| Friday, 15th May 2026, 8:16 am

വില വർധിപ്പിച്ച് അമൂലും; ഒരു ലിറ്റർ പാലിന് രണ്ട് രൂപ കൂട്ടി

മുഹമ്മദ് നബീല്‍

ന്യൂദൽഹി: പാൽ വില വർധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോത്പാദകരായ അമുൽ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വില വർധനവ്.

അമുൽ ബ്രാൻഡിലുള്ള പാലും പാൽ ഉൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മെയ് 14 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഇന്ത്യയിലുടനീളമുള്ള അമുൽ പാലിന് ലിറ്ററിന് 2 രൂപ വർധിപ്പിച്ചതായി അറിയിച്ചു. ഇതിന് പിന്നാലെ പൊതുമേഖലാ സ്ഥാപനമായ മദർ ഡയറിയും പാലിന് 2 രൂപ വർധിപ്പിച്ചതായി അറിയിച്ചു.

അമുൽ ഇതിന് മുൻപ് വില വർധിപ്പിച്ചത് 2025 മെയ് 1 നായിരുന്നു. മദർ ഡയറി 2025 ഏപ്രിലിലും വില കൂട്ടിയിരുന്നു.

ഏപ്രിലിൽ നാലുശതമാനം ഭക്ഷ്യ പണപ്പെരുപ്പം സ്ഥിരീകരിച്ചതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് പാൽ വിതരണക്കാർ വില വർധിപ്പിച്ചത് ഭക്ഷ്യവസ്തുക്കളുടെയും വില വർധിക്കുന്നതിന് കരണമായേക്കം എന്നാണ് വിലയിരുത്തൽ.

പാലിന് വരുത്തിയ ഈ വിലവർവർധനവ് ലിറ്ററിന് ഏകദേശം 2.5 മുതൽ 3.5 ശതമാനം വരെ മാത്രമാണെന്നും ഇത് ശരാശരി ഭക്ഷ്യ പണപ്പെരുപ്പത്തേക്കാൾ കുറവാണെന്നും അമുൽ മാനേജ്‌മെന്റ്‌ അറിയിച്ചിട്ടുണ്ട്.

പാലിന്റെ ഉത്പാദനത്തിലും വിതരണത്തിലുമുള്ള ചെലവ് വർധിച്ചതാണ് ഈ വിലവർധനവിന് കാരണം. ഈ വർഷം കാലിത്തീറ്റ, പാൽ പാക്കേജിംഗ് ഫിലിം, ഇന്ധനം എന്നിവയുടെ വിലയിൽ ഗണ്യമായ വർദ്ധനവുണ്ടായിട്ടുണ്ട് എന്ന് അമുൽ പ്രസ്താവനയിൽ പറഞ്ഞു.

ഉപഭോക്താക്കൾക്കുമേലുള്ള ആഘാതം കുറയ്ക്കാൻ തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും കഴിഞ്ഞ ഒരു വർഷത്തിനിടെ കർഷകരിൽ നിന്നുള്ള പാൽ സംഭരണ ​​വിലയിൽ ഏകദേശം 6 ശതമാനം വർദ്ധനവുണ്ടായി. ഈ സാഹചര്യത്തിലാണ് വില പരിഷ്കരിക്കേണ്ടി വന്നതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച കേരളത്തിൽ മിൽമയും പാലിന് രണ്ടുരൂപ വർധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമുലിന്റെയും വർധനവ്.

Content Highlight: Amul hikes prices; increases milk price by Rs 2 per litre

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more