലെന്നും ആയിരങ്ങളായാല്‍, ദശലക്ഷങ്ങളായാല്‍ പക്ഷേ അത് മാറുമെന്നും പറയുന്നുണ്ട്.
ഈ വരികള്‍ ഒളിപ്പിച്ചു വെക്കല്ലേ. നിശബ്ദതക്ക് കൂട്ട് നില്‍ക്കല്ലേ. ഈ കുറ്റാരോപണം ഉപരോധത്തെയും മറികടന്ന് കുതിക്കട്ടെ! ഇപ്പോള്‍ത്തന്നെ ഷെയര്‍ ചെയ്യൂവെന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഇംഗ്ലീഷിലെഴുതിയ ഈ കത്ത് ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. പ്രദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്തും കുറിപ്പ് വായിക്കപ്പെടുകയാണ്.
അജ്ഞാതയായ ക്യൂബയില്‍ നിന്നുള്ള ഒരു സാധാരണക്കാരി എഴുതിയ, എഴുത്തുകാരി സി.എസ്. ചന്ദ്രിക വിവര്‍ത്തനം ചെയ്ത കത്തിന്റെ പൂര്‍ണരൂപം:
ക്യൂബയില്‍ നിന്നും ഒരു തുറന്ന കത്ത് : വായിക്കുക, പ്രതികരിക്കുക.
ലോകത്തിനൊരു തുറന്നകത്ത് :
അവര്‍ കാണാന്‍ കൂട്ടാക്കാത്ത കുറ്റകൃത്യത്തെ അപലപിച്ചു കൊണ്ട്.
ക്യൂബയില്‍ നിന്ന് ഒരു സാധാരണ സ്ത്രീ !
മാനവരാശിക്കാകെ, ലോകത്തെ എല്ലാ അമ്മമാര്‍ക്കുമായി, അതിര്‍ത്തികളില്ലാ ഡോക്ടര്‍മാര്‍ക്ക്, അന്തസ്സുള്ള പത്രപ്രവര്‍ത്തകര്‍ക്ക്, നീതിയില്‍ ഇപ്പോഴും വിശ്വാസമുളള സര്‍ക്കാറുകള്‍ക്ക്:
എന്റെ പേര് മറ്റ് ദശലക്ഷങ്ങളെപ്പോലെ തന്നെ. പ്രശസ്തമായ തറവാട്ടു പേരോ, പ്രധാന പദവിയോ ഇല്ലാത്ത ഒരാള്‍. ഒരു സാധാരണ ക്യൂബന്‍ സ്ത്രീ . ഒരു മകള്‍, ഒരു സഹോദരി, ഒരു ദേശസ്‌നേഹി.
ഞാനിതെഴുതുന്നത്, മുറിവേറ്റ ആത്മാവും വിറയ്ക്കുന്ന കൈകളുമായാണ്. കാരണം, ഇന്ന് എന്റെ ജനത ജീവിക്കുന്നത് ഒരു പ്രതിസന്ധിയിലല്ല. വളരെ കൃത്യമായി ആസൂത്രണം ചെയ്ത് വാഷിങ്ടണ്‍ നടപ്പാക്കുന്ന സാവധാനത്തിലുള്ള ഒരു കൊലപാതകമാണത്. മറിച്ചാണ് ലോകം അതിനെ നോക്കിക്കാണുന്നത്.
എന്റെ പൂര്‍വികരുടെ പേരില്‍ ഞാന്‍ അപലപിക്കുന്നു:
ഹൃദ്രോഗങ്ങള്‍ക്കുള്ള മരുന്നും രക്ത സമ്മര്‍ദത്തിനും പ്രമേഹത്തിനുമുള്ള ഔഷധങ്ങളും ഉപരോധം കാരണം കിട്ടാനില്ലാത്തതു കൊണ്ട് ക്യൂബയില്‍ പ്രായം ചെന്ന ജനങ്ങള്‍ സമയമെത്തും മുമ്പേ മരണമടയുന്നതിനെ ഞാന്‍ അപലപിക്കുന്നു. വിഭവങ്ങള്‍ ഇല്ലാത്തതു കൊണ്ടല്ല, ബോധപൂര്‍വമായ നിരോധനമാണ്. ക്യൂബയില്‍ വില്‍പ്പന നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് പിഴയിടുകയാണ്,
അവയെ വേട്ടയാടുകയാണ്. ഭീഷണിപ്പെടുത്തുകയാണ്. അവരുടെ സര്‍ക്കാറുകള്‍ മിണ്ടുന്നുമില്ല. അതിനിടെ ഒരു ക്യൂബന്‍ മുത്തശ്ശന്‍ നെഞ്ചും മുറുകെപ്പിടിച്ച് കാത്തിരിക്കുകയാണ്. മരണം മുന്നറിയിപ്പ് നല്‍കുന്നില്ല. എന്നാല്‍ ഉപരോധം അത് ചെയ്യുന്നുണ്ട്.
