| Wednesday, 11th November 2026, 4:37 pm

'പവർക്കട്ട് ഭീതിയുണർത്തി കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടം; ഫയലുകൾ നിയന്ത്രിക്കുന്നത് അദൃശ്യ സംഘം': പിണറായി വിജയൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാനത്ത് പവർക്കട്ട് ഭീതിയുണർത്തി വൻകിട വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നീക്കം നടന്നെന്ന ഗുരുതര വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

കേരളത്തിൽ യഥാർത്ഥത്തിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും, വൻ അഴിമതി ലക്ഷ്യമിട്ട് കൃത്രിമമായി സൃഷ്ടിച്ചെടുത്ത പ്രതിസന്ധിയാണിതെന്നും പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ പൂർണമായും തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. ജി.എൻ.എ വഴി കെ.എസ്.ഇ.ബി യാതൊരു തരത്തിലുള്ള കരാറിലും ഏർപ്പെട്ടിട്ടില്ലെന്നും, വസ്തുതകൾ മനസിലാക്കാതെയാണ് പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടികൾ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

റെഗുലേറ്ററി കമ്മീഷന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് ജി.എൻ.എ വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രി പിടിവാശി കാണിക്കുകയായിരുന്നുവെന്ന് പിണറായി വിജയൻ വിമർശിച്ചു.

ഈ നീക്കങ്ങൾ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതോടെയാണ് കരാർ റദ്ദാക്കാനും മുൻ കെ.എസ്.ഇ.ബി ചെയർമാനെതിരെ ഒത്തുകളി അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ നിർബന്ധിതമായത്. ഇക്കാര്യങ്ങളെല്ലാം വകുപ്പ് മന്ത്രി സണ്ണി ജോസഫും മുന്നണി കൺവീനർ അടൂർ പ്രകാശും പത്രവാർത്തകളിലൂടെയാണ് അറിഞ്ഞതെന്നത് ഭരണസ്തംഭനത്തിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘തനിക്ക് ലഭിച്ച ഫയലിൽ തീരുമാനമെടുക്കാൻ ‘വേണ്ട ആളുകളുമായിട്ടൊക്കെ ചർച്ച ചെയ്തു’വെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. മന്ത്രിയോ പവർ സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ അറിയാതെ സെക്രട്ടേറിയറ്റിന് പുറത്തിരുന്ന് ഫയലുകൾ നിയന്ത്രിക്കുന്ന ആ അദൃശ്യ സംഘം ആരാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റൂൾസ് ഓഫ് ബിസിനസ് കാറ്റിൽപ്പറത്തിയുള്ള ഇത്തരം ഇടപെടലുകൾ സത്യപ്രതിജ്ഞാലംഘനമാണ്‌’ പിണറായി വിജയൻ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

എൻ.ടി.പി.സിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകുമെന്നിരിക്കെ അത് മറച്ചുവെച്ചാണ് സർക്കാർ മുന്നോട്ടുപോയത്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2,122 മെഗാവാട്ടിന്റെ സുതാര്യമായ ദീർഘകാല കരാറുകൾ ഉറപ്പാക്കി സംസ്ഥാനത്തിന്റെ ഭാവി ഊർജ്ജസുരക്ഷ ഭദ്രമാക്കിയിരുന്നു. നിലവിലെ നിഗൂഢ നീക്കങ്ങളെയും അദൃശ്യ സംഘങ്ങളുടെ ഇടപെടലുകളെയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight:‘Mysterious power deals worth crores amid fears of power cuts; an invisible group controls the files’: Pinarayi Vijayan.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more