| Friday, 1st August 2025, 7:33 am

ഇന്ന് ഏറെ നിര്‍ണായകം; കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മേല്‍ക്കോടതിയില്‍, ഇടപെടുന്നത് സഭാനേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി മേല്‍ക്കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും. സഭാനേതൃത്വമാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ ജാമ്യത്തെ എതിര്‍ക്കില്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ജാമ്യം ലഭിച്ചാല്‍ ഇന്നുതന്നെ കന്യാസ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരും അമ്രാ റാം ഉള്‍പ്പടെയുള്ള ഇടത് എം.പിമാരുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് സംസ്ഥാന സര്‍ക്കാര്‍ കന്യാസ്ത്രീകളുടെ ജാമ്യത്തെ എതിര്‍ക്കില്ലെന്ന് അമിത് ഷാ നിലപാട് അറിയിച്ചത്.

ബിലാസ്പൂരിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. കോടതി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ തന്നെ ജാമ്യാപേക്ഷ നല്‍കും.

എഫ്.ഐ.ആറില്‍ പൊലീസ് മനുഷ്യക്കടത്തും ഉള്‍പ്പെടുത്തിയതിനാല്‍ എന്‍.ഐ.എ കോടതിയെ സമീപിക്കാനാണ് ദുര്‍ഗ് സെഷന്‍സ് കോടതി നിര്‍ദേശിച്ചത്. എന്‍.ഐ.എ കോടതിയെ സമീപിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് വിലയിരുത്തിയ സഭാനേതൃത്വം ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെടുത്തത്.എന്നാല്‍ കേന്ദ്ര നിര്‍ദേശം കൂടി കണക്കിലെടുത്ത് ജാമ്യാപേക്ഷയ്ക്കായി എന്‍.ഐ.എ കോടതിയെ സമീപിക്കുകയായിരുന്നു.

മുന്‍ അഡിഷണല്‍ അഡ്വ. ജനറല്‍ അമൃതോ ദാസ് ആണ് കന്യാസ്ത്രീകള്‍ക്കായി ഹൈക്കോടതിയില്‍ ഹാജരാകുക. അഭിഭാഷകനുമായി റായ്പൂര്‍ അതിരൂപതാ നേതൃത്വം ചര്‍ച്ച നടത്തി.

സി.പി.ഐ.എം നേതാക്കളായ പി.കെ. ശ്രീമതി, സി.എസ്. സുജാത എന്നിവര്‍ ഇന്ന് ജയിലിലെത്തി കന്യാസ്ത്രീകളെ കാണും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും കോണ്‍ഗ്രസ് എം.എല്‍.എമാരായ റോജി എം. ജോണ്‍, സജീവ് ജോസഫ് എന്നിവരും ദുര്‍ഗില്‍ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡിലുണ്ട്.

കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ യു.ഡി.എഫ് എംപിമാര്‍ ഇന്ന് ദുര്‍ഗിലെത്തും. ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് നേതൃത്വം കന്യാസ്ത്രീകള്‍ക്കായി ഒന്നും ചെയ്യുന്നില്ല എന്ന വിമര്‍ശനമുയരുന്നതിനിടെയാണ് കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ ദുര്‍ഗിലേക്ക് വരുന്നത്.

കന്യാസ്ത്രീകള്‍ കഴിയുന്നദുര്‍ഗ് ജയിലില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭാഗേല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയെങ്കിലും അദ്ദേഹം കന്യാസ്ത്രീകളെ കാണാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ഭാഗേല്‍ ജയിലില്‍ എത്തിയതെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം കന്യാസ്ത്രീകളെ കണ്ടിരുന്നില്ല.

ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനാണ് താന്‍ വന്നത് എന്നായിരുന്നു പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ജയില്‍ സൂപ്രണ്ടുമായി ഭാഗേല്‍ സംസാരിച്ചതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്.

ജൂലൈ 26നാണ് നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം മൂന്ന് പെണ്‍കുട്ടികളുമുണ്ടായിരുന്നു.

ഈ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയാണെന്നും മതപരിവര്‍ത്തനത്തിന് വിധേയരാക്കുകയാണെന്നും ചൂണ്ടിക്കാണിച്ച് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.

Content Highlight: An application for bail for the Malayali nuns will be filed in the Chhattisgarh High Court today.

We use cookies to give you the best possible experience. Learn more