| Wednesday, 21st October 2026, 5:29 pm

ഇന്റർവ്യൂ : 20 വർഷമായി യൂണിയനില്ല, പ്രതിഷേധങ്ങൾക്ക് നടപടിയും; ജാമിയയിലെ വിദ്യാർത്ഥി നേതാക്കൾ സംസാരിക്കുന്നു

ഫഹീം ബറാമി

ഫഹീംബറാമി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധമുള്ള ക്യാമ്പസാണ് ജാമിയ മില്ലിയ ഇസ്‌ലാമിയ. മൗലാന മുഹമ്മദ് അലി ജൗഹർ മുതൽ ഗാന്ധിജി വരെയുള്ളവർ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ടിരുന്നു. അത്തരമൊരു ക്യാമ്പസിൽ കഴിഞ്ഞ 20 വർഷമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. അതിന്റെ കാരണം എന്താണ്?

എബിൻബാസിൽവി : 1997-ലാണ് ജാമിയയിലെ അന്നത്തെ വിദ്യാർത്ഥി യൂണിയൻ അധികൃതർ ആദ്യമായി നിർത്തലാക്കിയത്. അന്ന് യൂണിയൻ ചില സംഘങ്ങളുമായി സംഘർഷമുണ്ടായി. ക്യാമ്പസിലും പരിസരത്തും വലിയ സംഘർഷാവസ്ഥകൾ നിലനിന്നിരുന്നു. വെടിവെപ്പ് വരെ സംഭവിച്ചു. പിന്നീട് നാലുവർഷത്തിനുശേഷം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് വീണ്ടും ആരംഭിച്ചു. എന്നാൽ 2005-ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. അതിനുശേഷം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ സർവകലാശാലയുടെ അക്കാദമിക പ്രവർത്തനങ്ങളെ ബാധിക്കുമെന്ന കാരണം പറഞ്ഞ് വിദ്യാർത്ഥി യൂണിയൻ പൂർണമായും ഒഴിവാക്കി.

രാജ്യത്ത് ലിംഗ്ദോ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലെ സംഘർഷങ്ങളും അക്രമങ്ങളും ഒഴിവാക്കുന്നതിനായി മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും നിലവിൽ വന്നു. എന്നിട്ടും ജാമിയയിൽ കഴിഞ്ഞ 20 വർഷമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.

ജാമിയയിൽ നിരാഹാര സമരത്തിലുള്ള വിദ്യാർത്ഥി നേതാക്കൾ

ഫഹീംബറാമി:  രാജ്യത്തെ മികച്ച അക്കാദമിക നിലവാരമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുന്ന സർവകലാശാലകളിലൊന്നാണ് ജാമിയ. അത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് യൂണിയൻ രൂപീകരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തുകൊണ്ടായിരിക്കും?

എബിൻബാസിൽവി : വിദ്യാർത്ഥി യൂണിയൻ ഇല്ലാത്തതിന്റെ എല്ലാത്തരത്തിലുള്ള ബുദ്ധിമുട്ടുകളും ഇവിടുത്തെ വിദ്യാർത്ഥികൾ അനുഭവിക്കുന്നുണ്ട്. അനധികൃത പ്രവേശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ മുതൽ കാന്റീനിലെ മോശം ഭക്ഷണം വരെയുള്ള നിരവധി പ്രശ്നങ്ങൾ ക്യാമ്പസിൽ നിലനിൽക്കുന്നുണ്ട്.

ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ സർവകലാശാലാ അധികൃതരുടെ ഭാഗത്തുനിന്ന് അമിതമായ അധികാരപ്രയോഗമാണ് ഉണ്ടാകുന്നത്. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പ്രതിനിധീകരിക്കാൻ ഒരു യൂണിയൻ ഇല്ലാത്തത് അവർക്ക് ലഭിക്കേണ്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ കൂട്ടായ്മയിലൂടെ ഉന്നയിക്കാനും അവകാശങ്ങൾക്കായി സംഘടിതമായി ഇടപെടാനും കഴിയാത്തത് വലിയ പ്രതിസന്ധിയാണ്.