എന്റെ കുഞ്ഞുങ്ങളുടെ പേരില്‍ ഞാന്‍ അപലപിക്കുന്നു
ഇന്ധനമില്ലാത്തതു കൊണ്ട് ക്യൂബയില്‍ ഇന്‍ക്യുബേറ്ററുകള്‍ നിര്‍ത്തിയിടേണ്ടി വരുന്നതിനെ ഞാന്‍ അപലപിക്കുന്നു. നവജാത ശിശുക്കള്‍ തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ പൊരുതുമ്പോള്‍, ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാനും വില്‍ക്കാതിരിക്കാനും ഏതേതെല്ലാം രാജ്യങ്ങള്‍ക്കാവും എന്ന് അമേരിക്കന്‍ ഗവണ്‍മെന്റ് തീരുമാനിക്കുകയാണ്. തങ്ങളുടെ മക്കളുടെ ജീവന്‍ അപകടത്തിലാവുന്നത് കണ്ടു നില്‍ക്കേണ്ടി വരികയാണ് ക്യൂബന്‍ മാതാക്കള്‍.
കാരണം, വാഷിങ്ടണിലെ ഒരു ഓഫീസില്‍ നിന്ന് തയാറാക്കുന്ന ഒരുത്തരവിന്, അതിന്റെ തീരത്തു നിന്ന് 90 മൈല്‍ അകലെയുള്ള ഒരു കുഞ്ഞിന്റെ വിലാപത്തേക്കാള്‍ വിലയുണ്ട്!
എവിടെയാണ് നമ്മുടെ അന്താരാഷ്ട്ര സമൂഹം? ബാല്യത്തെ ശക്തിയുക്തം പിന്തുണയ്ക്കുന്ന സംഘടനകള്‍ എവിടെയാണ്? അതോ ക്യൂബന്‍ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാന്‍ അര്‍ഹതയില്ലെന്നാണോ?
ബോധപൂര്‍വം അടിച്ചേല്‍പ്പിക്കുന്ന പട്ടിണിയെ ഞാന്‍ അപലപിക്കുന്നു
ഉപരോധം എന്നത് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പട്ടിണിയാണ്. ഞാനതിനെ അപലപിക്കുന്നു. ഭക്ഷണം കിട്ടാനില്ല എന്നതല്ല കാര്യം. അത് വാങ്ങുന്നതില്‍ നിന്ന് ഞങ്ങളെ തടയുകയാണ്. ഭക്ഷണവുമായി നീങ്ങുന്ന കപ്പലുകള്‍ ആക്രമിക്കപ്പെടുകയാണ്. ബാങ്കിടപാടുകള്‍ തടയുകയാണ്.
ഞങ്ങള്‍ക്ക് ധാന്യങ്ങളും മാംസവും പാലും വില്‍ക്കുന്ന കമ്പനികള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുകയാണ്.
ക്യൂബയില്‍ പട്ടിണിയെന്നത് അവിചാരിത സംഭവമല്ല. അത് അമേരിക്കയുടെ ഒരു സര്‍ക്കാര്‍ നയമാണ്. കഴിഞ്ഞ 60 വര്‍ഷങ്ങളായി അത് പരിഷ്‌കരിച്ചു കൊണ്ടേയിരിക്കുകയാണ്. ഓരോ ഭരണാധികാരിയും അത് പുതുക്കുകയാണ്. ഡൊണാള്‍ഡ് ട്രംപ് അത് കടുപ്പിക്കുകയാണ്. മാര്‍ക്കോ റൂബിയോ അത് പകയോടെ നടപ്പാക്കുകയാണ്. അവര്‍ അതിനെ സാമ്പത്തിക സമ്മര്‍ദ്ദം എന്നാണ് പറയുക. ഞാന്‍ പറയുക പട്ടിണിയിലൂടെയുള്ള ഭീകര പ്രവര്‍ത്തനം എന്നാണ്.
