| Sunday, 28th September 2025, 11:42 pm

ആള്‍ക്കൂട്ട ഉന്മാദമായി ഒടുങ്ങുന്ന ടി.വി.കെ രാഷ്ട്രീയം

ടി. അനീഷ്

വിവേചന ബുദ്ധിക്ക് മീതെ താരാരാധന കൊണ്ടുനടക്കുന്ന ഒരു ആള്‍ക്കൂട്ടവും അവശ്യ ഗൃഹപാഠമോ മതിയായ രാഷ്ട്രീയ പ്രായോഗിക ബുദ്ധിയോ വശമില്ലാത്ത ഒരു നേതൃത്വവുമാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ കൊല്ലപ്പെട്ടതിന് കാരണമായത്.

രാഷ്ട്രീയക്കാരനായി മാറിയ ശേഷം ചലച്ചിത്ര നടന്‍ വിജയ് നടത്തിയ രണ്ടു വന്‍ സമ്മേളനങ്ങളില്‍ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ കുഴഞ്ഞു വീണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അത്തരം സുരക്ഷാ പ്രശ്‌നങ്ങളെ അവഗണിക്കാനും അത് തങ്ങളുടെ ജനപിന്തുണയുടെ അളവുകോലായി അഭിമാനം കൊള്ളാനുമാണ് ടി.വി.കെ നേതൃത്വം ശ്രമിച്ചത്.

താരാരാധനയുടെ ഉന്മാദം മാത്രം കൈമുതലായ ആള്‍ക്കൂട്ടത്തിനു മേല്‍ മതിയായ നിയന്ത്രണമോ പ്രായോഗിക പരിചയമോ ഇല്ലാത്ത ഒരു നേതൃത്വം തുറന്നുകാട്ടപ്പെടാന്‍ നാല്പതോളം മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തേണ്ടി വന്നു എന്നതാണ് പരിതാപകരം. മുന്‍പ് നടന്ന ടി.വി.കെയുടെ സമ്മേളനങ്ങളില്‍ പ്രകടമായിരുന്ന ആള്‍ക്കൂട്ടത്തിന്റെ ഇരച്ചുകയറ്റം ഒരു മുന്നറിയിപ്പായി മനസ്സിലാക്കാന്‍ പാര്‍ട്ടിക്കു സാധിച്ചില്ല.

കരൂരിലെ വേലുച്ചാമി പുരത്തില്‍ പ്രചാരണത്തിനായെത്തുന്ന വിജയ്‌യെ ഒരു നോക്കുകാണാന്‍ രാവിലെ 10 മണി മുതല്‍ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം നൂറുകണക്കിന് ആരാധകരാണ് കാത്തുകെട്ടികിടന്നത്. രാത്രി 7മണിയായി വിജയ് എത്താന്‍.

എത്തിയ ഉടനെ സംസാരിക്കുന്നതിനു പകരം ആള്‍ക്കൂട്ടം കനക്കുന്നതുവരെ വിജയ് വാഹനത്തിനുള്ളില്‍ തന്നെയിരുന്നു. അതിനൊരു കാരണവുമുണ്ടെന്ന് പറയപ്പെടുന്നു. കരൂരില്‍ ഈയിടെ ഡി.എം.കെ നടത്തിയ മുപ്പെരും വിഴാ എന്ന പാര്‍ട്ടിപൊതുസമ്മേളനത്തിന് വന്‍ ജനാവലി എത്തിയിരുന്നു. അതിനേക്കാള്‍ വലിയൊരു ആള്‍ക്കൂട്ടം മുന്നിലെത്തിയിട്ട് സംസാരിക്കാം എന്ന വിജയ്‌യുടെ നിര്‍ബന്ധബുദ്ധി വലിയൊരു തിക്കുംതിരക്കിലേക്കും നയിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.

കരൂരില്‍ നടന്ന മൂപ്പരുംവിഴ പരിപാടിയില്‍ എം.കെ. സ്റ്റാലിന്‍ സംസാരിക്കുന്നു

മുപ്പെരും വിഴയെ പരിഹസിച്ചുകൊണ്ട്, അതിനേക്കാള്‍ വലിയൊരു ജനാവലി ഇവിടെ എത്തിയിട്ടുണ്ട് എന്ന അവകാശ വാദം, പ്രസംഗത്തിന്റെ ആരംഭത്തില്‍ വിജയ് ഉന്നയിച്ചത് ഈ ഉദ്ദേശത്തെ വെളിപ്പെടുത്തുന്നതാണ്. എ.ഐ.എ.ഡി.എം.കെ അപ്രസക്തമായെന്നും പകരം ടി.വി.കെയാണ് ഡി.എം.കെയുടെ ഇപ്പോഴത്തെ എതിരാളി എന്നുമുള്ള ആവര്‍ത്തിച്ചുള്ള പ്രചാരണ തന്ത്രത്തിന്റെ ഭാഗമാണത്.