ജാമിയ മില്ലിയ ഇസ്‌ലാമിയ കവാടത്തിന് കാവൽ നിൽക്കുന്ന ഡൽഹി പൊലീസ്

ഫഹീംബറാമി: നിലവിൽ സർവകലാശാലയിലെ അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും സംഘടനകളുണ്ടെന്നിരിക്കെ, വിദ്യാർത്ഥികൾക്ക് മാത്രം യൂണിയൻ രൂപീകരിക്കാൻ അധികൃതർ അനുമതി നൽകാത്തത് എന്തുകൊണ്ടാണ്?

എബിൻബാസിൽവി : ഇവിടെ ഒരു ചെറിയ തിരുത്തലുണ്ട്. 2020-ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ (CAA) സമരത്തെ അനുകൂലിച്ച് നിലപാടെടുത്തതിന്റെ പശ്ചാത്തലത്തിൽ ജാമിയയിലെ ടീച്ചേഴ്‌സ് അസോസിയേഷൻ നിരോധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഡൽഹി ഹൈക്കോടതിയുടെ വിധിക്ക് ശേഷമാണ് അധ്യാപക സംഘടന വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

വിദ്യാർത്ഥി യൂണിയന്റെ കാര്യത്തിലേക്ക് വരുമ്പോൾ, സർവകലാശാലാ തലത്തിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ അക്കാദമിക ദിവസങ്ങൾ നഷ്ടപ്പെടുമെന്നും സംഘർഷാവസ്ഥകൾ ഉണ്ടാകുമെന്നുമാണ് അധികൃതർ പറയുന്നത്. അത്തരം സാഹചര്യങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ്അവർപറയുന്നത്.

അതുകൊണ്ട് ഡിപ്പാർട്ട്‌മെന്റ് തലത്തിൽ തിരഞ്ഞെടുപ്പ് നടത്താമെന്നാണ് അധികൃതരുടെ നിലപാട്. എന്നാൽ ഈ സംവിധാനത്തിൽ ഡിപ്പാർട്ട്‌മെന്റിന്റെ പ്രസിഡന്റ് സ്ഥാനം എച്ച്.ഒ.ഡി.ക്കോ ഡീനിനോ ആയിരിക്കും. വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ മൂന്ന് സ്ഥാനങ്ങൾ മാത്രമാണ് വിദ്യാർത്ഥികൾക്കായി മാറ്റിവെച്ചിരിക്കുന്നത്.

ഇതിലൂടെ ഡിപ്പാർട്ട്‌മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാത്രമേ പ്രധാനമായും ചർച്ച ചെയ്യാൻ കഴിയൂ. അതിനപ്പുറമുള്ള സർവകലാശാലാ തലത്തിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അവയിൽ തീരുമാനമെടുക്കുന്നതിനും വിദ്യാർത്ഥികൾക്ക് പരിമിതികളുണ്ട്. ഡിപ്പാർട്ട്‌മെന്റിന്റെ കാര്യങ്ങളിൽ പോലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം പ്രസിഡന്റായ ഡീനിനാണ്. അതിനാൽ, സർവകലാശാലയിലാകെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ കൂട്ടായി ചർച്ച ചെയ്യാനും അവയ്ക്ക് പരിഹാരം കണ്ടെത്താനും കഴിയാത്ത സാഹചര്യമാണുള്ളത്.

സി.എ.എക്കെതിരെ സമരത്തിനിറങ്ങിയ ജാമിയയിലെ അധ്യാപകർ

ഫഹീംബറാമി: 2019-ൽ ജാമിയയിൽ നടന്ന CAA വിരുദ്ധ സമരം ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായമാണ്. അതിനുശേഷം സർവകലാശാലാ അധികൃതർക്കെതിരെ വിവിധ സമരങ്ങൾ നടക്കുകയും അവയ്ക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരെ നടപടികളുണ്ടാകുകയും ചെയ്തിരുന്നു. നിലവിൽ ഇത്തരം നടപടികൾ തുടരുന്നുണ്ടോ?

എബിൻബാസിൽവി : വിദ്യാർത്ഥികളുടെ വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും ശിക്ഷാനടപടികളിലൂടെ നേരിടുന്ന രീതി ജാമിയയിൽ വ്യക്തമായി തുടരുന്നുണ്ട്. കഴിഞ്ഞ മാസം സർവകലാശാലയിലെ പ്രവേശനവുമായി ബന്ധപ്പെട്ട വീഴ്ചകൾക്കും ക്രമക്കേടുകൾക്കുമെതിരെ വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. സമരത്തിന്റെ മൂന്നാം ദിവസം പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധികൃതർ ക്യാമ്പസിൽനിന്ന് പുറത്താക്കി. തുടർന്ന് സമരത്തിൽ പങ്കെടുത്തവർക്ക് പത്തുദിവസത്തെ ക്യാമ്പസ് വിലക്ക് ഏർപ്പെടുത്തുകയും സസ്‌പെൻഷൻ നൽകുകയും കാരണം കാണിക്കൽ നോട്ടീസുകൾ അയയ്ക്കുകയും ചെയ്തു.

ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് പ്രതിഷേധിച്ച ഒരു വിദ്യാർത്ഥിനിയെ വിവിധ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹോസ്റ്റലിൽനിന്ന് പുറത്താക്കി. ടൈഫോയ്ഡ് ബാധിച്ചതിനാൽ പരീക്ഷ എഴുതാൻ കഴിയാതിരുന്നതെന്ന്പറഞ്ഞ വിദ്യാർത്ഥിനിയെ കുറഞ്ഞ മാർക്ക് ലഭിച്ചുവെന്ന കാരണം പറഞ്ഞ് അനധികൃതമായി ഹോസ്റ്റലിൽനിന്ന് പുറത്താക്കുകയായിരുന്നു.

അതുപോലെ, സമരങ്ങളിൽ പങ്കെടുക്കുന്ന പി.എച്ച്.ഡി. വിദ്യാർത്ഥികളെ ഗവേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബുദ്ധിമുട്ടിക്കുന്ന സാഹചര്യവുമുണ്ട്. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ ഇത്തരം നടപടികളിലൂടെ നേരിടുന്നത് അവരുടെ അക്കാദമിക ജീവിതത്തെയും ഭാവിയെയും ബാധിക്കുന്നതാണ്.

വിദ്യാർത്ഥി യൂണിയൻ പുനരാരംഭിക്കാൻ ജാമിയയുടെ അകത്തുയർന്ന പ്രതിഷേധ ബാനർ

ഫഹീംബറാമി: നിലവിൽ സർവകലാശാലയിലെ വിദ്യാഭ്യാസത്തിനും ഹോസ്റ്റൽ സൗകര്യങ്ങൾക്കുമെല്ലാം ഫീസ് വർധിപ്പിക്കുന്ന സാഹചര്യമുണ്ടോ?

എബിൻബാസിൽവി : വിവിധ കോഴ്‌സുകളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏകദേശം 41 ശതമാനം വരെ ഫീസ് വർധിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. ഈ വിഷയം സർവകലാശാലാ ഭരണകൂടവുമായി ചർച്ച ചെയ്യുമ്പോൾ, കേന്ദ്ര സർക്കാരിൽനിന്ന് ജാമിയയ്ക്ക് ലഭിക്കുന്ന ഗ്രാന്റും ബജറ്റ് വിഹിതവും കുറഞ്ഞുവരികയാണെന്നാണ് അധികൃതർ പറയുന്നത്.

ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തിയതിനുശേഷം ജാമിയയെപ്പോലുള്ള സർവകലാശാലകൾക്കുള്ള ഗ്രാന്റുകൾ ഗണ്യമായി കുറയ്ക്കുന്ന സാഹചര്യമുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. ഇതിനെതിരെയെല്ലാം വിദ്യാർത്ഥികൾ സമരം നടത്താറുണ്ട്.എന്നാൽ വിദ്യാർത്ഥി യൂണിയൻ ഇല്ലാത്തതിനാൽ ഇത്തരം സമരങ്ങളെ പൂർണമായ വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല. ഈ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. എന്നാൽ അതിനപ്പുറം നയപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും ആവശ്യങ്ങൾ അംഗീകരിപ്പിക്കുന്നതിനും വലിയ പരിമിതികളുണ്ട്.

പ്രതിഷേധ ബാനർ

ഫഹീംബറാമി: ബി.ജെ.പി. അധികാരത്തിലെത്തിയതിനുശേഷം സംഘപരിവാർ പശ്ചാത്തലമുള്ളവരെ ജാമിയയുടെ അധികാരസ്ഥാനങ്ങളിലേക്കും ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനങ്ങളിലേക്കും കൊണ്ടുവരുന്നതായി ആരോപണങ്ങളുണ്ട്. ഇതിൽ എത്രത്തോളം യാഥാർഥ്യമുണ്ട്?

