കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ വൈറലായി അമൂലിന്റെ ഓണാശംസയും ഓറ ഫാമിങ്ങും. കേരള തനിമയും സമൂഹ മാധ്യമങ്ങളിലെ വൈറല്‍ വീഡിയോയും കോര്‍ത്തിണക്കിക്കൊണ്ടാണ് അമൂലിന്റെ പുതിയ പരസ്യം. ‘Aurayiram Onashamsakal’ ആണ് അമൂൽ നേർന്നിരിക്കുന്നത്.
എക്കാലത്തും വൈവിധ്യമാര്‍ന്ന പരസ്യങ്ങളിലൂടെയും തീമുകളിലൂടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഇന്ത്യന്‍ ബ്രാന്‍ഡാണ് അമൂല്‍. ഈ ഓണത്തിനും അമൂല്‍ അത് ആവര്‍ത്തിക്കുകയാണ്. നിലവില്‍ അമൂലിന്റെ പരസ്യം നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.
അമൂലിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം ‘അമൂല്‍ പെണ്‍കുട്ടി’യാണ്. പലപ്പോഴും അമൂല്‍ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുമുണ്ട്. ചുവന്ന പുള്ളികളുള്ള കുട്ടിയുടുപ്പിട്ട് ബട്ടര്‍ നുണഞ്ഞിരിക്കുന്ന പെണ്‍കുട്ടി മലയാളികള്‍ക്കും സുപരിചിതയാണ്.
ഇത്തവണത്തെ അമൂലിന്റെ ഓണപരസ്യത്തില്‍ പട്ടുപാവാടയും മൂല്ലപ്പൂവുമണിഞ്ഞ അമൂല്‍ പെണ്‍കുട്ടിയെയാണ് കാണുന്നത്. ഒപ്പം വള്ളംകളിയും മാവേലിയും കായലുമെല്ലാമുണ്ട്. എന്നാല്‍ പരസ്യത്തിലെ ഏറ്റവും രസകരമായ ഘടകം അടുത്തിടെ വൈറലായ ഓറ ഫാമിങ്ങാണ്.
സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു പരമ്പരാഗത റേസിങ് ബോട്ടിന്റെ വില്ലില്‍ നിന്നുകൊണ്ട് അനായാസം നൃത്തം ചെയ്യുന്ന 11 വയസുള്ള ഇന്തോനേഷ്യന്‍ ബാലന്‍ റയ്യാന്‍ അര്‍ക്കാന്‍ ദിഖ ശ്രദ്ധ നേടിയിരുന്നു. റയ്യാന്റെ നൃത്തത്തിന് കേരളത്തില്‍ ഉള്‍പ്പെടെ വലിയ ജനപ്രീതിയാണ് ഉണ്ടായത്.
നടനും നാടന്‍പാട്ട് കലാകാരനുമായ കലാഭവന്‍ മണിയുടെ പാട്ടുകളോടൊപ്പം റയ്യാന്റെ എഡിറ്റ് ചെയ്ത വീഡിയോകള്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്. ഇതിനുപിന്നാലെയാണ് ‘ഓറ ഫാമിങ്’ എന്ന വാക്ക് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായത്. അനായാസമായും വളരെ കൂളായും ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അയാള്‍ക്ക് ചുറ്റും ഒരു പ്രഭാവലയം ഉണ്ടാകുന്നുവെന്നാണ് ഓറ ഫാമിങ് എന്ന വാക്കിലൂടെ അര്‍ത്ഥമാക്കുന്നത്.
കഴിഞ്ഞ കുറച്ച് കാലങ്ങളായി പുതിയ തലമുറയുടെ പ്രയോഗങ്ങളില്‍ ഉള്‍പ്പെട്ട ഓറ ഫാമിങ്ങിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചത് റയ്യാന്റെ വീഡിയോകളിലൂടെയാണ്. അതേസമയം റയ്യാന്‍ വൈറലായതോടെ അദ്ദേഹത്തെ ഇന്തോനേഷ്യയിലെ റിയാവു പ്രവിശ്യ ടൂറിസം അംബാസിഡറായി ഔദ്യോഗികമായി നാമനിര്‍ദേശം നടത്തിയിരുന്നു.
ഇപ്പോള്‍ ഈ ട്രെന്‍ഡിനെ കൂട്ടിപ്പിടിച്ചാണ് അമൂല്‍ കേരളയീര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നത്. റയ്യാന്റെ സ്ഥാനത്ത് അമൂല്‍ പെണ്‍കുട്ടിയാണ്. റയ്യാനെ പോലെ അമൂല്‍ പെണ്‍കുട്ടിയും വള്ളത്തിന്റെ വില്ലില്‍ നിന്നുകൊണ്ട് അനായാസം നൃത്തം ചെയ്യുന്നു.
വള്ളം തോഴയുന്നവരുടെ സ്ഥാനത്ത് ഇടംപിടിച്ചിരിക്കുന്നത് അമൂലിന്റെ വിവിധ പ്രോഡക്റ്റുകളാണ്. വള്ളത്തിന്റെ ഏറ്റവും പിന്നില്‍ ഊര്‍ജം നല്‍കുന്നതിനായി ഒരു മാവേലിയുമുണ്ട്. ‘ഈ ഓണം ഓണ്‍ ആവട്ടെ, ആഘോഷങ്ങളുടെ ഓറ കൂടട്ടെ’ എന്ന കുറിപ്പോട് കൂടിയാണ് ‘അമൂല്‍ കേരളം’ ഏറ്റവും പുതിയ ഓണപരസ്യം പങ്കുവെച്ചിരിക്കുന്നത്.
Content Highlight: Amul and Aura Faming trending in Onam 2025