| Wednesday, 14th May 2025, 12:24 pm

നീതി ബോധത്തോടെ പ്രവര്‍ത്തിത്തിക്കുന്ന ഉദ്യോഗസ്ഥനെ സംഘിപാളയത്തില്‍ കെട്ടരുത്; പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന് പിന്തുണ; കുറിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വിസ്ഡം മുജാഹിദ് ഗ്രൂപ്പിന്റെ ഒരു പരിപാടി നിയമപ്രകാരമുള്ള സമയം കഴിഞ്ഞിട്ടും തുടര്‍ന്നപ്പോള്‍ പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. ഈ സംഭവത്തിന് പിന്നാലെ പരിപാടി നിര്‍ത്തിച്ച പൊലീസിനെതിരെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നു. പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് തിരികെ വരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തകിലൊരാളുടെ ചിരിക്കാനുള്ള ആവശ്യത്തോട് പ്രതികരിച്ച രീതിയും ഏറെ വിമര്‍ശിക്കപ്പെട്ടു.

സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥനെതിരെ വലിയ രീതിയിലുള്ള ട്രോളുകളും പരിഹാസങ്ങളും വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നു. ക്യാമറ നോക്കി ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ചിത്രങ്ങള്‍ പല തരത്തിലുള്ള മീമുകളായും ട്രോളുകളായും സ്റ്റിക്കറുകളായും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടരി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍, യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങിയവര്‍ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തുവരികയും അദ്ദേഹത്തിന്റെ പേരില്‍ സംഘപരിവാര്‍ ചാപ്പ ആരോപിക്കുകയും ചെയ്തു. പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരനാണ് ഈ രീതിയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍.

ഇപ്പോള്‍ അദ്ദേഹത്തെ അനുകൂലിച്ച് കൊണ്ടും നേരത്തെ പ്രളയകാലത്ത് അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കവെച്ചിരിക്കുകയാണ് ഷമീര്‍ ടി.പി. എന്ന ഇടതു സഹയാത്രികന്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ തിരൂര്‍ കാരാറ്റുകടവില്‍ വെള്ളം കയറിയപ്പോള്‍ ഒറ്റപ്പെട്ടുപോയവരെ തോളിലേറ്റി രക്ഷപ്പെടുത്തുന്ന ചിത്രത്തോടൊപ്പമാണ് ഷമീര്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

വിഷയത്തെ വര്‍ഗീയമായി ചിത്രീകരിക്കുന്ന ഷാഫി പറമ്പിലിനെയും മുസ്‌ലിം ലീഗ് നേതൃത്വത്തെയും പോസ്റ്റില്‍ വിമര്‍ശിക്കുന്നുമുണ്ട്. രാഷ്ട്രീയ ലക്ഷ്യം വെച്ച് മുസ്‌ലിം സമുദായത്തെ ഒറ്റുകൊടുക്കരുതെന്നും നീതി ബോധത്തോടെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംഘപരിവാര്‍ പാളയത്തില്‍ കെട്ടരുതെന്നും ഷെമീര്‍ ടി.പി പറയുന്നു. നേരത്തെ കാന്തപുരം എ.പി. വിഭാഗം പ്രവര്‍ത്തവകരുടെ പരിപാടി സമയക്രമം പാലിച്ചില്ലെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നതായും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

മുസ്‌ലിം സംഘടന നടത്തുന്ന പരിപാടി ആയതിനാല്‍ സംഘി പോലീസ് വര്‍ഗീയതയോടെ പെരുമാറി എന്നതാണ് ആരോപണമെന്നും മലബാറില്‍ നിന്നു ഇത്തവണ കോണ്‍ഗ്രസ് എം.എല്‍.എ ഉണ്ടാവുമെന്ന ഷാഫി പറമ്പിലിന്റെ പ്രഖ്യാപനവും ഈ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങളും ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നും ഷമീര്‍ പറയുന്നു. നേരത്തെ ആലപ്പുഴയിലെ ഒരു ക്ഷേത്രത്തില്‍ 10 മണിക്ക് ശേഷവും വയലിന്‍ വായിച്ച കുട്ടിയോട് പരിപാടി നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് താഴെ വന്ന കമന്റുകള്‍ സുഡാപ്പി പൊലീസ് എന്നായിരുന്നു എന്നും ഷമീര്‍ പറയുന്നു.

