| Tuesday, 24th November 2026, 4:46 pm

കാലടി യൂണിവേഴ്സിറ്റി: കോടതിവിധി നൽകുന്ന പാഠം

പി.ബി ജിജീഷ്

കാലടി, ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പ്രധാനപ്പെട്ട ഘട്ടം 2026 ഓഗസ്റ്റ് 13-ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ മുഖാമുഖം നിന്നതല്ല; അതിനുശേഷം സംഭവിച്ചതാണ്. ഒരു സർക്കാർ സർവ്വകലാശാലയുടെ പ്രവർത്തനങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് വൈസ് ചാൻസലറുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സംഭവം.

16 വിദ്യാർത്ഥികളുടെ സസ്പെൻഷന് കാരണമാവുകയായിരുന്നു. ഏകപക്ഷീയവും നീതിരഹിതവുമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ,  അവരുടെ പഠനം തന്നെ അവസാനിപ്പിക്കും വിധമുള്ള നടപടികളിലേക്ക് നീങ്ങി. ആദ്യഘട്ടത്തിൽ വിദ്യാർഥികളെ പരീക്ഷ എഴുതുവാൻ അനുവദിക്കണമെന്ന് നിർദ്ദേശിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി വരെ പോകാനും സർവകലാശാല അധികൃതർ തയ്യാറായി.

ഒടുവിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം കേസ് വിശദമായി പരിഗണിച്ച, കേരള ഹൈക്കോടതി, വിദ്യാർത്ഥികൾക്ക് എതിരെയുള്ള അച്ചടക്ക നടപടികൾ സ്റ്റേ ചെയ്തിരിക്കുന്നു.

നവംബർ 23ന്,  അർച്ചന പി.എസ് വേഴ്സസ് ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സംസ്കൃത കേസിൽ, കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവ്, കാലടി സർവകലാശാലയുടെ പരിമിത വൃത്തിനപ്പുറം പ്രസക്തമായ നിയമപ്രാധ്യാന്യം ഉള്ളതാണ്.  അധികൃതരുടെ ഐച്ഛികമായ അധികാരപ്രയോഗത്തിനെതിരായ വിധിപ്രസ്താവമാണിത്, അതോടൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്ത് ജനാധിപത്യത്തിൻറെ അർത്ഥം എന്തായിരിക്കണം എന്ന പ്രശ്നവും വിധി അഭിസംബോധന ചെയ്യുന്നുണ്ട്.

ഒഴിഞ്ഞുകിടക്കുന്ന 27 അധ്യാപക തസ്തികയിൽ നിയമനം നടത്തുക, യഥാസമയം ഡിഗ്രി സർട്ടിഫിക്കറ്റുകൾ പ്രിൻറ് ചെയ്തു നൽകുക, അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുക, ഫെല്ലോഷിപ്പുകളും ഗ്രാന്റുകളും സമയബന്ധിതമായി അനുവദിക്കുക തുടങ്ങി സർവകലാശാലയുടെ പ്രവർത്തനത്തെ സംബന്ധിച്ച അടിസ്ഥാനപരമായ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള സമരമാണ് വിദ്യാർഥികൾ നടത്തിയത് എന്ന് വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ജൂലൈ മാസത്തിൽ സമരം ആരംഭിച്ച വിദ്യാർത്ഥികൾ, ഓഗസ്റ്റ് 13ന് സിൻഡിക്കേറ്റ് യോഗം നടക്കുന്ന വേളയിൽ കെട്ടിടത്തിന് വെളിയിൽ ഒത്തുചേരുകയും,  വൈസ് ചാൻസിലറോഡ് തങ്ങളുടെ പരാതികൾ പങ്കുവെക്കുവാനുള്ള അവസരം ആവശ്യപ്പെടുകയും ചെയ്തു. അവരുടെ ആവശ്യം നിരന്തരം നിരസിക്കപ്പെടുകയായിരുന്നു എന്നാണ് വിദ്യാർഥികൾ പറയുന്നത്.