ഇതിനിടെ പ്രചാരണ വാഹനത്തിലെ മൈക്ക് കേടായത് ശരിയാക്കാന്‍ വാഹനം ഒതുക്കി നിര്‍ത്തിയത്, ആള്‍ക്കാര്‍ക്ക് നീങ്ങി നില്ക്കാന്‍ സ്ഥലമില്ലാത്ത സാഹചര്യം ഉണ്ടാക്കി. അത് ഉന്തുംതള്ളിനുമിടയാക്കി. അതിന്‌ തൊട്ടു മുന്‍പായി ഒരു 9 വയസ്സുകാരിയെ കാണാനില്ലെന്ന വിജയ്‌യുടെ അറിയിപ്പും ആള്‍ക്കൂട്ടത്തില്‍ ഇളക്കമുണ്ടാക്കി.

വിജയ്‌

ആള്‍ക്കൂട്ട പൊരിച്ചലില്‍ തളര്‍ന്ന് താഴെവീണയാള്‍ക്ക് വെള്ളമെത്തിച്ചുകൊടുക്കുന്ന വിജയ്‌യുടെ ആവശ്യപ്രകാരം ആംബുലന്‍സ് കടന്നു വന്നത് വീണ്ടും തിക്കുംതിരക്കമുണ്ടാക്കി. ഇതിനിടയില്‍പെട്ട പലരും തളര്‍ന്നു വീണു.

വിജയ് വരുന്നതിനു മുന്‍പേ തന്നെ പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു, ജനറേറ്റര്‍ ഉപയോഗിച്ചായിരുന്നു പ്രചാരണ വാഹനത്തിനു ചുറ്റുമുള്ള വെളിച്ചം സെറ്റ് ചെയ്തിരുന്നത്. ആരാധകര്‍ ആവേശം മൂത്ത് വൈദ്യുത കമ്പികള്‍ക്കടുത്ത് കൂടി പോകുന്ന മരക്കൊമ്പുകളിലും മറ്റും പിടിച്ച് തൂങ്ങി അപകടം വരുത്തി വെക്കുന്നത് തടയുവാനായിരുന്നു ഇത്, ഇരുട്ടില്‍ തിക്കിലും തിരക്കിലും പെട്ട ആളുകള്‍ക്ക് എങ്ങോട്ടു നീങ്ങണമെന്നറിയാതെയായി.

തിക്കിലും തിരക്കിലും പെട്ട് മരിച്ച 40 പേരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു കൊണ്ടു ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്ക്കാന്‍ വിജയ്ക്ക് സാധിക്കില്ല.

വീണുകിടക്കുന്ന ആളുകള്‍ക്ക് മേല്‍ തട്ടിത്തടഞ്ഞു വീണും അവരെ ചവിട്ടികടന്നും രക്ഷപ്പെടുന്നതിനിടെ പലര്‍ക്കും ഗുരുതരമായ പരിക്കേറ്റു. വിജയ്‌യെ കാണാന്‍ ആരാധന മൂത്ത് ആരാധകര്‍ വലിഞ്ഞുകയറിയ മരക്കൊമ്പുകള്‍ മുറിഞ്ഞു താഴെവീണതും ആളുകള്‍ ചിതറിയോടാന്‍ കാരണമായി.

ടി.വി.കെയുടെ കരൂരിലെ പരിപാടിക്കിടയില്‍ പരിക്കേറ്റവരെ കയറ്റിയ ആംബുലന്‍സുകള്‍

നാമക്കലില്‍ നിന്ന് കരൂര്‍ വരെ വിജയ്‌യെ വിടാതെ പിന്തുടര്‍ന്ന ആരാധക വൃന്ദവും, നടന്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഗ്ലാസ് അടഞ്ഞു കിടന്നതിനാല്‍ ആരാധനാപാത്രത്തെ ഒരു നോക്ക് കണ്ടുമടങ്ങാന്‍ ആഗ്രഹിച്ച ആരാധകരും കൂടിയായപ്പോള്‍ ആള്‍ക്കൂട്ടം നിയന്ത്രണവിധേയമല്ലാതായി.

