| Friday, 7th February 2025, 3:56 pm

യു.എസില്‍ പത്ത് പേരുമായി പുറപ്പെട്ട എയര്‍-ടാക്‌സി വിമാനം കാണാതായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസില്‍ 10 പേരുമായി പുറപ്പെട്ട ചെറുവിമാനം കാണാതായി. അലാസ്‌കയിലെ ഉനലക്ലീറ്റില്‍നിന്നാണ് വിമാനം പുറപ്പെട്ടത്. വിമാനത്തില്‍ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ചെറിയ ടര്‍ബോ പ്രോപ്പ് സെസ്‌ന വിഭാഗത്തില്‍പ്പെട്ട വിമാനമാണ് കാണാതായത്. നിലവില്‍ വിമാനം കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച ഉച്ചയോടെയാണ് വിമാനം അലാസ്‌കയില്‍ നിന്ന് പുറപ്പെട്ടത്. ടേക്ക് ഓഫ് ചെയ്ത് 38 മിനിട്ടുകള്‍ക്ക് ശേഷം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് വിമാനം കാണാതായത്.

ഉനലക്ലീറ്റില്‍ നിന്ന് നോമിലേക്കുള്ള യാത്രക്കിടെ ബെറിങ് എയര്‍ യാത്ര വിമാനമാണ് കാണാതായത്. സാധാരണയായി യാത്രക്ക് ഒരു മണിക്കൂറില്‍ താഴെ മാത്രം സമയമെടുക്കുന്ന റൂട്ടാണിതെന്ന് സുരക്ഷാ വകുപ്പ് അറിയിച്ചു. വിമാനവുമായുള്ള റേഡിയോ കമ്മ്യൂണിക്കേഷന്‍ നഷ്ടപ്പെട്ടതായും അധികൃതര്‍ പറഞ്ഞു.

വിമാനത്തിനായി കോസ്റ്റ് ഗാര്‍ഡ്, നാഷണല്‍ ഗാര്‍ഡ്, യു.എസ് വ്യോമസേന എന്നിവയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടക്കുന്നതായി നോം വളണ്ടിയര്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

നോമില്‍ ഏകദേശം 4,000ല്‍ താഴെ ആളുകള്‍ മാത്രമാണ് താമസിക്കുന്നത്. ഉനലക്ലീറ്റില്‍ ഏകദേശം 700 പേര്‍ മാത്രവും. മറ്റിടങ്ങളെ സംബന്ധിച്ച് അലാസ്‌കയില്‍ എയര്‍ ടാക്‌സി, വിമാനാപകടങ്ങളുടെ എണ്ണം കൂടുതലാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മഞ്ഞുമൂടിയ കാലാവസ്ഥയും പര്‍വതനിരകളും അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കുന്നുവെന്നാണ് നിഗമനം. യു.എസില്‍ അടുത്തിടെ ഒന്നിലധികം വിമാനാപകടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അലാസ്‌കയില്‍ നിന്നുള്ള വിമാനം കാണാതാകുന്നത്.

വാഷിങ്ടണ്‍ വിമാനത്താവളത്തിനടുത്ത് യാത്രാ വിമാനവും യു.എസ് ആര്‍മി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേര്‍ കൊല്ലപ്പെട്ടിരുന്നു. പൊട്ടൊമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മരണപ്പെട്ട 67 പേരെ തിരിച്ചറിയുകയും ചെയ്തിരുന്നു. പൊട്ടൊമാക് നദിയില്‍ നിന്ന് അപകടത്തില്‍പ്പെട്ട വിമാനം രണ്ട് കഷണങ്ങളായാണ് കണ്ടെത്തിയത്.

പിന്നാലെ ഫിലാഡല്‍ഫിയയില്‍ നിന്ന് ആറുപേരുമായി പറന്ന എയര്‍ ആംബുലസന്‍സും അപകടത്തില്‍ പെട്ടിരുന്നു. രണ്ട് പൈലറ്റുമാര്‍, രണ്ട് ഡോക്ടര്‍മാര്‍, ഒരു പീഡിയാട്രിക് രോഗിയും കുടുംബാംഗവുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം തകര്‍ന്നുവീണതിന് പിന്നാലെ പൊട്ടിത്തെറിയുണ്ടാവുകയും അത് തീപ്പിടുത്തത്തിലേക്ക് നയിക്കുകയുമായിരുന്നു. ജനവാസമേഖലയിലേക്കാണ് ചെറുവിമാനം തകര്‍ന്നുവീണത്.

Content Highlight: An air-taxi plane with 10 people on board has gone missing in the US

We use cookies to give you the best possible experience. Learn more