ഒടുവിൽ പോലീസ് സംരക്ഷണത്തിൽ വൈസ് ചാൻസിലർ യൂണിവേഴ്സിറ്റി വിട്ടു. പോലീസും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും അതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. സെപ്റ്റംബർ ഒന്നാം തീയതി 16 വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

സിസ തോമസ്

ഗുരുതരമായ സംഭവങ്ങൾ അന്ന് നടന്നുവന്നും അച്ചടക്ക നടപടി എടുക്കുകയല്ലാതെ തരമില്ലായിരുന്നു എന്നുമായിരുന്നു സർവ്വകലാശാല കോടതിയിൽ സ്വീകരിച്ച നിലപാട്. അത് പരിപൂർണ്ണമായും തെറ്റായിരുന്നുവെന്നോ, സമരത്തിൻറെ ഭാഗമായി ഉണ്ടാകുന്ന അക്രമം നീതീകരിക്കപ്പെടേണ്ടതാണെന്നോ ഹൈക്കോടതി പറഞ്ഞിട്ടില്ല. കോടതി പരിശോധിക്കുകയും തള്ളിക്കളയുകയും ചെയ്തത്, അച്ചടക്ക നടപടികൾ സ്വീകരിക്കാൻ ഉള്ള അധികാരം യൂണിവേഴ്സിറ്റി പ്രയോഗിച്ച രീതിയെയാണ്.

ശിക്ഷയുടെ രീതിശാസ്ത്രം

കാലടി യൂണിവേഴ്സിറ്റിയുടെ പ്രതികരണം, വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടുവാൻ നടത്തുന്ന അധികാരപ്രയോഗത്തെ സംബന്ധിച്ച് സുപ്രധാനമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സെപ്റ്റംബർ ഒന്നിന് രൂപീകരിച്ച അന്വേഷണ കമ്മീഷൻ സിൻഡിക്കേറ്റ് അംഗങ്ങൾ മാത്രം ഉൾപ്പെടുന്നതായിരുന്നു. വിദ്യാർഥികളിൽ നിന്ന് മൊഴിയെടുത്തുവെങ്കിലും, അവർക്കെതിരായ കുറ്റം എന്തെന്ന് വിശദീകരിച്ചുകൊണ്ടുള്ള ചാർജ് മെമ്മോ നൽകിയിരുന്നില്ല.

ഓരോരുത്തരും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന കുറ്റം എന്തെന്ന് അറിയിക്കാതെ എങ്ങനെയാണ് അതിനോട് പ്രതികരിക്കുക. ഒക്ടോബർ 26-ന് അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച റിപ്പോർട്ടിൽ അന്വേഷണ നടപടികളുടെ വിവരണവും കണ്ടെത്തലും മാത്രമാണ് ഉണ്ടായിരുന്നത്. കമ്മിറ്റി പരിശോധിച്ച തെളിവുകൾ എന്തൊക്കെയെന്നോ, ആ തെളിവുകൾ എങ്ങനെയാണ് വിദ്യാർഥികളെ കുറ്റക്കാർ ആക്കുന്നതെന്നോ അതിൽ വിശദീകരിച്ചിട്ടില്ല.

സമരപന്തൽ

എതിരായ സാക്ഷി മൊഴികൾ നൽകിയിട്ടുള്ളത് കുറ്റാരോപിതരായ വിദ്യാർഥികളുടെ സാന്നിധ്യത്തിലല്ല. അവ ഖണ്ഡിക്കുവാനുള്ള അവസരം അന്വേഷണ കമ്മീഷൻ ഒരുക്കിയിട്ടില്ല.   ഇക്കാര്യങ്ങൾ വിലയിരുത്താതെ തന്നെ നവംബർ രണ്ടിന് സിൻഡിക്കേറ്റ് റിപ്പോർട്ട് അംഗീകരിച്ചു.

വിദ്യാർത്ഥികളുടെ ആവശ്യങ്ങളോട് കാര്യക്ഷമമായി പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അധികൃതർ, അവർക്കെതിരെ കുറ്റം ചാർത്തി അവരെ ശിക്ഷിക്കണം എന്ന കാര്യത്തിൽ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ചതായി കാണാം. അതിനു പിന്നിൽ രാഷ്ട്രീയ പക പോക്കലോ വ്യക്തിപരമായ പ്രതികാരമോ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ കോടതി തീർപ്പൊന്നും പറഞ്ഞിട്ടില്ല.