ഇനിയും പരീക്ഷിക്കപ്പെടേണ്ട ഒരു നേതാവ് എന്ന നിലയിലാണെങ്കിലും നേതൃത്വത്തിന്റെ ബാലപാഠം പോലും വശമില്ലാത്ത, വളരെ അപക്വമായ ഒരു പ്രതികരണ രീതിയാണ് വിജയ്‌യുടെ ഭാഗത്ത് നിന്നുണ്ടായത്.

മരിച്ചു വീണവരുടെ ബന്ധുക്കളെ സമാശ്വസിപ്പിക്കാനോ, പരിക്കേറ്റ അനുയായികളെ സന്ദര്‍ശിച്ച് ആരോഗ്യ സ്ഥിതി അന്വേഷിക്കാനോ പോലും നില്‍ക്കാതെ ചെന്നെയിലേക്കു മടങ്ങിയതിനെ കടുത്ത അമര്‍ശത്തോടെയാണ് ആരാധകരൊഴികെയുള്ള ആളുകള്‍ കാണുന്നത്.

ആള്‍ക്കൂട്ടം ഇങ്ങനെ പെരുമാറിയാല്‍ അദ്ദേഹം എന്ത് ചെയ്യും എന്ന ചോദ്യം ഉന്നയിക്കുന്ന ‘നിഷ്‌കളങ്കരായ’ ആരാധകരും കുറവല്ല. സംഭവത്തിനു പിന്നില്‍ ഡി.എം.കെയുടെയും പോലീസിന്റെയും ഗൂഢാലോചനയാണെന്ന വാട്‌സ്ആപ്പ്‌ സന്ദേശങ്ങളും ക്ലിപ്പിങ്ങുകളും വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുമുണ്ട്.

ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയം അരാജകത്വത്തിന്റേതാണ്. ഈ ആള്‍ക്കൂട്ടത്തെ രാഷ്ട്രീയവല്‍ക്കരിക്കുക എന്നത് വിജയ്‌യുടെ ഉദ്ദേശവുമല്ല. താരാരാധനയുടെ ബലത്തില്‍ അധികാരത്തിലെത്തുക. അതിനായി ഡി.എം.കെ – ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം പുതു തലമുറയുടെ ഭാഷയില്‍ അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ രീതി.

ഡി.എം.കെയ്ക്ക് ഏക ബദല്‍ താനാണെന്നു തടിച്ചു കൂടിയ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ടു വീമ്പുപറച്ചില്‍ ആവര്‍ത്തിക്കുക. മറ്റൊരു രാഷ്ട്രീയ നീക്കങ്ങളിലും തന്റെ പ്രാവീണ്യം വിജയ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല.

തിക്കിലും തിരക്കിലും പെട്ട് മരിച്ച 40 പേരുടെ ബന്ധുക്കള്‍ക്ക് 20 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു കൊണ്ടു ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറി നില്ക്കാന്‍ വിജയ്ക്ക് സാധിക്കില്ല. ഈ ദിവസങ്ങളില്‍ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങളിലൂടെ ഉണ്ടാക്കിയെടുന്ന പ്രതിച്ഛായയ്ക്കു വലിയൊരു ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

തമിഴന്‍, തലൈവ, കത്തി, മെര്‍സല്‍, സര്‍ക്കാര്‍ പോലുള്ള സിനിമകളില്‍ അഴിമതിക്കും അനീതിക്കും എതിരെയുള്ള ആഖ്യാനങ്ങളിലൂടെ സൃഷ്ടിച്ച നായക സാന്നിധ്യമാണ് വിജയ്യുടെ രാഷ്ട്രീയ മുടക്കു മുതല്‍. സിനിമയിലെ തീപാറുന്ന പഞ്ച് ഡയലോഗുകളുടെ അനുകരണങ്ങള്‍ കൂടിയാണ് പുതുതലമുറയില്‍പെട്ടവരെ ആകര്‍ഷിക്കുന്ന വിജയ്‌യുടെ പ്രസംഗങ്ങള്‍, പ്രത്യേകിച്ചും ഡി.എം.കെയുടെ കുടുംബ രാഷ്ട്രീയം, അഴിമതി ആരോപണങ്ങള്‍ പോലുള്ളവ ഉന്നയിക്കുന്ന സന്ദര്‍ഭങ്ങളില്‍.

