| Thursday, 22nd May 2014, 8:35 pm

ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ അവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യൂത്ത് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]

കോഴിക്കോട്: കേരളത്തിലെ ടെക്‌സ്റ്റൈല്‍സ് തൊഴില്‍ മേഖലയിലെ  പരാതികളെ തുടര്‍ന്ന് സംസ്ഥാന യൂത്ത് കമ്മീഷന്‍ കോഴിക്കോട് തെളിവെടുപ്പ് നടത്തി. കോഴിക്കോട്ടെ പ്രമുഖ ടെക്‌സ്റ്റൈല്‍സ് ഷോപ്പുകളില്‍ കയറിയാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ 10.30ന് കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ (എ.എം.ടി.യു) ഭാരവാഹികള്‍, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരുമായി നടത്തിയ സിറ്റിങ്ങിനൊടുവിലാണ് തെളിവെടുപ്പ് നടത്തിയത്.

കോഴിക്കോട്ടെ പ്രമുഖ സ്ഥാപനങ്ങളായ സില്‍കി വെഡിങ്‌സ്, കണ്ണങ്കണ്ടി ടെക്‌സ്റ്റൈല്‍സ്, തോട്ടത്തില്‍ ടെക്‌സ്‌റ്റൈല്‍സ് എന്നീ ഷോപ്പുകളില്‍ കമ്മീഷന്‍ എത്തി തൊഴിലാളികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി പരാതികള്‍ സ്വീകരിച്ചു. “ടെക്‌സ്റ്റൈല്‍സ് ഷോപ്പുകളില്‍ അവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ഒഴിവുള്ള സമയങ്ങളില്‍ പോലും ജീവനക്കാര്‍ക്ക് ഇരിക്കാന്‍ അനുവാദം നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെട്ടിട്ടുണ്ട്. കോഴിക്കോട്ടെ പ്രമുഖ ടെക്‌സ്റ്റൈല്‍സ് ഷോപ്പില്‍ പരിശോധന നടത്തിയപ്പോള്‍ വീക്ക്‌ലി ഓഫ് തൊഴിലാളികള്‍ എടുക്കാന്‍ പാടില്ലെന്ന നോട്ടീസ് കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളിയൂണിയന്‍ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം ശരിയാണെന്ന് കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്.” എന്ന്  യുവജന കമ്മീഷന്‍ ചെയര്‍മാര്‍ ആര്‍. വി. രാജേഷ് പറഞ്ഞു.

സംസ്ഥാനത്തെ ടെക്‌സ്റ്റൈല്‍സ് മേഖലയിലെ അവകാശ ലംഘനങ്ങളെ മുന്‍നിര്‍ത്തി എ.എം.ടി.യുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മെയ് ഒന്നിന് കോഴിക്കോട് മിഠായിത്തെരുവില്‍ “ഇരിക്കല്‍ സമരം” നടത്തിയിരുന്നു. 10-11 മണിക്കൂറുകള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ ഒന്നിരിക്കാന്‍ പോലുമുള്ള അവകാശമില്ലാതെ നിന്നുകൊണ്ട് പണിയെടുക്കുകയാണെന്നും അതിന് ഒരു പരിഹാരം വേണമെന്നുമുള്ള ആവശ്യമാണ് ഇരിക്കല്‍ സമരത്തില്‍ ഉന്നയിക്കപ്പെട്ടത്. ഇത് വാര്‍ത്തകളില്‍ നിറയുകയും പൊതുജനങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഈ വാര്‍ത്തകള്‍ യുവജന കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കമ്മീഷന്‍ സിറ്റിങ്ങ് നടത്തിയത്.

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് 1960 എന്ന നിയമം പര്യാപ്തമല്ലെന്നും അതുകൊണ്ടാണ് തങ്ങള്‍ക്ക് ശരിയാം വിധത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്തതെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ കമ്മീഷന് മുമ്പാകെ വ്യക്തമാക്കി. മാത്രവുമല്ല ഷോപ്പുകളില്‍ പരിശോധനയ്ക്ക് പോയാല്‍ തൊഴിലാളികള്‍ കാര്യങ്ങള്‍ തുറന്നു പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നിയമത്തിന്റെ പരിമിതി നിലനില്‍ക്കുമ്പോള്‍ തന്നെ മുഖ്യമായ പ്രശ്‌നം ജില്ലാ ലേബര്‍ ഓഫീസറും ലേബര്‍ ഡിപ്പാര്‍ട്ടുമെന്റും നിലവിലെ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ പോലും ചെയ്യുന്നില്ലെന്നും പ്രസ്തുത ഡിപ്പാര്‍ട്ടുമെന്റ്‌ അനാസ്ഥകാണിക്കുന്നുവെന്നും ട്രേഡുയൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ലേബര്‍ ഓഫീസര്‍മാര്‍ ടെക്‌സ്റ്റൈല്‍സുകളില്‍ പോകാറില്ലെന്നും ഇനി പോയാല്‍ തന്നെ മുതലാളിമാരുടെ സാമിപ്യത്തിലാണ് തൊഴിലാളികളില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതെന്നും അതുകൊണ്ടാണ് തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ പറയാന്‍ കഴിയാത്തതെന്നും യൂണിയന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധം നിയമ ഭേദഗതി വേണമെന്നും യൂണിയന്‍ ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

“ഒട്ടനവധി തവണ പരാതികള്‍ ലേബര്‍ ഓഫീസിലേയ്ക്ക് പോയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും എടുത്തതായി കാണുന്നില്ല. തൊഴില്‍ നിയമം അനുശാസിക്കുന്ന യാതൊരു അവകാശങ്ങളും ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ നടപ്പാക്കുന്നില്ല. നിയമം മൂലം തൊഴിലാളികള്‍ക്ക് വിവിധ അവധികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെ മാസത്തില്‍ 2 അവധികള്‍ മാത്രമാണ് ലഭിക്കുന്നത്. തൊഴില്‍ സമയം 8 മണിക്കൂറും 2 മണിക്കൂര്‍ ഓവര്‍ടൈം ഉള്‍പ്പെടെ ആകെ 10 മണിക്കൂറില്‍ക്കൂടുതല്‍ തൊഴിലാളികളെ പണിചെയ്യിക്കരുതെന്നും നിയമം വ്യക്തമാക്കുമ്പോള്‍ ഈ മേഖലയില്‍ 11-12 മണിക്കൂര്‍ വരെ തൊഴിലാളികള്‍ നിര്‍ബന്ധിതമായി പണിയെടുക്കേണ്ടിവരുന്നു. അതും ഇത്രയും മണിക്കൂര്‍ ഒന്ന് ഇരിക്കാന്‍ പോലും അവര്‍ക്ക് അവകാശമില്ല. ഇതാണ് ഇവിടത്തെ അവസ്ഥ” എന്ന് എ.എം.ടി.യു സംസ്ഥാന സെക്രട്ടറി പി.വിജി പറഞ്ഞു.

തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. നിലവിലെ നിയമം ഭേദഗതി ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ കമ്മീഷന്‍ റിപ്പോര്‍ട്ട് ഈ ആഴ്ചതന്നെ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറ്റിങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കെ.എം. സുനില്‍, അസംഘടിത മേഖലാ തൊഴിലാളി യൂണിയന്‍ സംസ്ഥാന ഭാരവാഹികളായ പി. വിജി, കെ.പി. ലിജുകുമാര്‍, ഷഫീക്ക് എച്ച്. എന്നിവര്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more