എന്നാൽ കുട്ടികൾക്കെതിരെ ഉണ്ടായ നടപടികളുടെ ക്രമവും രീതിയും പരിശോധിച്ചാൽ,  യാതൊരു ഉത്തരവാദിത്വമോ സുതാര്യതയോ ഇല്ലാത്ത തരത്തിൽ കേന്ദ്രീകൃതമായ അധികാരപ്രയോഗം നടന്നുവെന്ന് മനസ്സിലാക്കാം. നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദമായ വിലയിരുത്തൽ തന്നെ ഹൈക്കോടതി നടത്തിയിട്ടുണ്ട്.

വിദ്യാർഥികളുടെ അന്തസ്സിനെയും പഠനത്തെയും ബാധിക്കുന്ന അച്ചടക്ക നടപടികൾ അർദ്ധ-ജുഡീഷ്യൽ പദവി ഉള്ളതാണെന്ന് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ സ്വാഭാവികനീതിയും ഉറപ്പുവരുത്തേണ്ടതാണ്. നടപടി നേരിടുന്ന വിദ്യാർത്ഥിയോട്, അയാൾക്കെതിരെയുള്ള ചാർജ് എന്താണെന്ന് കൃത്യമായി പറയാനുള്ള ബാധ്യത അധികൃതർക്കുണ്ട്.

അനിൽകുമാർ വേഴ്സസ് പ്രിസൈഡിങ് ഓഫീസർ കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളത് പോലെ,  കണ്ടെത്തലുകളെ തെളിവുകൾ എങ്ങനെ സാധൂകരിക്കുന്നു എന്ന് അന്വേഷണ റിപ്പോർട്ടിൽ യുക്തിഭദ്രമായി വിശദീകരിക്കേണ്ടതുണ്ട്. അങ്ങനെ നോക്കിയാൽ കാലടി യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് കാര്യകാരണസഹിതം ഉള്ളതല്ലെന്നും  ഏകപക്ഷീയമാണെന്നും കോടതി വിലയിരുത്തി.

വിയോജിപ്പ് ഒരു കുറ്റമല്ല

നടപടിക്രമങ്ങളിലെ നീതിരാഹിത്യം മാത്രമല്ല, ജനാധിപത്യ സംവിധാനത്തിനകത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിയോജിപ്പുകളുടെ സ്ഥാനം എന്തെന്ന ഭരണഘടനാ പ്രശ്നം കൂടി ഇവിടെയുണ്ട്. ഭരണഘടനയുടെ അനുഛേദം 19(1)(a) ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പു നൽകുന്നു. അനുഛേദം 19(1)(b) സമാധാനപൂർവ്വമായി ഒത്തുചേരാനും, അനുഛേദം 19(1)(c) അസോസിയേഷനുകളും യൂണിയനുകളും രൂപീകരിക്കാനുള്ള അവകാശത്തെയും സംരക്ഷിക്കുന്നു.

സംഘടിക്കുവാനും ഒത്തുചേരുവാനും അവകാശങ്ങൾ ഉന്നയിക്കുവാനും മുദ്രാവാക്യം മുഴക്കുവാനും സമാധാനപരമായി പ്രതിഷേധിക്കുവാനും ഉള്ള വിദ്യാർത്ഥികളുടെ അവകാശങ്ങളുടെ ഭരണഘടനാപരമായ അടിസ്ഥാനമിതാണ്. ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളോട് അധികാരികൾ യോജിക്കുന്നുണ്ടോ എന്നതല്ല പ്രതിഷേധിക്കാനുള്ള അവകാശത്തെ വിലയിരുത്താനുള്ള മാനദണ്ഡം.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമരപന്തൽ സന്ദർശിക്കുന്നു

അനുഛേദം 19(2), 19(3) എന്നിവ അനുസരിച്ച് ഭരണഘടനാപരമായ നിയന്ത്രണങ്ങൾ പ്രതിഷേധങ്ങൾക്ക് ഉണ്ടുതാനും.എന്നാൽ സമരങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണവും വിയോജിപ്പുകളെ അടിച്ചമർത്തുന്നതും തമ്മിലുള്ള വ്യത്യാസം പ്രസക്തമാണ്.