നിരവധി ആശുപത്രികളുള്ള പെരിന്തല്‍മണ്ണ നഗരത്തില്‍ എന്ത് പരിപാടി നടത്തുമ്പോഴും ആശുപത്രിയിലേക്കുള്ള രോഗികളുടെ യാത്രക്ക് ബുദ്ധിമുട്ടില്ലാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും സമയക്രമീകരണങ്ങള്‍ സംബന്ധിച്ചും പൊലീസ് സംഘാടകരുമായി ചേര്‍ന്ന് യോഗം നടത്താറുണ്ടെന്നും ഷമീര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വിസ്ഡം മുജാഹിദ് ഗ്രൂപ്പിന്റെ പരിപാടി നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കാണുണ്ടാക്കിയതെന്നും ദൂരപരിധി പാലിക്കാതെയുള്ള ശബ്ദവ്യന്യാസമാണ് നഗരത്തിലുണ്ടായിരുന്നത് എന്നും ഷമീര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പത്തു മണിയാവുമ്പോള്‍ ഉറങ്ങാന്‍ കിടക്കുന്ന, ചെറിയ ശബ്ദം പോലും അസ്വസ്ഥതയുണ്ടാക്കുന്ന, അത് കേട്ട് കരയുന്ന, തന്റെ മകള്‍ കൂടി ജീവിക്കുന്ന നഗരമാണ് പെരിന്തല്‍മണ്ണയെന്നും ഷമീര്‍ പറയുന്നു. വെന്റിലേറ്ററിലും ഐ.സി.യുവിലുമായി നിരവധി മനുഷ്യര്‍ ജീവിതത്തോടും മരണത്തോടും പോരാടുന്ന നഗരം, പത്തു മണി കഴിഞ്ഞാല്‍ മൈക്ക് ഓഫ് ചെയ്യണമെന്ന നിയമത്തെ സംരക്ഷിക്കാന്‍ ഇറങ്ങിയ പൊലീസ് ഉദ്യോഗസ്ഥനോട് വ്യക്തിപരമായി തന്നെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം പ്രായത്തില്‍ മുതിര്‍ന്ന ഒരാള്‍ ചിരിക്കാന്‍ വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ ചിരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ആരെയും പരിഹസിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല അതെന്നും സി.ഐ. സുമേഷ് സുധാകരന്‍ പറഞ്ഞു. സംഘാടകരോട് 9.20ന് തന്നെ പരിപാടി കൃത്യ സമയത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും 10 മണിക്ക് ശേഷം രണ്ട് തവണ ഫോണില്‍ ബന്ധപ്പെട്ട് പരിപാടി അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താത്തതിനാലാണ് വേദിയിലേക്ക് ചെന്നതെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

വേദിയിലെത്തി നിര്‍ദേശം നല്‍കിയ തിരികെ വരുമ്പോഴാണ് 50ലേറെ പ്രായമുള്ള ഒരാള്‍ വീഡിയോ ഓണാക്കി ചിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും അതിനോടുള്ള പ്രതികരണമായിരുന്നു തന്റെ ചിരിയെന്നുമാണ് സുമേഷ് സുധാകരന്‍ പറയുന്നത്. മാത്രവുമല്ല, സംഘാടകര്‍ അവകാശപ്പെടുന്നത് പോലെ മൂന്ന് മിനിട്ട് മാത്രമല്ല വൈകിയതെന്നും 10.20നാണ് പരിപാടി അവസാനിപ്പിച്ചതെന്നും അതിന് ശേഷവും ട്രാഫിക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി മൈക്ക് ഉപയോഗിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മാത്രവുമല്ല, പരിപാടിയുടെ ഭാഗമായി അര്‍ദ്ധരാത്രിവരെ നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായിരുന്നതായും ഡി.വൈ.എസ്.പി ഉള്‍പ്പടെ നേരിട്ടിറങ്ങിയാണ് ഗതാഗതം നിയന്ത്രിച്ചതെന്നും സുമേഷ് സുധാകരന്‍ പറഞ്ഞു.

content highlights: An officer who acts with a sense of justice should not be tied to the sangh camp; Support to Perinthalmanna C.I.  Sumesh Sudhakaran

Latest Stories

We use cookies to give you the best possible experience. Learn more