എബിൻബാസിൽവി : നിലവിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ വൈസ് ചാൻസലർ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പ്രൊഫസറായിരുന്നു. അദ്ദേഹം സംഘപരിവാർ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി.യിലൂടെ വളർന്നുവന്ന നേതാവാണ് .

ജാമിയയിലെ ഡീൻ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ (DSW), ഡോക്ടറൽ ഓഫീസ്, രജിസ്ട്രാർ, സി.ഒ.എ., അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ വിവിധ സ്ഥാനങ്ങളിലേക്ക് സംഘപരിവാർ അനുകൂല നിലപാടുള്ളവരെ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. മുസ്‌ലിം രാഷ്ട്രീയ മഞ്ച് (MRM) പോലുള്ള സംഘടനകളിൽ അംഗത്വമുള്ളവർക്ക് നിയമനങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ട്.

വൈസ് ചാൻസലർ മസ്ഹർ ആസിഫ്

ഫഹീംബറാമി: സംഘപരിവാർ വിദ്യാർത്ഥി സംഘടനയായ എ.ബി.വി.പി.ക്ക് ക്യാമ്പസിൽ വിവിധ പരിപാടികൾ നടത്താൻ അനുമതി നൽകുകയും മറ്റ് സംഘടനകൾക്ക് അതേ അനുമതി നിഷേധിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടോ?

എബിൻബാസിൽവി : കുറച്ച് മാസങ്ങൾക്ക് മുമ്പ് ജാമിയയിൽ ആർ.എസ്.എസിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജാമിയയുടെ വൈസ് ചാൻസലറെയും രജിസ്ട്രാറെയും ക്ഷണിച്ച പരിപാടിക്ക് സർവകലാശാലയിലെ ഏറ്റവും വലിയ ഹാൾ ഭരണകൂടം വിട്ടുനൽകി.

ഈ സംഭവം മറ്റ് വിദ്യാർത്ഥി സംഘടനകളുടെ ശ്രദ്ധയിൽപ്പെടുകയും അവർ പരിപാടിക്കെതിരെ പ്രതികരിക്കുകയും ചെയ്തു. പരിപാടി ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾ ഘരാവോ നടത്തി പ്രതിഷേധിച്ചു. വൈകുന്നേരം വരെ നീണ്ടുനിൽക്കേണ്ടിയിരുന്ന പരിപാടി വിദ്യാർത്ഥികളുടെ പ്രതിഷേധത്തെത്തുടർന്ന് ഒന്നര മണിക്കൂറിനുള്ളിൽ അവസാനിച്ചു.

ഫഹീംബറാമി:  രാജ്യത്ത് എസ്.ഐ.ആറിനെതിരെ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. ഈ സമരങ്ങളിൽ ജാമിയയിലെ വിദ്യാർത്ഥികളുടെ പങ്കാളിത്തം എത്രത്തോളമുണ്ട്?

എബിൻബാസിൽവി : വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ജാമിയയിലെ വിദ്യാർത്ഥികൾ ജന്തർ മന്തറിലും കൊണാട്ട് പ്ലേസിലും നടന്ന ശക്തമായ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു.

ജാമിയയിലെ എൻ.എസ്.യു.വിന്റെ നേതൃത്വത്തിൽ സി.പി.യിലേക്ക് ഒരു മാർച്ച് സംഘടിപ്പിച്ചിരുന്നു. ഈ മാർച്ചിൽ പങ്കെടുത്ത നാൽപ്പതോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ദൂരെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അവിടെ നിരവധി വിദ്യാർത്ഥികളെ നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്തു. ഈ മർദനത്തിൽ എനിക്കും പരിക്കേറ്റു. വയറിന് പരിക്കേൽക്കുകയും മൂക്കിന് ചെറിയ പൊട്ടൽ സംഭവിക്കുകയും ചെയ്തു. വിദ്യാർത്ഥികളുടെ പ്രതിഷേധങ്ങളെ പൊലീസ് നേരിടുന്ന രീതി എത്രത്തോളം ക്രൂരമാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ദൽഹിയിൽ എസ്‌.ഐ.ആറിനെതിരെ നടന്ന പ്രതിഷേധം

ഫഹീംബറാമി: ആഗോള രാഷ്ട്രീയത്തിൽ ഫ്രാൻസിൽ സർക്കാരിനെതിരെ വിദ്യാർത്ഥി പ്രതിഷേധങ്ങൾ നടക്കുകയും പലസ്തീൻ ജനതയ്ക്കെതിരായ അടിച്ചമർത്തൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങളെക്കുറിച്ച് ജാമിയയിലെ വിദ്യാർത്ഥികൾക്കിടയിൽ എത്രത്തോളം ചർച്ചകൾ നടക്കുന്നുണ്ട്?