വൈസ് ചാൻസിലർക്ക് ഇഷ്ടപ്പെടാത്ത മുദ്രാവാക്യം വിളിക്കുന്നത് സർവകലാശാലയുടെ അക്കാദമിക് ക്രമത്തെ ശിഥിലമാക്കും എന്ന് പറയാനാവില്ല. ഒരു ഔദ്യോഗിക ചടങ്ങ് തടസ്സപ്പെട്ടു എന്നതുകൊണ്ട് പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലാതാവില്ല. അവകാശങ്ങൾക്ക് മേലുള്ള നിയന്ത്രണം, നീതിയുക്തവും നിയമപരവും ആനുപാതികവും ആയിരിക്കണം.

 നിങ്ങൾ പറയുന്ന കാര്യത്തോട് വിയോജിക്കുമ്പോൾ തന്നെ, അതു പറയാനുള്ള നിങ്ങളുടെ അവകാശത്തെ മരണം വരെ ഞാൻ പ്രതിരോധിക്കും എന്ന” വോൾട്ടയറുടെ തത്വബോധത്തെ കോടതി പുനരാനയിക്കുന്നുണ്ട്. ക്യാമ്പസിൽ അക്രമത്തിന് സ്ഥാനമില്ല എന്ന് ഓർമ്മിപ്പിക്കുമ്പോൾ തന്നെ, വിദ്യാർഥികളുടെ അക്കാദമിക ഭാവി നശിപ്പിക്കുന്ന ശിക്ഷാനടപടികളിലൂടെ,  പ്രതിഷേധിക്കുവാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ അടിച്ചമർത്തരുതെന്ന് വ്യക്തമാക്കുന്നുമുണ്ട്.

വിദ്യാഭ്യാസവും ജീവിക്കാനുള്ള അവകാശവും

വിദ്യാർത്ഥികൾ കലാലയത്തിന് വെളിയിൽ നിൽക്കേണ്ടി വന്ന ദിവസങ്ങളുടെ എണ്ണം കൊണ്ടുമാത്രം സസ്പെൻഷനെ വിലയിരുത്താൻ കഴിയില്ല. വിദ്യാഭ്യാസം ഒരു രൂപീകരണ പ്രക്രിയയാണ്. ക്ലാസുകൾ നഷ്ടമാകുന്നതും, അക്കാദമിക സൂപ്പർവിഷൻ ഇല്ലാതെ വരുന്നതും, ഗവേഷണം നടത്താൻ കഴിയാതെ പോകുന്നതും, സസ്പെൻഷൻ കാലാവധിക്ക് അപ്പുറം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.

ജീവിക്കാനുള്ള അവകാശം ഉറപ്പു തരുന്ന ഭരണഘടനയുടെ അനുച്ഛേദം 21, അർത്ഥപൂർണ്ണവും അന്തസ്സോടെ ഉള്ളതുമായ ജീവിതമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സുപ്രീംകോടതി നിരവധിതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. 16 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പു നൽകുന്ന അനുഛേദം 21 (എ) ഉൾ ചേർക്കുന്നതിന് മുൻപ് തന്നെ, ഭരണഘടനയുടെ അനുഛേദം 21 വാഗ്ദാനം ചെയ്യുന്ന ഐച്ഛികമായ അധികാരപ്രയോഗത്തിനെതിരെയുള്ള അവകാശത്തിന്റെയും, തുല്യതയുടെയും, നിർദ്ദേശകതത്വങ്ങളുടെയും അടിസ്ഥാനത്തിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നീതിപൂർവ്വമായ സമീപനം ഭരണഘടന വിഭാവനം ചെയ്യുന്നു.

എന്നിരുന്നാലും, ഒരു വിദ്യാർത്ഥിയുടെ ഭാവിയെ നശിപ്പിക്കുന്ന വിധത്തിലുള്ള അച്ചടക്കനടപടികളെ,  ആ അർത്ഥത്തിൽ തിരിച്ചറിയുന്നു എന്നുള്ളതാണ് കാലടി യൂണിവേഴ്സിറ്റി വിഷയത്തിലെ ഹൈക്കോടതി വിധിയുടെ പ്രത്യേകതകളിൽ ഒന്ന്. 84 ദിവസത്തെ സസ്പെൻഷൻ തന്നെ ഒരു ശിക്ഷയാണെന്നും, അതുമൂലം ഉണ്ടാകുന്ന ഹാജർ കുറവ് അടുത്ത ശിക്ഷക്കുള്ള കാരണമായി പരിഗണിക്കാൻ സർവകലാശാലയെ അനുവദിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി.