എന്റെ ഡോക്ടര്‍മാരുടെ പേരില്‍ ഞാന്‍ അപലപിക്കുന്നു
ലോകം മുഴുവന്‍ മഹാവ്യാധിയില്‍ വിറങ്ങലിച്ചു നില്‍ക്കെ, മനുഷ്യജീവന്‍ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ ഡോക്ടര്‍മാര്‍ക്ക് സിറിഞ്ചുകളും അനസ്‌തേഷ്യാ സംവിധാനങ്ങളും എക്‌സ്‌റേ ഉപകരണങ്ങളും ഇല്ലാതായതിനെ ഞാന്‍ അപലപിക്കുന്നു.അവ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്ക് അറിയാത്തതു കൊണ്ടല്ല. ഞങ്ങള്‍ക്ക് അതിനുള്ള ബുദ്ധി വൈഭവം ഇല്ലാഞ്ഞല്ല. പകരം, ഉപരോധം കാരണം സ്‌പെയര്‍ പാര്‍ട്ടുകളും സാങ്കേതിക വിദ്യയും തടയപ്പെടുന്നതു കൊണ്ടാണത്.
ഞങ്ങളുടെ ശാസ്ത്രജ്ഞര്‍ 5 കോവിഡ് വാക്‌സിനുകളാണ് ഉല്‍പ്പാദിപ്പിച്ചത്. അഞ്ചെണ്ണം. ആരുടെയുംസഹായമില്ലാതെ. എല്ലാ പ്രയാസങ്ങള്‍ക്ക് നടുക്കും! ഉപരോധത്തിനും നുണ പ്രചാരണങ്ങള്‍ക്കും നടുക്ക്! എന്നിട്ടും ആ നേട്ടത്തിന്റെ പേരില്‍ സാമ്രാജ്യം ഞങ്ങളെ വേട്ടയാടുകയാണ്.
ലോകത്തോട് ഞാന്‍ പറയുന്നു:
ക്യൂബ ഭിക്ഷക്ക് യാചിക്കുകയല്ല. ഞങ്ങള്‍ പട്ടാളത്തെ തരണമെന്ന് ആവശ്യപ്പെടുന്നില്ല. നിങ്ങള്‍ ഞങ്ങളെ സ്‌നേഹിക്കണമെന്ന് പറയുന്നില്ല. ക്യൂബ നിങ്ങളോട് ആവശ്യപ്പെടുന്നത് നീതിമാത്രം. കൂടുതല്‍ ഒന്നും വേണ്ട. കുറഞ്ഞും. ഞങ്ങളുടെ ജനതയുടെ ദുരിതങ്ങളെ ക്രമാനുസരണമാക്കരുത്.
ഉപരോധത്തെ അതിന്റെ ശരിയായ പേര് വിളിക്കണം എന്നാണ് പറയാനുള്ളത്: മാനവരാശിക്കെതിരെയുള്ള കുറ്റകൃത്യം!
ഞങ്ങളുടെ കഴുത്തിന് ചുറ്റും കയര്‍ മുറുക്കുമ്പോഴും അവര്‍ ഉതിര്‍ക്കുന്ന ‘സംഭാഷണ’ത്തിന്റെയും ‘ജനാധിപത്യത്തിന്റെയും’ പാഴ് വാക്കുകള്‍ വിശ്വസിച്ച് വിഡ്ഢികളാവരുത് എന്ന് ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നു. ഞങ്ങള്‍ക്ക് ഔദാര്യം വേണ്ട. അനുകമ്പയും.
അവര്‍ ഞങ്ങളെ ജീവിക്കാനനുവദിക്കണം എന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം.
നിശ്ശബ്ദത പാലിച്ച് നിസ്സംഗരായിരിക്കുന്ന ഗവണ്‍മെന്റുകളോട്: ചരിത്രം നിങ്ങളെ കുറ്റക്കാരായി വിധിക്കും.
കള്ളം പറയുന്ന മാധ്യമങ്ങളോട്: സത്യം എപ്പോഴും പിളര്‍പ്പുകള്‍ കണ്ടെത്തും.
ഉപരോധങ്ങള്‍ ഒപ്പുവെക്കുന്ന ആരാച്ചാരന്മാരോട്: ക്യൂബന്‍ ജനത മറക്കില്ല , പൊറുക്കുകയുമില്ല.
ഹൃദയത്തില്‍ ഇപ്പോഴും മനുഷ്യത്വം സൂക്ഷിക്കുന്നവരോട്: ക്യൂബയെ നോക്കൂ. അവരെന്താണ് ക്യൂബയോട് ചെയ്യുന്നത് എന്ന് കാണൂ. എന്നിട്ട് സ്വയംചോദിക്കൂ: ചരിത്രത്തിന്റെ ഏത് ഭാഗത്താണ് ഞാന്‍ നില്‍ക്കേണ്ടത്?