കത്തിയിലെ വിജയ്‌

ശരീര ഭാഷയുടെ അതേ താളവും ആത്മവിശ്വാസവും സൂക്ഷ്മായ രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യങ്ങളില്‍ അത്ര പ്രകടവുമല്ല. പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും ഘടനയും ഏറെ പാകപ്പെടാനുണ്ട്. ടി.വി.കെയുടെ ജനസ്വാധീനത്തില്‍ വിറളി പൂണ്ട ഡി.എം.കെയും പോലീസും പങ്കാളികളായി ഒരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം ഉന്നയിച്ച് സംഭവത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമവും ടി.വി.കെ നടത്തുന്നുണ്ട്. ഇതിനായി നിയമ നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഡി.എം.കെ മന്ത്രിമാരുടെ ആശുപത്രി സാന്നിധ്യത്തിലും അവര്‍ സംശയം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ക്രമസമാധാന നിലയുടെ ചുമതലയുള്ള എ.ഡി.ജി.പി ഡേവിഡ്‌സണ്‍ ദേവസിര്‍വതം പറയുന്നത് ഇങ്ങനെ:ടി.വി.കെ ഹൗസ് റൌണ്ടാന എന്ന സ്ഥലത്ത് ഈ പരിപാടി നടത്താന്‍ അനുമതി അഭ്യര്‍ത്ഥിച്ചു. ഇടതുവശത്ത് പെട്രോള്‍ പമ്പും വലതുവശത്ത് അമരാവതി നദിക്കരയുമുള്ളതിനാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ഥലമായാണ് അവിടം കണക്കാക്കുന്നത്. അവിടെ അനുമതി നല്‍കുന്നത് ഉചിതമല്ലെന്ന് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു.

അവര്‍ മറ്റൊരു സ്ഥലം അഭ്യര്‍ത്ഥിച്ചു, അതും പരിശോധിച്ചു. വലിയൊരു ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ ആ സ്ഥലവും അപര്യാപ്തമാണെന്ന് അവരോട് പറഞ്ഞു. അതിനാല്‍, ഇത് ഒരു ബദലായി നിലനിര്‍ത്തിക്കൊണ്ട്, ഞങ്ങള്‍ ഇപ്പോള്‍ അനുമതി നല്‍കിയ സ്ഥലം നിര്‍ദ്ദേശിക്കുകയായിരുന്നു.

അടുത്തിടെ ഒരു രാഷ്ട്രീയ പാര്‍ട്ടി (ഡി.എം.കെ )12,000 മുതല്‍ 15,000 വരെ ആളുകളെ ഉള്‍ക്കൊള്ളിച്ച് അവിടെ ഒരു പരിപാടി സംഘടിപ്പിക്കുകയും അത് വളരെ സമാധാനപരമായി നടക്കുകയും ചെയ്തു. അതിനാല്‍, അവരും പോയി ആ സ്ഥലം കണ്ടു. ഒടുവില്‍ അവര്‍ സമ്മതിച്ചു. അവിടെ പരിപാടി നടത്താന്‍ അനുവദിക്കാമെന്ന് അവര്‍ ഞങ്ങള്‍ക്ക് രേഖാമൂലം നല്‍കി… അതൊരു ഇന്റലിജന്‍സ് പരാജയമായിരുന്നില്ല.’

എം.കെ. സ്റ്റാലിനും ഉദയനിധി സ്റ്റാലിനും

ഡി.എം.കെ ഉള്‍പ്പെടെയുള്ള പ്രബല രാഷ്ട്രീയ കക്ഷികള്‍ ഈ സമയം ടി.വി.കെയ്ക്ക് നേരെ വന്‍തോതിലുള്ള ആക്രമണം അഴിച്ചു വിടുന്നില്ലെങ്കിലും ജനങ്ങളുടെ ഇടയില്‍ വിജയ്ക്കെതിരെ വലിയ അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ്  അരുണ ജഗദീശന്റെ നേതൃത്വത്തില്‍ കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പാര്‍ട്ടി ഭാരവാഹികളായ ബുസ്സി ആനന്ദ്, നിര്‍മല്‍ കുമാര്‍, കരൂര്‍ ജില്ലാ സെക്രട്ടറി മതിയഴകാന് എന്നിവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇനിയുള്ള ദിവസങ്ങള്‍ വിജയ്ക്ക് നിര്‍ണ്ണായകമാണ്. ഒരു നേതാവെന്ന നിലയില്‍ പാര്‍ട്ടി ചെന്നെത്തിയിരിക്കുന്ന ഈ പ്രതിസന്ധയില്‍ നിന്ന് എങ്ങനെ കരകയറും എന്നത് വിജയ്‌യുടെ നേതൃശേഷിക്ക് തന്നെ വലിയൊരു വെല്ലുവിളിയുമാണ്.

content highlights: an article about vijay’s TVK Rally Tragedy

ടി. അനീഷ്

എഴുത്തുകാരന്‍, മാധ്യമ പ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more