ഹൈക്കോടതിയിൽ നിന്ന്, വിദ്യാർഥികൾക്ക് അനുകൂലമായ വിധി വന്നാൽ , അവർക്കുവേണ്ടി പ്രത്യേകം പരീക്ഷ നടത്തിക്കൊള്ളാമെന്ന് സുപ്രീംകോടതിയിൽ സർവകലാശാല ഉറപ്പു നൽകിയിരുന്നതാണ്. അതുകൊണ്ടുതന്നെ ഹാജർ മാനദണ്ഡം നോക്കാതെ പരീക്ഷ എഴുതുവാൻ വിദ്യാർഥികളെ അനുവദിക്കണം എന്ന് കോടതി നിർദേശിച്ചു.

എല്ലാ വിദ്യാർത്ഥികളെയും ഉടൻ ക്ലാസിൽ പ്രവേശിപ്പിക്കുവാനും, ആറാഴ്ചയ്ക്കകം പരീക്ഷ എഴുതാനുള്ള അവസരം നൽകുവാനുമാണ് ഉത്തരവ്.

സീസറും ഭാര്യയും

സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുവാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തെ തന്നെ സർവകലാശാല ചോദ്യം ചെയ്തിരുന്നു. 2023-ലെ റെഗുലേഷൻസ് അനുസരിച്ച്, സ്റ്റുഡൻസ് ഗ്രീവൻസ് റിഡ്റസൽ കമ്മിറ്റിയും ഓംബുഡ്സ് പേഴ്സണും നിലവിലുള്ള സ്ഥിതിക്ക്, വിദ്യാർത്ഥികൾ അവിടെയാണ് പരാതിയുമായി പോകേണ്ടിയിരുന്നത് എന്നായിരുന്നു വാദം.

വൈസ് ചാൻസലർ നിയമിക്കുന്ന സമിതിക്കും ഓംബുഡ്സ് പേഴ്സണും വൈസ് ചാൻസിലർ കൂടി ഉൾപ്പെട്ട വിഷയത്തിൽ നീതിയുക്തമായ തീരുമാനമെടുക്കാൻ കഴിയില്ല എന്നും കോടതി വിലയിരുത്തി. ‘സീസറിൽ നിന്ന് സീസറുടെ ഭാര്യയിലേക്ക്’ എന്ന പ്രയോഗമാണ് ഹൈക്കോടതി നടത്തിയത്.

മാത്രവുമല്ല സ്വാഭാവികനീതിയുടെ നിഷേധവും, കണിശമായ അനീതിയും ചൂണ്ടിക്കാണിക്കപ്പെടുന്ന സന്ദർഭങ്ങളിൽ ഭരണഘടനയുടെ അനുഛേദം 226 പ്രകാരം ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം എല്ലാ പൗരനും ഉണ്ടെന്നും കോടതി പ്രസ്താവിച്ചു.

യൂണിവേഴ്സിറ്റിയുടെ സ്വയം ഭരണാവകാശം, എല്ലാ മേൽനോട്ടങ്ങളിൽ നിന്നുമുള്ള പ്രതിരോധ കവചമല്ല; അവയുടെ പ്രവർത്തനങ്ങളും ഭരണഘടനാപരമായ പരിശോധനയ്ക്ക് വിധേയമാവുക തന്നെ ചെയ്യും.

സർവകലാശാല ഏകാധിപത്യത്തിൻറെ തുരുത്തല്ല

ഡോ. അംബേദ്കറും നമ്മുടെ രാഷ്ട്ര ശില്പികളും മുന്നോട്ടുവച്ച ജനാധിപത്യ സങ്കൽപ്പനം, കേവലം തെരഞ്ഞെടുപ്പുകളും ഗവൺമെൻറ് സ്ഥാപനങ്ങളും മാത്രം ഉൾക്കൊള്ളുന്നതായിരുന്നില്ല. സമത്വവും പരസ്പര ബഹുമാനവും സഹവർത്തിത്വവും ഉൾച്ചേരുന്നതാണത്. അധികാര സ്ഥാനത്ത് ഇരിക്കുന്നവർ തങ്ങളുടെ പരിധികളെ തിരിച്ചറിയണമെന്നതും അവർക്ക് കീഴിലുള്ള മനുഷ്യരുടെ അവകാശങ്ങളെ ബഹുമാനിക്കണം എന്നതും ഭരണഘടനാ ധാർമികതയുടെ ഭാഗമാണ്.