ഈകൊച്ചു ദ്വീപില്‍ നിന്ന്, അവിടത്തെ അതികായരായ മനുഷ്യര്‍ക്കൊപ്പം, കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഒരു സാധാരണ ക്യൂബന്‍ സ്ത്രീയായ ഞാനും. ഈ വരികള്‍ നിങ്ങളുടെ ഉള്ളില്‍ എന്തെങ്കിലും ചലനങ്ങള്‍ ഉണ്ടാക്കിയെങ്കില്‍, ഇത് പങ്ക് വെക്കുക. നിങ്ങള്‍ക്ക് 10 സുഹൃത്തുക്കളേ ഉള്ളൂ എങ്കിലും 10,000 ഫോളോവേഴ്‌സ് ഉണ്ടെന്നാകിലും എനിക്കതൊരു പ്രശ്‌നമല്ല. നിങ്ങളുടെ ഫേസ്ബുക്ക് വാള്‍ പബ്ലിക്കാണെങ്കിലും. പ്രൈവറ്റാണെങ്കിലും അതൊരു പ്രശ്‌നമേയല്ല. ഒന്നും വെക്കാത്തൊരാളാണ് നിങ്ങളെങ്കിലും പ്രശ്‌നമില്ല. പക്ഷേ ഇത് വേറിട്ടൊരു കാര്യമാണ്. ഇത് ഒരു സൂര്യാസ്തമയ ചിത്രമല്ല. ഇതൊരു സെലിബ്രിറ്റി വാര്‍ത്തയല്ല. ഇത് മറ്റൊരു വെറും അഭിപ്രായവുമല്ല. ഇതൊരു വിലാപമാണ്.
വിലാപങ്ങള്‍ സൂക്ഷിച്ചു വെക്കാനുള്ളതല്ല. കേള്‍ക്കാനുള്ളതാണ്. അവ പ്രതിധ്വനിക്കും. അവ ഇരട്ടിക്കും. ഞാന്‍ ഒരു ലൈക്കിനല്ല ആവശ്യപ്പെടുന്നത്. നിങ്ങളുടെ വിരലുകള്‍ വെറുതെ ചലിപ്പിക്കുന്നതിന് പകരം അവ ഉപയോഗിക്കാനാണ് ഞാനാവശ്യപ്പെടുന്നത്.
പങ്കുവെക്കുക. ലോകമറിയട്ടെ, ക്യൂബയില്‍ പ്രതിസന്ധിയില്ലെന്ന്. ഉള്ളത് അതിക്രമമാണ്. മറ്റു രാജ്യങ്ങളിലെ അമ്മമാരറിയട്ടെ, ഉപരോധം കാരണം ഓഫാക്കപ്പെട്ട ഇന്‍ക്യുബേറ്ററുകളില്‍ പിടയുന്ന കുഞ്ഞുങ്ങള്‍ ഇവിടെയുണ്ടെന്ന്! മറുനാടുകളിലെ അപ്പൂപ്പന്മാരറിയട്ടെ, ഇവിടെ വാഷിങ്ടണ്‍ സമ്മതിക്കാത്തതു കാരണം പ്രായം ചെന്നവര്‍ മരുന്നിന് വേണ്ടി കാത്ത് മരണമടയുകയാണെന്ന്, നിസ്സംഗത പാലിക്കുന്ന സര്‍ക്കാരുകള്‍ക്ക് നാണം തോന്നട്ടെ. കള്ളം പറയുന്ന മാധ്യമങ്ങള്‍ക്ക് രക്ഷയില്ലാതാവട്ടെ. ആരാച്ചാരന്മാരറിയട്ടെ, ഞങ്ങളെ നിശ്ശബ്ദരാക്കാനാവില്ലെന്ന്! ഒരാള്‍ ഇത് ഷെയര്‍ ചെയ്യുന്നതോടെ ലോകം മാറില്ല. ആയിരങ്ങളായാല്‍, ദശലക്ഷങ്ങളായാല്‍ പക്ഷേ മാറും. ഈ വരികള്‍ ഒളിപ്പിച്ചു വെക്കല്ലേ. നിശബ്ദതക്ക് കൂട്ട് നില്‍ക്കല്ലേ. ഈ കുറ്റാരോപണം ഉപരോധത്തെയും മറികടന്ന് കുതിക്കട്ടെ! ഇപ്പോള്‍ത്തന്നെ ഷെയര്‍ ചെയ്യൂ.
Content Highlight: American Sanctions strangles Cuba, An Open Letter From Cuban commoner