എബിൻബാസിൽവി : ഈ വിഷയങ്ങളെക്കുറിച്ച് ജാമിയയിൽ അക്കാദമിക ചർച്ചകളും ടോക്കുകളും നടക്കാറുണ്ട്. ഒക്ടോബർ ഏഴിന് പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.

ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെക്കുറിച്ച് അടുത്തിടെയാണ് ഞാൻ വായിച്ചറിഞ്ഞത്. ഇന്ത്യയിൽ സമരക്കാരെ പൊലീസ് നേരിടുന്നതുപോലെ തന്നെ ഫ്രാൻസിലും പ്രതിഷേധക്കാരെ വളരെ ക്രൂരമായ രീതിയിലാണ് അധികൃതർ നേരിടുന്നതെന്ന് കാണാൻ കഴിഞ്ഞു. പെപ്പർ സ്പ്രേ പ്രയോഗിച്ചും ലാത്തിച്ചാർജ് നടത്തിയും പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന സംഭവങ്ങൾ അവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഫഹീംബറാമി: നിലവിൽ നിങ്ങളുടെ സമരങ്ങളോടുള്ള ജാമിയ അധികൃതരുടെ പ്രതികരണം എന്താണ്?

എബിൻബാസിൽവി : നേരത്തെ പറഞ്ഞതുപോലെ, സംഘപരിവാർ അനുകൂല നിലപാടുള്ള ഭരണകൂടമാണ് നിലവിൽ ജാമിയയെ നയിക്കുന്നത്. വിദ്യാർത്ഥി സമരങ്ങളെ തടയുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഭരണകൂടത്തിന് വലിയ സമ്മർദമുണ്ട്. ഈ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ സംഘപരിവാർ സർക്കാർ നടത്തുന്നതാണ്.

മോദി സർക്കാർ വിദ്യാർത്ഥി സമരങ്ങളെ ലാത്തിയും വടിയും ഉപയോഗിച്ച് നേരിടുമ്പോൾ, ജാമിയ ഭരണകൂടം അത്തരം നേരിട്ടുള്ള ബലപ്രയോഗങ്ങൾക്ക് പകരം കാരണം കാണിക്കൽ നോട്ടീസുകൾ, സസ്‌പെൻഷൻ, ക്യാമ്പസ് വിലക്ക് തുടങ്ങിയ നടപടികളിലൂടെയാണ് വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടുന്നത്.

ജാമിയയിലെ വിവിധ അധികാരസ്ഥാനങ്ങളിൽ സംഘപരിവാർ അനുകൂല നിലപാടുള്ളവർ നിയമിക്കപ്പെട്ടിട്ടുണ്ടെന്നും ഗ്രാന്റ് കമ്മീഷൻ (UGC) ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ബന്ധപ്പെട്ട അധികാരസ്ഥാനങ്ങൾ വരെ സംഘപരിവാർവൽക്കരിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, സർക്കാരിൽനിന്ന് ജാമിയ അധികൃതർക്ക് വലിയ സമ്മർദമുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ.

ജാമിയ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണ്. അത്തരമൊരു സ്ഥാപനത്തെ എങ്ങനെ ദുർബലപ്പെടുത്താം എന്നതടക്കമുള്ള ആലോചനകൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് നടക്കുന്നുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. ഇതിന്റെ പ്രതിഫലനമാണ് വിദ്യാർത്ഥി സമരങ്ങൾക്കെതിരായ നടപടികളിലും കാണുന്നത്.

An interview with student leader Ebin Basil regarding the hunger strike staged by students against the authorities of Jamia Millia Islamia University, who have not permitted a student union for the past 20 years.

ഫഹീം ബറാമി

ഡൂള്‍ന്യൂസില്‍ വീഡിയോ ജേണലിസ്റ്റ്, ജാമിയ മില്ലിയ ഇസ് ലാമിയ യൂണിവേഴ്‌സ്റ്റിയില്‍ നിന്നും ജേണലിസത്തില്‍ പി.ജി.

We use cookies to give you the best possible experience. Learn more