ഡോ. അംബേദ്കർ

പ്രത്യേകിച്ചും സർവകലാശാലകൾ ഇത്തരത്തിലുള്ള ജനാധിപത്യ സംസ്കാരം വളർത്തിയെടുക്കുന്നതിൽ വളരെ പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്. വിയോജിപ്പുകളെ കുറ്റകൃത്യമായി കണക്കാക്കിക്കൊണ്ട്, വിമർശനാത്മക ചിന്തകളെ പഠിപ്പിക്കുന്നുവെന്ന് അവകാശപ്പെടാൻ ഒരു സർവ്വകലാശാലയ്ക്കും കഴിയില്ല. വിദ്യാർഥികളോട് ഒരേസമയം സ്വതന്ത്ര ചിന്തയും അധികാര വിധേയത്വവും ആവശ്യപ്പെടാനും ആവില്ല.

പൊതുവിദ്യാഭ്യാസ സൗകര്യങ്ങളും, ഫെലോഷിപ്പുകളും, ഗ്രാന്റുകളും ഒക്കെ ആശ്രയിക്കുന്ന സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ സർവ്വകലാശാലകളിൽ പ്രത്യേകിച്ചും, ആവശ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം പ്രധാനമാണ്. അധികാരികൾക്ക് മുന്നിൽ ചോദ്യങ്ങൾ ഉയർത്താനുള്ള ആർജ്ജവം ഒരു അസൗകര്യമല്ല, ജനാധിപത്യത്തിൻ്റെ ഭാഗഭാക്കാവാനുള്ള പഠനപ്രക്രിയയുടെ ഭാഗമാണത്.

ഇനിയും അന്വേഷിക്കാം

 വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ സർവ്വകലാശാലയ്ക്ക് അധികാരമില്ലെന്നു കോടതി പറഞ്ഞിട്ടില്ല. ഓഗസ്റ്റ് 13ന് നടന്ന സംഭവവികാസങ്ങളുടെ പേരിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനും വിലക്കില്ല. 1994ലെ നിയമത്തിന് കീഴിൽ അച്ചടക്കനടപടികൾ സ്വീകരിക്കാൻ യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. സ്വാഭാവികനീതി ഉറപ്പുവരുത്തി കൊണ്ട് പുതിയ നടപടികൾ സ്വീകരിക്കാൻ ഇനിയും സർവകലാശാലയ്ക്ക് കഴിയും.

എന്നിരുന്നാലും, പുതിയ അന്വേഷണത്തിന്റെ പേരിൽ ഈ വിദ്യാർത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്യരുത് എന്ന കൃത്യമായ മാർഗനിർദേശം വിധിയിലുണ്ട്. ഭാവിയിൽ ശിക്ഷ നിർണയിക്കപ്പെടുകയാണെങ്കിൽ ഇതിനോടകം വിദ്യാർത്ഥികൾ അനുഭവിച്ച 84 ദിവസത്തെ സസ്പെൻഷൻ പരിഗണിക്കണമെന്നും, പുതിയ അന്വേഷണം പരീക്ഷ എഴുതിപ്പിക്കാതിരിക്കാനുള്ള ഉപായമാകരുതെന്നും പ്രത്യേക നിർദ്ദേശമുണ്ട്.

അച്ചടക്കനടപടികൾ സംബന്ധിച്ച ഓർഡിനൻസ് പാസാക്കാനുള്ള അധികാരം നിയമം സിൻഡിക്കേറ്റിനു നൽകിയിട്ടുണ്ടെങ്കിലും അത്തരത്തിൽ വിശദമായ ഒരു ഓർഡിനൻസ് നാളിതുവരെ പാസാക്കിയിട്ടില്ല എന്ന വസ്തുത വിധിയിൽ രേഖപ്പെടുത്തുന്നുണ്ട്. എത്രയും വേഗം അത് പരിഹരിക്കണമെന്ന അഭിപ്രായവും കോടതി പ്രകടിപ്പിച്ചു.

യൂണിവേഴ്സിറ്റി ഇതിൽ നിന്നും പാഠം ഉൾക്കൊള്ളണം

രാഷ്ട്രീയ നേതൃത്വം പ്രതിഷേധങ്ങൾക്കെതിരെ പക്വതയോടെ നിലപാടെടുത്ത മൂന്നു സന്ദർഭങ്ങൾ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഈ വിധിന്യായത്തിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് വേണ്ടി ഇടപെട്ട മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗിന്റെ വാക്കുകൾ.

ഡോ. മൻമോഹൻസിംഗ്

പ്രതിഷേധിക്കുന്ന യുവാക്കൾക്ക് മാപ്പു നൽകിക്കൊണ്ട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം. വലിയ പ്രതിഷേധത്തിനിടെ, വേദിയിൽ നിന്നും,  മതിൽ പൊളിച്ച് പുറത്തു വരേണ്ടിവന്ന മുൻ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ  വിദ്യാർഥികളോടുള്ള അനുകമ്പാപൂർവ്വമായ പ്രതികരണം.

ഇ.എം.എസ് നമ്പൂതിരിപ്പാട്

മൂന്ന് വ്യത്യസ്ത രാഷ്ട്രീയ ധാരകളിൽ നിന്നുമുള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട്, പ്രതിഷേധിക്കുന്നവരെ ശത്രുപക്ഷത്ത് നിർത്താതിരിക്കാനുള്ള ആത്മവിശ്വാസവും പക്വതയും അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്ക് ഉണ്ടാവേണ്ടതുണ്ട് എന്ന് പറയുകയാണ് ഹൈക്കോടതി.

വിദ്യാർഥികളുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യാൻ സർവകലാശാല ബാധ്യസ്ഥമാണ്. അത് അച്ചടക്ക സമിതിക്ക് പരിഹരിക്കാവുന്ന വിഷയങ്ങളല്ല. ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതിന് പകരം, വിദ്യാർത്ഥികളെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നത് കൊണ്ട് സർവ്വകലാശാലയ്ക്ക് പൊതുജന വിശ്വാസം നേടിയെടുക്കാൻ കഴിയില്ല.

വിയോജിപ്പുകളെ കൂറില്ലായ്മയായി കണ്ട് ശിക്ഷിക്കുകയും, യാതൊരു സുതാര്യതയും ഇല്ലാതെ അധികാരപ്രയോഗം നടത്തുകയും ചെയ്യുന്ന ഏകാധിപത്യ തുരുത്തുകളായി സർവകലാശാലകൾ മാറരുത് എന്നതാണ്, കാലടി സർവകലാശാലയെ സംബന്ധിച്ചിടത്തോളം ഈ വിധി നൽകുന്ന പാഠം.

വിദ്യാർത്ഥികളുടെ ചോദ്യങ്ങൾ ഇല്ലാതാവുന്നതിലോ, അവരുടെ നിരന്തരമായ വിധേയത്വം ഉറപ്പുവരുത്തുന്നതിലോ അല്ല ഒരു കലാലയത്തിന്റെ അന്തസ്സ്. വിമർശനങ്ങളെ അതിജീവിക്കുവാനും, തെറ്റുകൾ തിരുത്തുവാനും, ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുവാനും ഉള്ള ശേഷി അതിനുണ്ടോ എന്നതിലാണ് കാര്യം.

വിയോജിപ്പുകളെ സഹിഷ്ണുതയോടെ കാണുവാൻ കഴിയാത്ത സർവകലാശാലകൾക്ക് ഒരുപക്ഷേ വിധേയരായ ബിരുദധാരികളെ സൃഷ്ടിക്കുവാൻ കഴിയുമായിരിക്കും. എന്നാൽ ജനാധിപത്യ രാജ്യത്തെ പൗരർക്ക് വിദ്യാഭ്യാസം നൽകുന്ന പണിയാണ് തങ്ങൾ എടുക്കുന്നത് എന്ന് അവകാശപ്പെടാനാവില്ല.

Content highlight : An article written in the context of the protest staged by students at Sree Sankaracharya University of Sanskrit, Kalady, against the Vice-Chancellor and the Syndicate, and the subsequent verdict in favor of the students.

പി.ബി ജിജീഷ്

We use cookies to give you the best possible experience. Learn more